സമാന്തര സര്‍വിസുകള്‍ നിരോധിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി കട്ടപ്പുറത്താകും
വെള്ളറട: കെ.എസ്.ആര്‍.ടി.സിക്ക് കടുത്ത ഭീഷണിയായി മാറുന്ന സമാന്തര സര്‍വിസുകളെ അടിയന്തരമായി നിരോധിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടേണ്ടിവരുമെന്നു വിദഗ്ധര്‍. തിരുവനന്തപുരം ജില്ലയിലാണ് സമാന്തര സര്‍വിസുകള്‍ ശാപമായി വളര്‍ന്നത്.
ബസിന്റെ നാലിരട്ടി സമാന്തര വാഹനങ്ങള്‍ ജില്ലയിലൂടെ തലങ്ങും വിലങ്ങും ആളുകളെ കുത്തിനിറച്ച് ഓടുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പും സര്‍ക്കാരും നോക്കുകുത്തിയാകുന്നു. തിരുവനന്തപുരം നഗരം ഒഴികെ എല്ലാ റോഡുകളും കൈയടക്കിയിരിക്കുന്നത് സമാന്തര ബസുകളാണ്.തിരക്കുള്ള റൂട്ടില്‍ ഒരു ബസിന് മൂന്നു സമാന്തര വാനുകള്‍ എന്ന നിലപാടാണ് നടപ്പായി കാണുന്നത്. പരമാവധി ടിക്കറ്റ് യാത്രികരെ കയറ്റുക എന്ന തന്ത്രമാണ് പിന്നില്‍. കണ്‍സഷന്‍ യാത്രികരും കുറച്ചു ടിക്കറ്റ് യാത്രക്കാരുമാണ് ബസിന് ലഭിക്കുന്നത്. സമാന്തര വാഹനങ്ങളില്‍ കയറാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുക, ബസില്ല തുടങ്ങിയ തന്ത്രങ്ങളും വ്യാപകമായി നടത്തുന്നുണ്ട്.
ബസിനേക്കാള്‍ കൂടുതല്‍ ചാര്‍ജ് വാങ്ങുന്ന സമാന്തര സര്‍വിസുകള്‍ക്കെതിരേ പരാതികള്‍ ഏറെ ഉയരുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ലഭിക്കേണ്ടതായ 60 ശതമാനം കളക്ഷനും സ്വന്തമാക്കുന്നത് സമാന്തര സര്‍വിസുകളാണ്. ബസില്‍ പരമാവധി കളക്ഷന്‍ കുറച്ചാല്‍ നഷ്ടത്തിന്റെ പേരില്‍ ട്രാന്‍സ്‌പോര്‍ട്ട് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. ലാഭം ഇരട്ടിയാകുമെന്ന നിഗൂഢതന്ത്രവും ഇതിനു പിന്നിലുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് മിനിമം നിരക്ക് 100 രൂപയാക്കിയാലും സമാന്തര സര്‍വിസുകള്‍ നിരോധിക്കാത്തിടത്തോളം രക്ഷയില്ല. വര്‍ധനയുടെ ഭൂരിഭാഗവും സമാന്തര സര്‍വിസുകളാണ് സ്വന്തമാക്കുന്നത്.
അംഗീകാരമില്ലാതെ ഓടുന്ന വാഹനങ്ങളില്‍ നിന്നും സര്‍ക്കാരിന് കാര്യമായ നികുതിയും ലഭിക്കാറില്ല. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുള്ളതിനാല്‍ അര്‍ഹിക്കുന്ന നികുതിയും ലഭിക്കും. കേരളത്തിലെ ഏക ദേശസാല്‍കൃത ജില്ലയാണ് തിരുവനന്തപുരം. എല്ലാ ഡിപ്പോകളിലും ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ റൂട്ടുകള്‍ തുറക്കുകയും തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വിസ് നടത്തുകയും ചെയ്താല്‍ വരുമാനം വര്‍ധിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."