റിയാലിന്റെ പിന്തുണക്കാനുള്ള കരുതല്‍ ധനമുണ്ടെന്നു സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍
ദോഹ: റിയാലിനെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ ധനസംബന്ധമായ നയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും കഴിയുന്ന വിധത്തില്‍ കരുതല്‍ നിക്ഷേപം ധാരാളമായുണ്ടെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി പറഞ്ഞു. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുമ്പോഴും ഖത്തറിന്റെ സമ്പദ്ഘടന ശക്തമായി തുടരുന്നുണ്ടെന്നും യൂറോമണി കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. നാണയപ്പെരുപ്പം സുസ്ഥിരമായി തുടരുന്നു. അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. രാജ്യത്തിന്റെ വികസനത്തെയും സമ്പദ്ഘടനയുടെ വളര്‍ച്ചയെയും പിന്തുണയ്ക്കുന്നതിന് ഖത്തരി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. സാധ്യമായ പ്രത്യാഘാതങ്ങളെയെല്ലാം മറികടക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൂടെ സാധിച്ചതായി സാമ്പത്തികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. സ്വയംപര്യാപ്തതയെ പിന്തുണയ്ക്കുന്നതിനായി നിരവധി പുതിയ നിക്ഷേപമേഖലകള്‍ ലഭ്യമാണെന്നും നിക്ഷേപങ്ങള്‍ നടക്കുന്നുണ്ടെന്നും ഖത്തര്‍ നാഷണല്‍ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അലി ബിന്‍ അഹമ്മദ് അല്‍കുവാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."