സ്ഥാനാര്‍ഥികള്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കരുത്; തെര. കമ്മിഷന് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥി രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിം കോടതിയില്‍. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രണ്ടു മണ്ഡലങ്ങളില്‍ ഒറ്റ സ്ഥാനാര്‍ഥി തന്നെ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്കിയ സ്വകാര്യ ഹരജി പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അനുകൂല നിലപാട് സ്വീകരിച്ചത്.
അശ്വിനി കുമാര്‍ ഉപാധ്യായ് നല്കിയ ഹരജിയിലാണ് കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ആരാഞ്ഞത്. ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അനുമതി നല്കുന്ന 33(7) വകുപ്പിനെയാണ് ഉപാധ്യായ് ചോദ്യംചെയ്തത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.
രണ്ടു സീറ്റുകളില്‍ ഒരു സ്ഥാനാര്‍ഥി മത്സരിക്കുന്നത് തടയണമെന്ന് 2014 ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിയമ മന്ത്രാലയത്തോടു നിര്‍ദേശിച്ചിരുന്നു. നിരോധിക്കുന്നില്ലെങ്കില്‍, രണ്ടാമത്തെ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ചെലവ് സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദേശവും കമ്മിഷന് മുമ്പോട്ടുവച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി 2014 തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ചിരുന്നു. വഡോദരയിലും വാരണാസിയിലുമാണ് അദ്ദേഹം മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."