അനാഥയായ വയോധികയ്ക്ക് അഭയമൊരുക്കി സ്‌നേഹമഹല്‍
ഓച്ചിറ: ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വയോധികക്ക് സബര്‍ മതി അഭയമൊരുക്കി.
ക്ലാപ്പന ചിറക്കടവടക്കതില്‍ ഓമനയാ(80)ണ് ഓച്ചിറ ജനമൈത്രി പൊലിസിന്റെ സഹായത്തോടെ വലിയ കുളങ്ങര സബര്‍മതി സ്‌നേഹമഹല്‍ ഏറ്റെടുത്തത്.
ഭര്‍ത്താവ് ബാലകൃഷ്ണന്‍. മൂന്നു മക്കളില്‍ മകന്‍ മരിച്ചത് മൂലം ആരും തുണയില്ലാതെ ഒറ്റക്കാണ് താമസം.
രണ്ട് പെണ്‍മക്കളും ഭര്‍തൃഗൃഹത്തിലാണ് താമസം. ചെറിയ വീടായതിനാല്‍ മാതാവിനെ കൂടെനിര്‍ത്താന്‍ അവര്‍ക്കും കഴിയുന്നില്ല.
മൂന്ന് സെന്റില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് പൊളിഞ്ഞ് വീഴാറായ ചെറിയ വീട്ടിലാണ് ഓമനയമ്മ തനിച്ച് കഴിഞ്ഞിരുന്നത്. ശ്വാസം മുട്ടലുള്‍പ്പെടെ നിരവധി രോഗങ്ങളും ഇവരെ അലട്ടുന്നുണ്ട്. രാത്രിയാകുമ്പോള്‍ ഒറ്റപ്പെട്ട വേദനയില്‍ നിലവിളിച്ച് കരയാറുണ്ടന്ന് അയല്‍ക്കാര്‍ പറഞ്ഞു.
ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി ഓമനയമ്മയുടെ ദുരിതകഥ ജനമൈത്രി പൊലിസ് അറിഞ്ഞെത്തി ഏറ്റെടുത്ത് സബര്‍മതിക്ക് കൈമാറുകയായിരുന്നു.
അഡീഷണല്‍ എസ്. ഐമാരായ എസ്. ശിവാനന്ദന്‍,വിനോദ് കുമാര്‍,നിസാക്ക് ,വിജയകുമാര്‍ സി.പി.ഒ മണികണ്ഠന്‍, വനിതാ സി.പി.ഒ പാര്‍വതി എന്നിവര്‍ ചേര്‍ന്ന് സബര്‍മതി കോര്‍ഡിനേറ്റര്‍ ബിജു മുഹമ്മദിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."