വാഹനാപകട കേസില്‍ ജയിലിലായ മലയാളിക്ക് രാജ കാരുണ്യത്തില്‍ മോചനം
ദമാം: വാഹനാപകട കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ഒടുവില്‍ രാജ കാരുണ്യത്താല്‍ പുറത്തിറങ്ങി. രണ്ടര ലക്ഷം റിയാല്‍ പിഴയായി നല്‍കണമെന്ന കോടതി വിധിയില്‍ അത് സമാഹരിക്കാന്‍ കഴിയാതെ ജയില്‍വാസം അനുഭവിക്കുമ്പോഴാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരീഷ് കുമാറിന് (46) രാജ കാരുണ്യം ആശ്വാസമായത്. കോടതി വിധിച്ച രണ്ടര ലക്ഷം റിയാല്‍ ഖജനാവില്‍ നിന്നും അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗിരീഷ് ജയില്‍ നിന്നും പുറത്തിറങ്ങി.
2012 നവംബറില്‍ കിഴക്കന്‍ സഊദിയിലെ നാരിയ ഹൈവേയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം. രാത്രി ജോലി കഴിഞ്ഞു റൂമിലേക്ക് മടങ്ങുമ്പോള്‍ ടിപ്പര്‍ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി റിപ്പയറെ കത്ത് നില്‍ക്കുന്നതിനിടയില്‍ അമിത വേഗതയില്‍ എത്തിയ സ്വദേശിയുടെ പിക്കപ്പ് വാന്‍ ടിപ്പറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം.
അപകടത്തില്‍ പിക്കപ്പ് വാനിലുണ്ടായിരുന്ന സ്വദേശി യുവതി തല്‍ക്ഷണം മരിക്കുകയും പിക്കപ്പ് ഓടിച്ചിരുന്ന സഹോദരന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ ഗിരീഷ് സ്‌പോണ്‍സറുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ടിപ്പര്‍ ഓടിച്ചിരുന്നത്. ജയിലിലായ ഗിരീഷിനെ സ്‌പോണ്‍സറുടെ ജാമ്യത്തില്‍ രണ്ടു വര്‍ഷത്തോളം പുറത്ത് വിട്ടെങ്കിലും വിചാരണ പൂര്‍ത്തിയായതോടെ വീണ്ടും ജയിലിലാകുകയായിരുന്നു. തുടര്‍ന്ന് ജുബൈലിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ കൂട്ടായ്മ രൂപീകരിച്ച് മോചനത്തിനായി രംഗത്തിറങ്ങി.
എന്നാല്‍, ഗിരീഷ് നിരപരാധിയാണെന്ന് ബോധ്യപ്പെട്ട കോടതി വിവരം രാജ സമക്ഷത്തിലേക്ക് വിടുകയുമായിരുന്നു. തുടര്‍ന്നാണ് മോചന ദ്രവ്യം നല്‍കാന്‍ രാജാവിന്റെ ഉത്തരവുണ്ടായത്. എന്നാല്‍, പണം നല്‍കാതെ മാപ് നല്കാനാവില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നിന്നെങ്കിലും കോടതി നടപടികള്‍ക്കെത്തിയ സ്വദേശിയുടെ ജാമ്യത്തില്‍ ഗിരീഷിനെ പുറത്തിറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."