സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം
കണ്ണൂര്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക അന്വേഷണ വിഭാഗം രൂപീകരണം സര്‍ക്കാര്‍ പരിഗണനയില്‍. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിവിഷന്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഇതുസംബന്ധിച്ചുള്ള പദ്ധതി പൊലിസ് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് സംസ്ഥാനം സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ്. സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനുകള്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവ ഒരു കുടക്കീഴില്‍ എത്തിക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം, മികച്ച സൈബര്‍ ഫോറന്‍സിക് ടൂളുകള്‍ എന്നിവ ഏര്‍പ്പെടുത്തും. നിശ്ചിത കാലയളവില്‍ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പദ്ധതികള്‍ നടപ്പാക്കും. സര്‍ക്കിള്‍ തലത്തില്‍ ക്രൈം സൈബര്‍ കുറ്റകൃത്യപഠനം എന്നിവയും ഏര്‍പ്പെടുത്തും. നിലവില്‍ സംസ്ഥാന പൊലിസാണ് സൈബര്‍ കേസുകള്‍ പരിശോധിക്കുന്നത്. ഈ രീതിക്ക് മാറ്റം വരുത്തുന്നതിനാണ് പുതിയ ഡിവിഷന്‍ രൂപീകരണം. തെളിവ് ശേഖരണത്തിനും കുറ്റകൃത്യം കണ്ടുപിടിക്കുന്നതിനും പോരായ്മയുണ്ടെന്ന നിരീക്ഷണവും സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉണ്ട്.
സൈബര്‍ അക്രമങ്ങളില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും ഇരകളാകുന്നത്. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണി, പണം തട്ടല്‍, കൊലപാതകങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓരോ മാസവും രാജ്യത്ത് ശരാശരി 15000 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. 2016ലെ കണക്ക് അനുസരിച്ച് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളില്‍ 22 ശതമാനം പേര്‍ സൈബര്‍ ആക്രമണങ്ങളുടെ ഇരകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."