അബി: മിമിക്രിയിലെ ബിഗ്ബി
കൊച്ചി: സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളെ ആവോളം ചിരിപ്പിച്ച അബി മിമിക്രിയിലെ ബിഗ്ബി ആയിരുന്നു. ഹബീബ് മുഹമ്മദിനെ അബിയാക്കിയത് ഉത്സവക്കമ്മിറ്റിക്കാരാണ്. നാട്ടിന്‍പുറങ്ങളില്‍ കലാപരിപാടിക്ക് ചെല്ലുമ്പോള്‍ പേര് അനൗണ്‍സ് ചെയ്യുന്ന പതിവുണ്ട്. ഒരു ഗ്രാമത്തില്‍ ഉല്‍സവപരിപാടിക്ക് ചെന്നപ്പോള്‍ ഉല്‍സവകമ്മിറ്റിക്കാരാണ് പേര് അബിയെന്ന് അനൗണ്‍സ് ചെയ്യുന്നത്. രണ്ടക്ഷരമുള്ള പേരിന് ജനങ്ങളെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ അബി പിന്നീട് വേദികളിലെല്ലാം അബിയായി മാറുകയായിരുന്നു.
മൂന്നു പതിറ്റാണ്ട് അനുകരണകലയ്ക്ക് ഒപ്പം നിന്ന അബി മിമിക്രിയെ പരിപൂര്‍ണമായ ജനകീയ കലയാക്കി മാറ്റി. ഓഡിയോ കാസറ്റുകളുടെ വരവോടെ മിമിക്രിലോകത്തെ സുപ്പര്‍സ്റ്റാറായി മാറിയ അബി പിന്നീട് സിനിമയിലേക്കും കടന്നുവന്നു. ആമിനത്താത്ത എന്ന മാസ്റ്റര്‍ പീസ് കഥാപാത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ച അബി അനുകരണകലയ്ക്ക് കൂടുതല്‍ സ്വീകാര്യത സൃഷ്ടിച്ചു.
എം.ജി സര്‍വകലാശാല യുവജനോല്‍സവത്തില്‍ മിമിക്രിയ്ക്ക് രണ്ട് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബി കലാഭവനിലൂടെയാണ് പ്രൊഫഷണല്‍ മിമിക്രിയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലുടെയും വേദികളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു. ചലച്ചിത്രതാരങ്ങളെ അനുകരിക്കുന്നതില്‍ മികവ് പുലര്‍ത്തിയ അബി ബിഗ്ബി അമിതാബച്ചിനെ അനുകരിച്ച് ഏറെ കയ്യടി നേടി. അമിതാബച്ചന്റെ മുന്നില്‍ അദ്ദേഹത്തിന്റെ ശബ്ദവും ഭാവവും അനുകരിച്ച് അഭിനന്ദനം നേടിയ അബി ബച്ചന്റെ പരസ്യചിത്രങ്ങള്‍ക്ക് ശബ്ദവും നല്‍കി. 27 ഓളം മിമിക്രി കഥാപാത്രങ്ങളെ അബി അവതരിപ്പിച്ചെങ്കിലും പ്രത്യേക താളത്തില്‍ നീട്ടിവലിച്ചു വിശേഷം പറയുന്ന ആമിനത്താത്ത അബിയുടെ മാസ്റ്റര്‍പീസായി മാറി.
നാദിര്‍ഷാ, ദിലീപ് , അബി എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം എന്ന ഓഡിയോ കാസറ്റ് സീരീസ് വമ്പന്‍ ഹിറ്റ് ആയി മാറി. മിമിക്രിയില്‍ നിന്ന് സിനിയിലേക്ക് ഒഴുക്ക് ആരംഭിച്ചപ്പോള്‍ അതിനൊപ്പം അബിയും നീങ്ങി. ഡിസംബര്‍ എട്ടിന് തിയറ്ററുകളിലെത്തുന്ന, മുഹമ്മദ് അലി സംവിധാനം ചെയ്ത കറുത്ത സൂര്യന്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും മികവ് തെളിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."