20 ഭീകര സംഘടനകള്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുക്കണം: യു.എസ്
ഇസ്‌ലാമാബാദ്: 20 ഭീകര സംഘടനകള്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുക്കണമെന്ന് യു.എസ്. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനകളുടെ പേരുകള്‍ യു.എസ് കൈമാറിയിട്ടുണ്ട്.
ഇന്ത്യക്കെതിരേയും അഫ്ഗാനെതിരേയും പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഇവ. പാകിസ്താന്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് യു.എസ് നീക്കം.
ഹാഖാനി നെറ്റ്‌വര്‍ക്കാണ് കൈമാറിയ പട്ടികയില്‍ ഒന്നാമതുള്ളത്. പാകിസ്താനിലെ വടക്കു പടിഞ്ഞാറ് ഗോത്ര പ്രദേശങ്ങളിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നതെന്നും അഫ്ഗാന്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന വിഭാഗമാണിതെന്നും യു.എസ് പറഞ്ഞു. മൂന്നുതരം ഭീകര സംഘടനകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ അക്രണം നടത്തുന്നവര്‍, പാകിസ്താനില്‍ അക്രമണം നടത്തുന്നവര്‍, കശ്മിര്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നവര്‍ എന്നിങ്ങനെയാണ് സംഘടനകളെ വേര്‍തിരിച്ചിരിക്കുന്നതെന്ന് പാകിസ്താന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ ലക്ഷ്യമാക്കി ഭീകരപ്രവര്‍ത്തനം നടത്തുന്ന ഹര്‍കത്തുല്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ എന്നീ സംഘടനകളുടെ പേരും പട്ടികയിലുണ്ട്. ഹര്‍കത്തുല്‍ മുജാഹിദീന് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നും യു.എസ് പറഞ്ഞു.
ലഷ്‌കറെ ത്വയ്ബയെയാണ് ദക്ഷിണേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയായി വിലയിരുത്തിയിരിക്കുന്നത്. 2001ല്‍ നടന്ന ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രണം,
2008ലെ മുംബൈ ഭീകരാക്രമണം എന്നിവ ആസൂത്രണം ചെയ്തത് ലഷ്‌കറെ ത്വയ്ബയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."