ഒന്‍പത് വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ അധ്യാപകന് ഒളിവില്‍
ബേഡകം: സ്കൂള്‍ വിദ്യാര്‍ഥിനികളെ അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ശക്തമാക്കി. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ കരിവേടകം എ.യു.പി സ്കൂളില്‍ പഠിക്കുന്ന ഒന്‍പത് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനായ ഡൊമിനിക് എ വര്ക്കിക്കെതിരേയാണ് കഴിഞ്ഞദിവസം ബേഡഡുക്ക പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിയായ അധ്യാപകന് ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി ആദൂര്‍ സി.ഐ സിബിമാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് കഴിഞ്ഞ ദിവസം ഡൊമിനികിന്റെ പൂടങ്കല്ലിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഡൊമിനിക് എട്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഒരുകുട്ടി കൂടി അധ്യാപകന്റെ പീഡനത്തിനിരയായതായി വ്യക്തമായി.
ഒരുമാസം മുന്‍പാണ് വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായത്. ഈ വിവരം കുട്ടികള്‍ സ്കൂള്‍ അധികൃതരെയാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പ്രധാനാധ്യാപിക ഇക്കാര്യം രക്ഷിതാക്കളെയോ വിദ്യാഭ്യാസ അധികൃതരെയോ അറിയിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. ഒരു കുട്ടിയുടെ രക്ഷിതാവ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു കുട്ടി കൂടി പരാതി നല്‍കിയത്.
ഇതിനിടെ അധ്യാപകനോട് അവധിയില്‍ പോകാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ചയായി അധ്യാപകന് അവധിയിലാണ്. പരാതി ഉന്നയിച്ച വിദ്യാര്‍ഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ടും നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി കോടതി ഉടന്‍ തന്നെ രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."