തളരാത്ത മനസുമായി അവര്‍ തുടങ്ങി
തിരുവനന്തപുരം: ഇരുപതാമത് സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം. ഇന്നലെ രാവിലെ പതിനൊന്നിന് മണക്കാട് ഗേള്‍സ് സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
പരിഷ്‌കരിച്ച കലോത്സവ മാന്വല്‍ അനുസരിച്ച്, സാംസ്‌കാരിക ഘോഷയാത്ര ഒഴിവാക്കിയുള്ള ആദ്യ കലോത്സവമാണ് ഇത്. സാംസ്‌കാരിക ഘോഷയാത്രക്കു പകരം സ്‌കൂള്‍ അങ്കണത്തില്‍ സാംസ്‌കാരിക സംഗമം നടത്തി. പഠനത്തോടൊപ്പം സര്‍ഗ്ഗവാസനകള്‍ കൂടി വളര്‍ത്തപ്പെടുമ്പോഴാണ് വിദ്യാഭ്യാസം സമഗ്രമാകുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വ്യത്യസ്തമേഖലകളില്‍ മികച്ച കഴിവുകളുള്ള ഭിന്നശേഷികുട്ടികള്‍ക്ക് നല്ല പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ മനസിലെ കഴിവുകള്‍ പ്രകടിപ്പിക്കാനാകൂ.
കലോത്സവങ്ങള്‍ ലളിതമാക്കി സര്‍ഗവാസനകള്‍ വളര്‍ത്താനുള്ള വേദികളായി മാറണം. ലാളിത്യമുള്ള സംഘാടനമാണ് കലോത്സവങ്ങള്‍ക്ക് വേണ്ടത്.അതിന്റെ ആദ്യപടിയായാണ് മാന്വല്‍ പരിഷ്‌കരിച്ച് ഘോഷയാത്രകള്‍ ഒഴിവാക്കിയത്. തൃശൂരില്‍ നടക്കാന്‍പോകുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം അതിനുള്ള ഉദാഹരണമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനായി. ഡി.കെ. മുരളി എം.എല്‍.എ, എസ്.എസ്.എ സ്‌റ്റേറ്റ് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, നഗര സഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് .ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ ആര്‍. മിനി, എം. മണികണ്ഠന്‍, അജിത്ത് കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. പി.പി. പ്രകാശന്‍, ജനറല്‍ കണ്‍വീനര്‍ പി.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.പൊതുവിദ്യാസഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകഉയര്‍ത്തി. സംസ്ഥാനത്തെ 44 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്നും പൊതു വിദ്യാലയങ്ങളില്‍നിന്നുമായി 1500 വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്നുണ്ട്. 90 മത്സര ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലോത്സവം 11ന് സമാപിക്കും. മത്സരങ്ങളിലെ മികവും സംഘാടനത്തിലെ പിഴവുമായി സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിലെ ആദ്യദിനം. പരിമിതികളെ അപ്രസക്തമാക്കി കാണികളുടെ ഹൃദയം കവര്‍ന്ന പ്രകടനങ്ങളുമായി മിടുക്കന്മാരും മിടുക്കികളും മുന്നേറിയപ്പോള്‍, സമയക്രമത്തിലുള്‍പ്പടെ കൃത്യത പാലിക്കാതെ സംഘാടകര്‍ പിന്നോട്ടു പോയി.
ഭിന്നശേഷി കുട്ടികളെ കടുത്ത മാനസിക സമ്മര്‍ദങ്ങളിലേക്ക് തള്ളിവിടും വിധമായിരുന്നു കലോത്സവ വേദിയിലെ കാര്യങ്ങള്‍. നൃത്തയിനങ്ങള്‍ക്ക് മണിക്കൂറുകള്‍ വേഷം കെട്ടി കാത്തിരിക്കേണ്ട ഗതികേടിലായിരുന്നു കുട്ടികള്‍. ഓരോ നൃത്തയിനത്തിനും പ്രത്യേകം വേദികള്‍ തയാറാക്കി കുട്ടികള്‍ കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കുമെന്ന് നേരത്തെ സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
രാവിലെ പത്തോടെ പരിപാടി തുടങ്ങുമെന്ന് അറിയിച്ചതനുസരിച്ച് ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തിന് വേഷം കെട്ടി കാത്തിരുന്ന കുട്ടിക്ക് വേദി ലഭിച്ചത് ഉച്ചക്ക് രണ്ടരക്ക്.
സാധാരണ കലോത്സവങ്ങളുടെ അതേ ലാഘവത്തില്‍ സ്‌പെഷല്‍ കലോത്സവത്തെയും സമീപിച്ച സംഘാടകര്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മണിക്കൂറുകള്‍ കാത്തിരുന്ന കുട്ടി മത്സരം കഴിഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടിരുന്നു.
ഏറെ നേരം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടി പിന്നീട് മാതാവിന്റെയും അധ്യാപകരുടെയും പരിചരണത്തെ തുടര്‍ന്നാണ് ശാന്തനായത്. വിവിധ സ്‌കൂളുകളിലെ മത്സരാര്‍ഥികള്‍ക്കായി മെയ്ക്കപ്പ് റൂം അനുവദിക്കുന്നതിലും വീഴ്ച്ചയുണ്ടായതായി പരാതിയുണ്ട്.
ചിത്രം: എസ്. ശ്രീകാന്ത്[/caption]
ചുവടുകള്‍ കൊണ്ട് ഹൃദയം നിറച്ച് ഒപ്പന
കേള്‍വി വൈകല്യമുള്ള കുട്ടികളുടെ ഒപ്പന മത്സരം കാണികളുടെ കണ്ണും ഹൃദയവും നിറച്ചു. നിശബ്ദതയുടെ ലോകത്തും താളത്തെ നെഞ്ചിലേറ്റാന്‍ കഴിയുമെന്ന് ഈ പ്രതിഭകള്‍ തെളിയിക്കുകയായിരുന്നു. മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ക്കൊത്ത് കഠിന പരിശീലനത്തിലൂടെ നേടിയെടുത്ത താളബോധത്തില്‍ അവര്‍ നിറഞ്ഞാടി. താഴെ വേദിയില്‍, താളത്തിനൊത്ത് കൈകൊട്ടി അവരുടെ പ്രിയപ്പെട്ട അധ്യാപകര്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. സാധാരണ കുട്ടികള്‍ക്കൊപ്പം ചിലപ്പോഴൊക്കെ അതിനേക്കാള്‍ മികവിലായിരുന്നു അവരുടെ പ്രകടനം. വിധികര്‍ത്താക്കളും അത് സാക്ഷ്യപ്പെടുത്തി. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ മലപ്പുറം പരപ്പനങ്ങാടി സ്‌കൂള്‍ ഫോര്‍ ദെ ഡെഫിലെ വിദ്യാര്‍ഥികള്‍ ഒന്നാമതെത്തി. കോഴിക്കോട് റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപിഡിനാണ് രണ്ടാം സ്ഥാനം.
ഭക്ഷണം കഴിക്കണോ; പൊരിവെയിലില്‍ വരി നില്‍ക്കണം
ഭക്ഷണത്തിന് കുട്ടികള്‍ വരി നില്‍ക്കുന്നത് കലോത്സവ വേദിയില്‍ ഒട്ടും പുതുമയല്ലാത്ത കാഴ്ച്ചയാണ്. പക്ഷേ, ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍. മാനസിക വെല്ലുവിളി നേരിടുന്നവരും ബധിരരുമൊക്കെയായ കുട്ടികള്‍ പൊരിവെയിലത്താണ് ഇന്നലെ ഭക്ഷണത്തിനായി വരി നിന്നത്. അതും ഒരു മണിക്കൂറോളം. വരിയില്‍ നിന്ന് കുട്ടികളില്‍ അധികം പേരും ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഈ കുട്ടികള്‍ക്ക് വരി നില്‍ക്കാതെ ഭക്ഷണം വിതരണം ചെയ്യുന്നതിന് സ്‌കൂളില്‍ തന്നെ സൗകര്യം ഒരുക്കാന്‍ കഴിയുമായിരുന്നുവെന്ന് രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിഗുരുതരമായ അനാസ്ഥയാണ് അക്കാര്യത്തില്‍ സംഘാടകര്‍ കാണിച്ചത്. അതിനിടെ കൂപ്പണ്‍ കൈമോശം വന്നതിന് ചില കുട്ടികള്‍ക്ക് ഭക്ഷണം നിഷേധിക്കുകയും ചെയ്തു.
സുരക്ഷയുടെ കാര്യം പറയണ്ട
ഇന്നലെ ഉച്ചയോടെ കലോത്സവം നടക്കുന്ന മണക്കാട് ഗേള്‍സ് സ്‌കൂളിനുള്ളിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി ഒരു ടെമ്പോയെത്തി. വാഹനത്തിനു മുന്നില്‍ കുട്ടികളുടെ കൂട്ടം. ഡ്രൈവര്‍ തുരുതുരാ ഹോണ്‍ മുഴക്കുന്നു. കുട്ടികള്‍ മാറുന്നില്ല.
കേള്‍വി ശക്തി നഷ്ടപ്പെട്ട കുട്ടികള്‍ ഹോണ്‍ എങ്ങനെയാണ് കേള്‍ക്കുക.
ഓടിയെത്തിയ അധ്യാപകര്‍ പിടിച്ചു മാറ്റിയപ്പോഴാണ് തങ്ങള്‍ക്കു പുറകില്‍ ഒരു ടെമ്പോയുണ്ടായിരുന്ന വിവരം അവര്‍ അറിഞ്ഞത്. കൂടുതല്‍ സുരക്ഷ ആവശ്യമുള്ള വേദിയാണെങ്കിലും പ്രാഥമിക സുരക്ഷാ സംവിധാനങ്ങളില്‍ പോലും പിഴവുകളാണ് ഉണ്ടായത്.
ഗേറ്റിനു മുന്നില്‍ ഒന്നു രണ്ടു പൊലിസുകാര്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്നതാണ് സ്ഥിതി.
ഉച്ചക്ക് ശേഷം പുറത്തു നിന്നെത്തിയ ചില പൂവാലന്മാരും സ്‌കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റുഡന്‍സ് പൊലിസ് കേഡറ്റുകളും തമ്മില്‍ വാക്കേറ്റമുണ്ടായി. അധ്യാപകരാണ് ഇടപെട്ടത്. പൊലിസുകാര്‍ സംഭവം അറിഞ്ഞത് പോലുമില്ല.
ഹാട്രിക് ശ്രീരാഗ്
തിരുവനന്തപുരം: കേള്‍വി വൈകല്യമുള്ളവരുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ട് മത്സരത്തില്‍ കാസര്‍കോഡ് ചെര്‍ക്കള മാര്‍ത്തോമ എച്ച്.എസ്.എസ് ഫോര്‍ ദി ഡെഫിലെ കെ.ജെ ശ്രീരാഗിന് ഒന്നാം സ്ഥാനം. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ശ്രീരാഗ് മോണോആക്ടില്‍ ഒന്നാമതെത്തുന്നത്. പരിമിതിയെ മറികടന്ന് ഏറ്റവും പുതുമയുള്ള വിഷയമായിരുന്നു ശ്രീരാഗ് അവതരിപ്പിച്ചത്. ബ്ലൂ വെയില്‍ ഗെയിമിന്റെ വിപത്തുകള്‍. നിറഞ്ഞ കൈയടിയോടെ ശ്രീരാഗിന്റെ പ്രകടനം കാണികള്‍ ഏറ്റെടുത്തു. കാസര്‍കോഡുള്ള കമലാക്ഷന്‍, ജയന്തി ദമ്പതികളുടെ മകനാണ്. സ്‌കിറ്റ്, ബാന്‍ഡ് മേളം മത്സരങ്ങളിലും ശ്രീരാഗ് പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."