വൈകല്യങ്ങള്‍ക്ക് ശരീരത്തിനെ മാത്രമെ കീഴ്പ്പെടുത്താന്‍ സാധിക്കുകയുള്ളൂ: മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: വൈകല്യങ്ങള്‍ക്ക് നമ്മുടെ ശരീരത്തിനെ മാത്രമേ കീഴ്‌പ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി കെ.കെ ശൈലജ. ന്യൂ ബോണ്‍ സ്‌ക്രീനിങ് പദ്ധതിയിലൂടെ കണ്ടെത്തിയ കുട്ടികളുടെ വാട്‌സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മയായ 'വാത്സല്യം' ശിശുദിനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യൂബോണ്‍ സ്‌ക്രീനിങ് പോലുള്ള പദ്ധതികളുള്ളതിനാല്‍ ജനിതക രോഗങ്ങള്‍ ജനന സമയത്ത് തന്നെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാന്‍ സാധിക്കുന്നു.
ഇത്തരം പദ്ധതികളിലൂടെ നിരവധി കുട്ടികള്‍ക്ക് പ്രതീക്ഷയുള്ളൊരു ജീവിതം നല്‍കാന്‍ ആരോഗ്യ വകുപ്പിനു സാധിച്ചിട്ടുണ്ട്. സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തിയ കുട്ടികള്‍ക്ക് ആവശ്യമായ തെറാപ്പികളും നല്‍കുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷനിലൂടെയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനങ്ങളും തെറാപ്പികളും ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന നവജാത ശിശു സ്‌ക്രീനിങ് പദ്ധതി പ്രസവം നടക്കുന്ന 89 സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും 18 വയസിനു താഴെയുള്ള കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുന്ന 'ഹൃദ്യം' പദ്ധതിയുടെ ഓണ്‍ ലൈന്‍ ആപ്ലിക്കേഷന്‍ ലോഞ്ചും മന്ത്രി നിര്‍വഹിച്ചു.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. ശിശുദിനത്തിന്റെ ഭാഗമായി ഡി.ഇ.ഐ.സിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ 120ഓളം കുട്ടികള്‍ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു.
സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടര്‍ ഡോ. സുനിജ, ശിശുരോഗ വിദഗ്ധന്‍ ഡോ. റിയാസ് എന്നിവര്‍ ന്യൂബോണ്‍ സ്‌ക്രീനിങ് ബോധവല്‍ക്കരണ ക്ലാസുകള്‍ രക്ഷിതാകള്‍ക്ക് നല്‍കി.
കൗണ്‍സിലര്‍ പാളയം രാജന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ആരോഗ്യ കേരളം മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി, അഡി. ഡയറ്കടര്‍ ഡോ.എസ്. ഉഷാകുമാരി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ഡോ. നിതാ വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."