കെ.എസ്.ആര്‍.ടി.സിയില്‍ മന്ത്രിയുടെ ഓഫിസിന്റെ അധിക നിയമനമെന്ന് ആക്ഷേപം
തിരുവനന്തപുരം: കടക്കെണിയില്‍ നിന്നും രക്ഷനേടാന്‍ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുന്ന കെ.എസ്.ആര്‍.ടി.സിയില്‍ ഒരേ തസ്തികയില്‍ മൂന്നുപേര്‍. മന്ത്രിയുടെ ഓഫിസില്‍ നിന്നും നേരിട്ടുള്ള നിയമനത്തോടെ ചീഫ് ലോ ഓഫിസര്‍ സ്ഥാനത്തേക്കാണ് മൂന്നുപേരെത്തിയത്.
നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി.എം ചാക്കോയെയാണ് കഴിഞ്ഞദിവസം ചീഫ് ലോ ഓഫിസറായി നിയമിച്ചത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ട്രെയിനിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി. ഷിബുകുമാറാണു ചീഫ് ലോ ഓഫിസര്‍.
ഷിബുകുമാറിനു മറ്റൊരു ചുമതല നല്‍കിയപ്പോള്‍ എസ്.രാധാകൃഷ്ണന്‍ എന്നയാള്‍ക്ക് ലോ ഓഫിസറുടെ അധികചുമതല കൊടുത്തു.
നിലവില്‍ മൂന്നു പേര്‍ക്കാണ് കെ.എസ്.ആര്‍.ടി.സി ലോ ഓഫിസറുടെ ശമ്പളം നല്‍കേണ്ടിവരുന്നത്. ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെടാതെയാണ് പുതിയ ലോ ഓഫിസറുടെ നിയമനം.
സ്ഥാനത്ത് യോഗ്യരായവരുള്ളപ്പോഴും ബോര്‍ഡ് ആവശ്യപ്പെടാതെയും പുറത്തുനിന്നു നിയമനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
ഈ ഉത്തരവിന്റെ ലംഘനംകൂടിയാണ് പുതിയ ലോ സെക്രട്ടറിയുടെ നിയമം. നേരത്തെ ചുമതലയേല്‍ക്കാതിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഉള്‍പ്പടെയുള്ളവര്‍ ഡപ്യൂട്ടേഷനില്‍ എത്തുന്നതോടെ കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക ബാധ്യത കൂടും.
എം.ഡി സ്ഥാനത്തുനിന്നും എം.ജി രാജമാണിക്യത്തെ മാറ്റുകയും പുതിയ എം.ഡിയായി എ. ഹേമചന്ദ്രന്‍ ചുമതലയേറ്റെടുക്കുന്നതിനും ഇടയില്‍ സ്വന്തം ആളുകളെ പരമാവധി തിരുകിക്കയറ്റാനുള്ള ഗതാഗതമന്ത്രിയുടെ ഓഫിസിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."