ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം ചാംപ്യന്‍ഷിപ്പ്: ദിമിത്രി ബെര്‍ബറ്റോവ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ അടിക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ ഇപ്പോള്‍ കാര്യമില്ലെന്ന് സൂപ്പര്‍ താരം ദിമിത്രി ബെര്‍ബറ്റോവ്. ടീം മുന്നോട്ടു പോകുന്നത് പ്ലേ ഓഫും ചാംപ്യന്‍ഷിപ്പും ലക്ഷ്യമാക്കിയാണ്. മത്സരങ്ങളില്‍ ഏറ്റവും കുറവ് തെറ്റുകള്‍ വരുത്തുന്ന ടീം വിജയിക്കും. അതിനായുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നതെന്നും ബെര്‍ബ. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബെര്‍ബറ്റോവ്.
മധ്യനിരയില്‍ കളി മെനയുന്നതില്‍ സന്തുഷ്ടനാണ്. ബള്‍ഗേറിയന്‍ ദേശീയ ടീമിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും കളിച്ചത് സ്‌ട്രൈക്കറുടെ റോളിലാണ്. സ്‌ട്രൈക്കര്‍ സ്ഥാനത്ത് നിന്ന് മാറിയതില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പ്രായത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. മൈതാനത്ത് വളരെ വേഗം ഓടി കളിക്കുന്നതിനെക്കാള്‍ പ്ലേമേക്കറുടെ റോള്‍ ആസ്വദിക്കുകയാണെന്നും ബെര്‍ബ വ്യക്തമാക്കി. ഫുട്‌ബോള്‍ കളിക്കുന്നതില്‍ ഇപ്പോഴും ആനന്ദം കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ ഒന്നും തനിക്ക് തെളിയിക്കേണ്ട കാര്യം ഇനിയില്ല. മികച്ച കളി പുറത്തെടുക്കാന്‍ കഴിയുന്നിടത്തോളം കളിച്ചു കൊണ്ടേയിരിക്കാനാണ് മോഹം. വിരമിച്ചാല്‍ പരിശീലക കുപ്പായത്തില്‍ ഫുട്‌ബോള്‍ ലോകത്ത് തന്നെ വീണ്ടും തുടരാനാണ് സാധ്യത. കളിച്ചിരുന്നപ്പോള്‍ മികച്ച താരങ്ങളായിരുന്നവര്‍ക്ക് ഒരു പക്ഷേ പരിശീലകനാകുമ്പോള്‍ ആ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ പരിശീലകനായാന്‍ തനിക്ക് പലതും തെളിയിക്കേണ്ടി വരുമെന്നും ബെര്‍ബ വ്യക്തമാക്കി.
വേറിട്ട അനുഭവങ്ങളാണ് കേരളം സമ്മാനിക്കുന്നത്. കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്നത് എപ്പോഴും വിഷമം സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ച് ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കുമ്പോള്‍. ഫുട്‌ബോള്‍ ഇങ്ങനെയൊക്കെയാണ്. 31ന് ബംഗളൂരു എഫ്.സിക്കെതിരേ നടക്കുന്ന മത്സരത്തില്‍ പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചുവരുമെന്ന പ്രതീക്ഷണെന്നും ബെര്‍ബറ്റോവ് പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സില്‍ പ്രതിഭയുള്ള നിരവധി യുവ താരങ്ങളുണ്ട്. അവര്‍ക്ക് മികച്ച പരിശീലനം ലഭിക്കണം. റെനെ മ്യൂളന്‍സ്റ്റീന്‍ നേതൃത്വം നല്‍ക്കുന്ന പരിശീലക നിര അതിന് പര്യാപ്തരാണ്. ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ യൂറോപ്യന്‍ ലീഗില്‍ കളിക്കാനുള്ള ശേഷിയുണ്ട്. ഇത്തരം വലിയ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ അവര്‍ കഠിനാധ്വാനം ചെയ്യണം. ഏറെ മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയും കളിക്കാനുണ്ട്. കഠിനാധ്വാനം ചെയ്യുക. അതിനൊപ്പം ആരോഗ്യം സംരക്ഷിക്കാന്‍ കഴിണമെന്നും ബെര്‍ബറ്റോവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."