ആയിശുമ്മയുടെ തണലില്‍ നിന്ന് സീത്തമ്മ യാത്രയായി
കുമ്പള (കാസര്‍കോട്): രോഗം തളര്‍ത്തിയ വേദനയുമായി ആയിശുമ്മയുടെ കരുതലിന്റെ തണലില്‍ നിന്ന് സീത്തമ്മ ഒടുവില്‍ യാത്രയായി. കൊടിയമ്മ പുണ്ടിക്കട്ടയിലെ തന്റെ ചെറുകുടിലില്‍ തനിച്ച് കഴിയുകയായിരുന്ന സീത്തമ്മയെന്ന എഴുപതുകാരി കഴിഞ്ഞദിവസം രാത്രി ഒന്നോടെയാണ് മരണമടഞ്ഞത്. ഉറ്റവര്‍ ആരുമില്ലാതിരുന്ന ഈ വൃദ്ധ അയല്‍വാസിയായ ആയിശുമ്മയുടെ കാരുണ്യത്തിലായിരുന്നു ജീവിതം തള്ളിനീക്കിയിരുന്നത്. മത സൗഹാര്‍ദത്തിന്റെ പുതുചരിത്രം രചിച്ച ആയിശുമ്മയുടെ സ്വന്തം സീത്തമ്മയെക്കുറിച്ച് ഒരുമാസം മുന്‍പ് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
അവിവാഹിതയായ സീത്തമ്മ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി കൊടിയമ്മ ഗവ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി വച്ച് കൊടുത്താണ് ജീവിതം തള്ളി നീക്കിയിരുന്നത്. ഇതിനിടയില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ടു തുടങ്ങിയതോടെ ജോലിചെയ്യാന്‍ പറ്റാതായി. ആരോരുമില്ലാതെ ജീവിതം ദുരിതത്തിലായ സീത്തമ്മയ്ക്ക് താങ്ങായി ഇതോടെയാണ് ആയിശുമ്മ എത്തുന്നത്.
കൂട്ടിനാരുമില്ലാതെ തന്റെ കുടിലില്‍ ഒറ്റപ്പെട്ട് കഴിയവെ പ്രഥമിക കര്‍മങ്ങള്‍ പോലും ചെയ്യാനാവാതെ പ്രയാസപ്പെട്ടിരുന്ന സീത്തമ്മക്ക് അയല്‍വാസിയായ ആയിശുമ്മയാണ് ഭക്ഷണം നല്‍കിയിരുന്നത്. നിത്യവും കുളിപ്പിക്കുകയും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ഈ സംഭവം വാര്‍ത്തയായതോടെ കുമ്പള പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ സീത്തമ്മയുടെ വീട്ടിലെത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓണാഘോഷ വേളയില്‍ കൊടിയമ്മ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സീത്തമ്മക്ക് ഓണ സദ്യയും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി സീത്തമ്മയുടെ മരണം മുതല്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതു വരെ സീത്തമ്മയുടെ അരികത്ത് ഉണ്ടായിരുന്നതും ആയിശുമ്മ മാത്രമാണ്. സീത്തമ്മ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്താണ് ഇവരെ അടക്കം ചെയ്തത്. സീത്തമ്മയുടെ അന്ത്യ കര്‍മങ്ങള്‍ക്കു വേണ്ട ഒരുക്കങ്ങളും മറ്റും നടത്തിയത് കൊടിയമ്മ ജമാഅത്ത് പ്രസിഡന്റ് മൂസാ പള്ളത്തിമാറും ആയിശുമ്മയുടെ മകന്‍ അബ്ദുല്‍ ഖാദറും അടക്കമുള്ള അയല്‍വാസികളാണ്. കൊടിയമ്മ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അബ്ബാസലി, ഇബ്രാഹീം ഹാജി, മുന്‍ പഞ്ചായത്തംഗം പി.എം.നസീമ, കുഞ്ഞണ്ണ, ഗോപാലഷെട്ടി എന്നിവര്‍ നേതൃത്വം നല്‍കി. സീത്തമ്മയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കൊടിയമ്മ ഗവ. ഹൈസ്‌കൂള്‍ അധ്യാപകരായ രാജു, മുഹമ്മദലി എന്നിവരും സ്‌കൂള്‍ വിദ്യാര്‍ഥികളും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."