സരിതയുടെ വിവാദ കത്ത്: ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കും
കൊട്ടാരക്കര: സോളാര്‍ കേസില്‍ സരിത എസ്. നായരുടെ വിവാദ കത്തുമായി ബന്ധപ്പെട്ട് സരിതയുടെ മുന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവായി.
കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫെനിയോട് 29ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി ആരോപിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും സുധീര്‍ ജേക്കബ് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ പരാതി നല്‍കിയിരുന്നു. സുധീര്‍ ജേക്കബിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി.
21 പേജുണ്ടായിരുന്ന കത്ത് 25 പേജായി കൂട്ടിച്ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സോളാര്‍ കമ്മിഷനും മുന്‍പാകെ ഹാജരാക്കിയതെന്നാണ് സുധീര്‍ ജേക്കബ് ആരോപിക്കുന്നത്. കൂട്ടിച്ചേര്‍ത്ത പേജുകളിലാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേക്കാക്കള്ക്കുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
ഈഭാഗം സരിത എഴുതിയിട്ടുള്ളതല്ല. മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ, പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍, ബന്ധു ശരണ്യ മനോജ് എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്.
ഈ വിവരം സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഫെനി ബാലകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു.
ഇതിനാലാണ് മറ്റു രണ്ട് പേരോടൊപ്പം ഫെനി ബാലകൃഷ്ണനേയും കേസില്‍ കക്ഷി ആക്കിയിട്ടുള്ളതെന്നും സരിതയെയും ഗണേഷ് കുമാറിനെയും ഒന്നും രണ്ടും പ്രതികളാക്കി അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നുമാണ് സുധീര്‍ ജേക്കബിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."