മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച പരാജയപ്പെട്ടു: ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധി
ബെര്‍ലിന്‍: ജര്‍മനിയില്‍ ആഴ്ചകള്‍ നീണ്ട കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരണ നീക്കം പരാജയപ്പെട്ടു. 12 വര്‍ഷത്തെ ചാന്‍സലര്‍ പദവിക്കിടയിലെ കടുത്ത പ്രതിസന്ധി അഭിമുഖീകരിച്ച് ആംഗെലാ മെര്‍ക്കല്‍. സ്വതന്ത്ര കമ്പോളത്തിനായി വാദിക്കുന്ന പാര്‍ട്ടിയായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി(എഫ്.ഡി.പി) നാല് ആഴ്ച നീണ്ട ചര്‍ച്ചയില്‍നിന്നു പിന്‍വാങ്ങിയതാണ് ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഒരു മാസത്തിലേറെയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്തതിനാല്‍ രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് ഏറിയ സാധ്യതയും. പുതിയൊരു സഖ്യരൂപീകരണത്തിനുള്ള സാധ്യതകള്‍ ഇനിയും തെളിഞ്ഞുവരാത്ത പശ്ചാത്തലത്തില്‍ കടുത്ത പരീക്ഷണമായിരിക്കും മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍(സി.ഡി.യു)-ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍(സി.എസ്.യു) മുന്നണിക്കു നേരിടേണ്ടി വരിക. രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായ മാര്‍ട്ടിന്‍ ഷ്യൂള്‍സിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി) കൂട്ടുകക്ഷി സര്‍ക്കാരില്‍ ചേരാനില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.
ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍നിന്ന് എഫ്.ഡി.പി നേതാവ് ക്രിസ്റ്റിയന്‍ ലിന്‍ഡ്‌നെര്‍ ഇറങ്ങിപ്പോയതാണ് ജര്‍മനിയില്‍ പുതിയ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചത്. മെര്‍ക്കലിന്റെ സി.ഡി.യു-സി.എസ്.യു മുന്നണിയുമായും ഗ്രീന്‍ പാര്‍ട്ടിയുമായും ചേര്‍ന്നുള്ള സര്‍ക്കാരില്‍ വിശ്വസിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നു പറഞ്ഞായിരുന്നു ലിന്‍ഡ്‌നെര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. ജര്‍മനിയെ ആധുനികവല്‍ക്കരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ക്ക് പൊതുകാഴ്ചപ്പാടില്‍ എത്താനായിട്ടില്ലെന്നും പരിതാപകരമായി രാജ്യത്തെ ഭരിക്കുന്നതിനെക്കാളും നല്ലത് ഭരിക്കാതിരിക്കലാണെന്നും ലിന്‍ഡ്‌നെര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, എഫ്.ഡി.പിയുടെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ച മെര്‍ക്കല്‍ രാജ്യത്തെ എത്രയും പെട്ടെന്നു പ്രതിസന്ധിയില്‍നിന്ന് കരകേറ്റുമെന്ന് അറിയിച്ചു. ഒരു ചാന്‍സലറെന്ന നിലക്ക് രാജ്യത്തെ ഈ പ്രതിസന്ധി ഘട്ടത്തില്‍നിന്നു നല്ല നിലയ്ക്കു പുറത്തെത്താന്‍ താന്‍ പരമാവധി ശ്രമിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.
സെപ്റ്റംബര്‍ 24നു നടന്ന ജര്‍മന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ സി.ഡി.യു-സി.എസ്.യു മുന്നണിയാണു കൂടുതല്‍ വോട്ട് നേടിയത്. എന്നാല്‍, ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം മുന്നണിക്കു ലഭിച്ചിരുന്നില്ല. പരിസ്ഥിതിവാദികളായ ഗ്രീന്‍സ് പാര്‍ട്ടിയും മുന്നണിയെ പിന്തുണയ്ക്കുന്നുണ്ട്.
ആകെ 709 അംഗ പാര്‍ലമെന്റില്‍ സി.ഡി.യു-സി.എസ്.യു മുന്നണിക്ക് 246 അംഗങ്ങളാണുള്ളത്. എസ്.പി.ഡി 153ഉം എഫ്.ഡി.പി 80ഉം ലെഫ്റ്റ് പാര്‍ട്ടി 69ഉം ഗ്രീന്‍ പാര്‍ട്ടി 67ഉം സീറ്റുകള്‍ സ്വന്തമാക്കി. കന്നിയങ്കത്തില്‍ തീവ്ര വലതുപക്ഷ വിഭാഗമായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി) 94 സീറ്റ് നേടി ഞെട്ടിച്ചിരുന്നു.
മെര്‍ക്കലിന്റെ ഉദാര കുടിയേറ്റ അനുകൂല നയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായാണു പൊതു വിലയിരുത്തല്‍. എ.എഫ്.ഡി അടക്കമുള്ള പാര്‍ട്ടികള്‍ ഇത് തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയിരുന്നു. പുതിയ വാര്‍ത്ത പുറത്തുവന്നതോടെ യൂറോയുടെ മൂല്യത്തില്‍ ഇടിവു വന്നിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ജര്‍മനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."