ജ്യേഷ്ഠനെ തിരുത്തി അനുജന്റെ റെക്കോര്‍ഡ്
പാല: പരുക്കിനെ വകവെയ്ക്കാതെ ജ്യേഷ്ഠന്റെ ലോങ് ജംപില്‍ റെക്കോര്‍ഡ് തകര്‍ത്ത് അനുജന്റെ പ്രകടനം. പിറവം മണീട് സ്കൂളിലെ കെ.എം ശ്രീകാന്ത് ആണ് ചേട്ടന് ശ്രീനാഥിന്റെ മീറ്റ് റെക്കോര്‍ഡ് മറികടന്ന് പറന്നിറങ്ങിയത്. 7.05 മീറ്റര്‍ ദൂരം കീഴടക്കിയാണ് ശ്രീകാന്ത് സ്വര്‍ണം സ്വന്തമാക്കിയത്. 2015 ല്‍ ശ്രീനാഥ് സ്ഥാപിച്ച 6.97 സെക്കന്‍ഡ് മീറ്റ് റെക്കോര്‍ഡാണ് അനുജന് ശ്രീകാന്തിന് മുന്നില്‍ വഴിമാറിയത്. വെള്ളി നേടിയ കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂളിലെ ആകാശ് എം വര്‍ഗീസ് 7.03 മീറ്റര്‍ ചാടി മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. 6.72 മീറ്റര്‍ ചാടിയ ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ ടി.ജെ ജോസഫിനാണ് വെങ്കലം.
മാര്‍ ബേസില്‍ സ്കൂളിലെ താരമായിരുന്ന ശ്രീകാന്ത് ഈ അധ്യയന വര്‍ഷമാണ് ശ്രീനാഥിനൊപ്പം മണീട് സ്കൂളിലേക്ക് കളം മാറ്റിയത്. പരിശീലകന് ചാള്‍സ് ഇടപ്പാട്ട് മണീടിലേക്ക് മാറിയപ്പോള്‍ മാര്‍ ബേസില്‍ വിട്ട 14 പ്രമുഖ താരങ്ങളില്‍ ഇരുവരും ഉള്‍പ്പെട്ടു. എറണാകുളം റവന്യു ജില്ലാ മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായാണ് പാലായിലേക്ക് ശ്രീകാന്ത് എത്തിയത്. ട്രിപിള്‍ ജംപിലും ഹൈ ജംപിലും പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീകാന്തിന് ഇനി മത്സരങ്ങളുണ്ട്.
2016 ല്‍ സംസ്ഥാന മീറ്റില്‍ ഹൈ ജംപില്‍ സ്വര്‍ണവും ലോങ് ജംപില്‍ വെള്ളിയും ശ്രീകാന്ത് നേടിയിരുന്നു. സഹോദരന് ശ്രീനാഥ് സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ 2016 ലെ സംസ്ഥാന സ്കൂള്‍ കായിക മേളയിലെ റെക്കോര്‍ഡ് ജേതാവാണ്. ചങ്ങനാശ്ശേരി തെങ്ങണ കാലായിപറമ്പില്‍ മനോജ്, ശ്രീലേഖ ദമ്പതികളുടെ പുത്രന്മാരാണ് ശ്രീകാന്തും ശ്രീനാഥും. ആശാരിപ്പണിക്കാരനായ മനോജ് കൊച്ചിന് നമ്പര്‍ വണ്‍ മിമിക്രി ട്രൂപ്പിലെ കലാകാരന് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."