തോക്കെടുക്കാന്‍ തയ്യാറാവാതെ ഏകമകന്‍; ദാവൂദ് ഇബ്രാഹിം വിഷാദത്തില്‍
താനെ: തന്റെ അധോലോക സാമാജ്യത്തിന്റെ അധിപനായി വളരേണ്ട ഒരേ ഒരു മകന്‍ വഴിമാറിപ്പോയതിനെ വിഷമത്തിലാണത്രെ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം. മകന്റെ നല്ലനടപ്പ് ദാവൂദിനെ കടുത്ത വിഷാദ രോഗത്തിനടിമയാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
മക്കളില്‍ മൂന്നാമത്തെയാളും ഒരേയൊരു ആണ്‍തരിയുമായ മോയിന്‍ നവാസ് ഡി. കസ്‌കര്‍ (31) നല്ല മതഭക്തനാണ്.
ബിസിനസിന്റെയോ സമ്പത്തിന്റെയോ പ്രലോഭനങ്ങളില്‍ ഒരു താല്‍പര്യവുമില്ലാത്ത നവാസിന് മതപണ്ഡിതനാവാണ് ആഗ്രഹം. കൂടാതെ ഹാഫിള് കൂടിയാണ് നവാസ്.
ആഡംബര വസതി ത്യജിച്ച് കറാച്ചിയിലെ ഒരു പള്ളിയോട് ചേര്‍ന്ന ചെറിയ വീട്ടിലാണ് നവാസ് കഴിയുന്നത്. ഭാര്യയും മൂന്ന് മക്കളും നവാസിനോടപ്പമുണ്ട്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ നവാസ് 2011ല്‍ കറാച്ചിയിലെ സമ്പന്നനായ വ്യവസായിയുടെ മകള്‍ സാനിയ ഷെയ്ഖിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് മൂന്നുമക്കളുമുണ്ട്. ആദ്യകാലത്ത് ദാവൂദിന്റെ ബിസിനസില്‍ നവാസ് സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആത്മീയതയുടെ പാതയിലേക്ക് തിരിയുകയായിരുന്നു.
നിയമവിരുദ്ധ പ്രവൃത്തികളിലൂടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ ദാവൂദ് കുടുംബത്തിലെ പലരും പിടികിട്ടാപ്പുള്ളികളാണ്. പക്ഷേ, മൊയിന്‍ നവാസിന് പിതാവിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് കടുത്ത എതിര്‍പ്പായിരുന്നുവെന്ന് താനെയിലെ അന്വേഷണ സംഘത്തലവന്‍ പ്രദീപ് ശര്‍മ പറഞ്ഞു.
മൂന്ന് കവര്‍ച്ചക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്‌കറിനെ ചോദ്യം ചെയ്തപ്പോഴാണ് ദാവൂദ് കുടുംബത്തിലെ ആഭ്യന്തരപ്രശ്‌നങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പ്രദീപ് ശര്‍മ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് വെളിപ്പെടുത്തി.
താന്‍ പടുത്തുയര്‍ത്തിയ അധോലോക സാമ്രാജ്യം ഭാവിയില്‍ ആര് നോക്കി നടത്തുമെന്നതിനെക്കുറിച്ച് ദാവൂദിന് കടുത്ത ആശങ്കയുണ്ടെന്നും ഇഖ്ബാല്‍ കസ്‌കര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ദാവൂദിന്റെ വിശ്വസ്തനായ മറ്റൊരു സഹോദരന്‍ അനീസ് ഇബ്രാഹിം കസ്‌കര്‍ അനാരോഗ്യത്തിലാണെന്നതും ദാവൂദിനെ വലയ്ക്കുന്നു. അധോലോക സാമ്രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാന്‍ വിശ്വസ്തരായ അടുത്ത ബന്ധുക്കളും ഇപ്പോള്‍ ദാവൂദിനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."