ഇംഗ്ലീഷ് ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍ സെമിയില്‍
ലണ്ടന്‍: സീസണില്‍ മിന്നും ഫോമില്‍ മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പിന്റെ സെമിയിലേക്ക് കടന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലെയ്സ്റ്റര്‍ സിറ്റിയെ 4-3ന് പരാജയപ്പെടുത്തിയാണ് സിറ്റിയുടെ മുന്നേറ്റം. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ കീഴടക്കി ആഴ്സണലും അവസാന നാലിലെത്തിയിട്ടുണ്ട്.
അവസാന നിമിഷം ജാമി വാര്‍ഡി നേടിയ ഗോളിലാണ് നിശ്ചിത സമയത്ത് ലെയസ്റ്റര്‍- മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ച് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ ക്ലൗഡിയോ ബ്രാവോ ഹീറോയായപ്പോള്‍ ലെയ്സ്റ്ററിന്റെ സെമി പ്രതീക്ഷയുടെ വാതില്‍ അടയപ്പെടുകയായിരുന്നു.
നിശ്ചിത സമയത്തിന്റെ 26ാം മിനുട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് സ്വന്തമാക്കി. 90 മിനുട്ടും കഴിഞ്ഞ് അധികമായി ലഭിച്ച ഏഴ് മിനുട്ടിനിടെ കിട്ടിയ പെനാല്‍റ്റി വലയിലാക്കി വാര്‍ഡി ലെയ്സ്റ്ററിന്റെ ആയുസ് നീട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജാമി വാര്‍ഡിയും റിയാദ് മെഹ്രസും എടുത്ത കിക്കുകള്‍ പിഴച്ചതാണ് ലെയ്സ്റ്ററിന് തിരിച്ചടിയായത്. മെഹ്രസിന്റെ കിക്ക് തടുത്ത് ക്ലൗഡിയോ ബ്രാവോ മാഞ്ചസ്റ്റര്‍ സിറ്റിയെ സെമിയിലേക്ക് എത്തിച്ചു. സിറ്റിക്കായി കിക്കെടുത്ത ഇല്‍കെ ഗുണ്ടകന്, യായ ടൂറെ, ലൂകാസ് എന്മെച, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ലെയസ്റ്ററിനായി ക്രിസ്റ്റ്യന്‍ ഫചസ്, ഹാരി മഗ്യുര്, വിസെന്റെ ഇബോറ എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഡാനി വെല്‍ബെക്ക് നേടിയ ഏക ഗോളിലാണ് ആഴ്സണല്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ കീഴടക്കി അവസാന നാലിലേക്ക് കടന്നത്. 42ാം മിനുട്ടിലാണ് താരം വല ചലിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."