അഫ്‌റസുല്‍ കൊലപാതകം: ശംഭുലാലിന് ആളുമാറിയതെന്ന് പൊലിസ്
ജയ് പുര്‍: രാജസ്ഥാനിലെ രാജസമന്ദില്‍ അഫ്‌റസൂല്‍ എന്ന കരാര്‍ തൊഴിലാളിയെ ചുട്ടുകരിച്ച സംഭവത്തിലെ പ്രതി ശംഭുലാല്‍ റെഗാറിന് ആളുമാറിപ്പോയതാണെന്ന് പൊലിസ്.
ശംഭുലാല്‍ യഥാര്‍ഥത്തില്‍ കൊല്ലാനുദ്ദേശിച്ചത് അഫ്‌റസൂലിനെയല്ല, മാല്‍ഡയില്‍ നിന്നു തന്നെയുള്ള മറ്റൊരു തൊഴിലാളിയായ അജ്ജു ഷേയ്ഖിനെ ആയിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഫോണില്‍ മാത്രം സംസാരിച്ചിട്ടുള്ള അജ്ജുവിനെ കണ്ടപ്പോള്‍ ശംഭുലാലിന് തിരിച്ചറിയാനായില്ലെന്നും അവര്‍ പറയുന്നു.
അജ്ജുവിനെ അന്വേഷിച്ച് ശംഭുലാല്‍ മാര്‍ക്കറ്റില്‍ ചെന്നിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല. ജോലിക്കായിരിക്കുമെന്നു കരുതി അഫ്‌റസുലിന്റെ സുഹൃത്ത് അഫ്‌റസുലിന്റെ നമ്പര്‍ നല്‍കുകയായിരുന്നു. അഫ്‌റസുലിന് സഹായമാവട്ടെ എന്ന് അയാള്‍ കരുതിക്കാണുമെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.
തനിക്ക് ലഭിച്ച നമ്പറില്‍ വിളിച്ച് പ്ലോട്ടിന്റെ അതിര്‍ത്തി തിരിക്കുന്ന പണിയുണ്ട് എന്ന് ധരിപ്പിച്ചാണ് ശംഭുലാല്‍ അഫ്‌റസൂലിനെ വിളിച്ചുവരുത്തിയത്. ഇതിനു ശേഷം ഇയാള്‍ വീട്ടിലേക്ക് പോയി പിക്കാസും മറ്റ് സാധനങ്ങളും എടുത്ത് തിരിച്ചുവരികയായിരുന്നു. ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാനായി മരുമകനേയും ഇയാള്‍ കൂടെക്കൂട്ടി. പിന്നീട് അഫ്‌റസൂലിനെയും വിളിച്ച് ചായ കുടിക്കാന്‍ പോയ സ്ഥലത്ത് വെച്ചാണ് ക്രൂരമായി കൊലപ്പെടുത്തുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത്. ക്രൂരമായ കൊലപാതകത്തിന് ശേഷം കൊലയാളി തന്നെ ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് രാജസ്ഥാനിലും മറ്റും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കൊലപാതകത്തിന് കാരണക്കാരിയായ സ്ത്രീ ശംഭുവിന്റെ അയല്‍ക്കാരിയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇയാള്‍ സഹോദരിയെ പോലെ കണക്കാക്കുന്നു എന്ന് പറഞ്ഞിരുന്ന യുവതിയുമായി ശംഭുലാലിന് അടുപ്പമുണ്ടായിരുന്നതായും ചിലര്‍ പറയുന്നു.
2010ല്‍ മുഹമ്മദ് ബബ്ലു ഷേയ്ഖ് എന്നയാളോടൊപ്പം പശ്ചിമ ബംഗാളിലെ മാല്‍ഡയിലേക്ക് ഈ യുവതി നാടുവിട്ടിരുന്നു. അമ്മയും അമ്മാവനും ചേര്‍ന്ന് യുവതിയെ തിരികെ കൊണ്ടുവന്നെങ്കിലും അജ്ജു ഷേയ്ഖിനൊപ്പം യുവതി വീണ്ടും മാല്‍ഡയിലേക്ക് പോയി. ഇതേതുടര്‍ന്ന് യുവതിയെ ഫോണില്‍ വിളിച്ച ശംഭുലാല്‍, അജ്ജുവുമായി കലഹിച്ചതായി പറയപ്പെടുന്നു.
യുവതിയുടെ അമ്മയുടെ ആവശ്യപ്രകാരം 2012ല്‍ ശംഭുലാല്‍ ഇവരെ വീണ്ടും തിരികെകൊണ്ടുവന്നു. എന്നാല്‍ നാലോ അഞ്ചോ മാസങ്ങള്‍ക്ക് മുമ്പ് അജ്മീറില്‍ വെച്ച് യുവതിയെ അജ്ജു കണ്ടുമുട്ടി. അജ്ജുവിനൊപ്പം യുവതി തിരികെ പോകുമെന്ന് ആശങ്കയുള്ളതിനാലാണ് അജ്ജുവിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ശംഭുലാല്‍ നല്‍കിയ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."