കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റ്; ക്രൈസ്റ്റും മേഴ്‌സിയും ചാംപ്യന്‍മാര്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് കിരീടം. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സിയാണ് ജേതാക്കള്‍. മീറ്റിന്റെ സമാപന ദിനമായ ഇന്നലെ നാല് റെക്കോര്‍ഡുകളുണ്ടായി. പുരുഷ വിഭാഗത്തില്‍ 11 സ്വര്‍ണം, 11 വെള്ളി, ആറ് വെങ്കലം എന്നിവ നേടി 100 പോയിന്റോടെയാണ് ക്രൈസ്റ്റ് കോളജ് ബഹുദൂരം മുന്നിലെത്തിയത്.
നാല് സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 37 പോയിന്റ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളജാണ് പുരുഷ വിഭാഗത്തില്‍ രണ്ടാമതെത്തിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയുമായി 14 പോയിന്റ് നേടിയ തൃശൂര്‍ സെന്റ് തോമസ് കോളജ് പുരുഷ വിഭാഗത്തിലെ മൂന്നാം സ്ഥാനക്കാരായി. 52 പോയിന്റ് നേടി വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജ് ചാംപ്യന്‍മാരായത്. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമാണ് മേഴ്‌സിയുടെ നേട്ടം. 41 പോയിന്റോടെ വനിതാ വിഭാഗത്തില്‍ രണ്ടാമതെത്തിയ ക്രൈസ്റ്റ് കോളജ് അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ യൂനിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റ് 36 പോയിന്റാണ് നേടിയത്. മൂന്ന് സ്വര്‍ണം, നാല് വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് യൂനിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേട്ടം. ഏറെക്കാലം ഇന്റര്‍ കോളജിയേറ്റ് വനിതാ കിരീടം കൈയടക്കിവച്ചിരുന്ന തൃശൂര്‍ വിമലയെ പിന്തള്ളിയാണ് പാലക്കാട് മേഴ്‌സി ഇത്തവണ കിരീടം സ്വന്തമാക്കിയത്. അതേസമയം ഇരുവിഭാഗങ്ങളിലും ശക്തമായ മുന്നേറ്റമാണ് ക്രൈസ്റ്റ് കാഴ്ചവച്ചത്. മീറ്റില്‍ ചാംപ്യന്‍മാരായ ടീമുകള്‍ക്ക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍ ട്രോഫികള്‍ സമ്മാനിച്ചു.
മൂന്നാം ദിനം
നാല് റെക്കോര്‍ഡുകള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം നാല് റെക്കോര്‍ഡുകള്‍. സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടന്ന അത്‌ലറ്റിക് മീറ്റില്‍ ഇതുവരെ ഒന്‍പത് റെക്കോര്‍ഡുകളാണ്പിറന്നത്. ആണ്‍ കുട്ടികളുടെ 20 കി.ലോ മീറ്റര്‍ നടത്തത്തില്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലെ എ അനീഷ് റെക്കോര്‍ഡ് നേടി.
ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ മുഹമ്മദ് റാഷിദ് പി.കെ റെക്കോര്‍ഡിട്ടു.
പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ശ്രീനാരായണ ഗുരു കോളേജ് ചേളന്നൂരിലെ ജിസ്‌ന മാത്യൂ 24.38 സെക്കന്റില്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് സ്വന്തമാക്കി. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹെഡില്‍സില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് തൃശൂരിന്റെ മൈമണ്‍ പൗലോസ് റെക്കോര്‍ഡ് കുറിച്ചു.
ഹര്‍ഡില്‍സില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി മെയ്മോന്‍
തേഞ്ഞിപ്പലം: സര്‍വകലാശാല അത്‌ലറ്റിക്‌സ് മീറ്റിലെ ഹര്‍ഡില്‍സില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മെയ്‌മോന്‍ പൗലോസ്. കഴിഞ്ഞ വര്‍ഷത്തെ 14.85 സമയമാണ് 14.6 ആക്കി ചുരുക്കി മെയ്‌മോന്‍ ഇക്കുറി റെക്കോര്‍ഡ് തിരുത്തിയത്. ജൂനിയര്‍ മീറ്റില്‍ 2014ല്‍ യൂത്ത് ഒളിംപിക്‌സിലും 2016ല്‍ പോളണ്ടില്‍ നടന്ന ജൂനിയര്‍ വേള്‍ഡ് മീറ്റിലും മത്സരിച്ചിട്ടുണ്ട്. 2016ല്‍ തന്നെ തായ്‌ലാന്‍ഡില്‍ നടന്ന ജൂനിയര്‍ ഏഷ്യാ മീറ്റിലും മെയ്‌മോന്‍ ഹര്‍ഡില്‍സില്‍ രണ്ടാമനായിട്ടുണ്ട്. 14.35 ആണ് മെയ്‌മോന്റെ മികച്ച സമയം. അങ്കമാലി സ്വദേശിയായ മെയ്‌മോന്‍ തൃശൂര്‍ സെന്റ് തോമസിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയാണ്. എം.സി വര്‍ഗീസാണ് പരിശീലകന്‍.
ഭാവി ശോഭനമാക്കാന്‍ ഈ കായിക താരത്തിന് കാര്യമായ പിന്തുണയില്ല. അതിനാല്‍ ഇനി സര്‍ക്കാര്‍ തുണക്കേണ്ട അവസ്ഥയിലാണ് ഈ താരം. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അതു സാധ്യമായില്ല. പിന്നീട് ജോലിയ്ക്കായി റെയില്‍വെയിലും അപേക്ഷ നല്‍കി.എന്നാല്‍ ഇതുവരെയായിട്ടും പരിഗണിച്ചതുമില്ല. ഓട്ടോ ഡ്രൈവറായ പിതാവ് പൗലോസിന്റെ അധ്വാനം കൊണ്ടാണ് കുടുംബം പുലരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."