സോളാര്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയെ കാണില്ല; കത്തുനല്‍കും
തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കും. മുഖ്യമന്ത്രിയെ നേരിട്ടു കാണാതെ കത്തിലൂടെയാണ് ആവശ്യം ഉന്നയിക്കുക.
വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്കാന് കഴിയില്ലെന്ന് മന്ത്രി എ.കെ. ബാലന് നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം നിയമസഭയില്‍ സമര്‍പ്പിക്കുന്നതുവരെ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുപോകരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ ഓഫിസിലാണ് കമ്മിഷന് റിപ്പോര്‍ട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരുകാരണവശാലും റിപ്പോര്‍ട്ട് പുറത്തുപോകരുതെന്ന വാശിയിലാണ് സര്‍ക്കാര്‍.
നിയമസഭ അവസാനമായി സമ്മേളിച്ചത് ഓഗസ്റ്റ് മാസത്തിലാണ്. ആറുമാസത്തിനിടയില്‍ നിയമസഭ ചേരേണ്ടതുള്ളതിനാല് നവംബറില്‍ സഭ സമ്മേളിക്കുമെന്നാണ് സൂചന.
അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനു മുന്‍പ് കുറ്റാരോപിതര്‍ക്കെതിരേ കേസന്വേഷണത്തിന് ഉത്തരവിട്ടതില്‍ നിയമപരമായി തെറ്റില്ലെന്നു നിയമവിദഗ്ധര്‍ പറയുന്നു. അന്വേഷണ കമ്മിഷന് നിയമത്തിലെ 3(4) വകുപ്പനുസരിച്ച് കമ്മിഷന് റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും ആറുമാസത്തിനകം നിയമസഭയില്‍ വയ്ക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."