സീറ്റുറയ്ക്കാതെ ഗതാഗതമന്ത്രിമാര്‍; അര നൂറ്റാണ്ടിനിടെ വഴിയിലിറങ്ങിയത് ഒന്‍പത് മന്ത്രിമാര്‍
തിരുവനന്തപുരം: ആനവണ്ടി പോലെയാണ് ഗതാഗത മന്ത്രിമാരും. ഡബിള്‍ ബെല്ലടിച്ചു യാത്ര തുടങ്ങിയിട്ട് പ്രതിസന്ധിമൂലം വഴിയിലിറങ്ങിപ്പോകും, എപ്പോഴാണ് കട്ടപ്പുറത്താകുന്നതെന്നറിയില്ല.
ഇന്നലെ തോമസ് ചാണ്ടി രാജിവച്ചതോടെ അര നൂറ്റാണ്ടിനിടയില്‍ ഒന്‍പത് മന്ത്രിമാരാണ് ഗതാഗത മന്ത്രി വണ്ടിയില്‍നിന്നു വഴിയിലിറങ്ങുന്നത്. ഇതില്‍ അപമാനത്തോടെ വഴിയിലിറങ്ങിയവരും രാഷ്ട്രീയ തീരുമാനത്തില്‍ ഒഴിഞ്ഞവരുമുണ്ട്. ലോക വിഡ്ഢി ദിനത്തിലാണ് കുവൈത്ത് ചാണ്ടിയെന്ന തോമസ് ചാണ്ടി ഗതാഗതത്തെ നിയന്ത്രിക്കാന്‍ മന്ത്രിക്കസേരയിലെത്തിയത്. ഹണി ട്രാപ്പില്‍ പെട്ട് എ.കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് എന്‍.സി.പിയുടെ രണ്ടാമനും കോടീശ്വരനുമായ തോമസ് ചാണ്ടി മന്ത്രി പദവി ഏറ്റെടുക്കുന്നത്.
1967-69ല്‍ ഇമ്പിച്ചി ബാവയാണ് ഓടുന്ന വണ്ടിയില്‍നിന്ന് ആദ്യം ഇറങ്ങിയത്. പക്ഷേ ഇമ്പിച്ചി ബാവയ്ക്ക് ഇറങ്ങേണ്ടി വന്നത് കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് സര്‍ക്കാര്‍ വീണതിനാലാണ്. പിന്നീട് പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ ബാലകൃഷ്ണപിള്ളയ്ക്ക് വഴിയിലിറങ്ങേണ്ടി വന്നു. 1966ല്‍ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതം കൈകാര്യം ചെയ്തിരുന്ന പി.ആര്‍ കുറുപ്പ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിവച്ചത്. പകരം നീലലോഹിതദാസ് മന്ത്രിയായി. എന്നാല്‍, ഓഫിസിനകത്ത് ഫയലുമായെത്തിയ അന്നത്തെ ഗതാഗത സെക്രട്ടറി നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്തതോടെ സ്ഥാനം ഒഴിയേണ്ടി വന്നു.
2001ല്‍ ഗതാഗത മന്ത്രിസ്ഥാനത്ത് മികവ് തെളിയിച്ച് വരുമ്പോഴാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പിതാവ് ആര്‍.ബാലകൃഷ്ണപിള്ളക്കുവേണ്ടി വഴിയിലിറങ്ങിയത്. ബാലകൃഷ്ണപിള്ള മന്ത്രി സ്ഥാനം മകനില്‍നിന്നു പിടിച്ചെടുത്ത് ആനവണ്ടിയില്‍ കയറിയെങ്കിലും അതികകാലം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വഴിയിലിറങ്ങി.
2006ല്‍ വി.എസ് മന്ത്രിസഭയില്‍ ഗതാഗത വകുപ്പില്‍ ആദ്യമെത്തിയത് മാത്യു ടി. തോമസായിരുന്നു. പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുടലെടുത്തതിനെ തുടര്‍ന്ന് മാത്യു ടി. തോമസ് സ്ഥാനമൊഴിഞ്ഞു. പിന്നീടെത്തിയ ജോസ് കെ. തെറ്റയിലിനും രാജിവയ്‌ക്കേണ്ടിവന്നു.
പിണറായി മന്ത്രിസഭയില്‍ പത്താം മാസമാണ് ഫോണ്‍ വിളിയില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചത്. പിന്നീട് വന്ന ചാണ്ടി അവസാന നിമിഷം വരെ രാജിവയ്ക്കാതെ കടിച്ചു തൂങ്ങിയെങ്കിലും വഴിയിലിറങ്ങേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."