മലേഗാവ്: പ്രജ്ഞാ സിങ്, കേണല്‍ പുരോഹിത് അടക്കമുള്ള ആറു പ്രതികള്‍ക്കെതിരായ മക്കോക്ക റദ്ദാക്കി
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ ആറു പ്രതികള്‍ക്കെതിരേ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്-1999) കോടതി റദ്ദാക്കി. സ്വാധി പ്രജ്ഞാ സിങ് താക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സന്യാസി ദയാനന്ദ് പാണ്ഡെ, റിട്ട.മേജര്‍ രമേശ് ഉപാധ്യായ എന്നിവരടക്കം ആറു പ്രതികള്‍ക്കെതിരേ ചുമത്തിയ മക്കോക്ക വകുപ്പാണ് പ്രത്യേക എന്‍.ഐ.എ കോടതി റദ്ദാക്കിയത്.
അതേസമയം, ഭീകര വിരുദ്ധ നിയമപ്രകാരമുള്ള (യു.എ.പി.എ) വിചാരണ പ്രതികള്‍ നേരിടണമെന്ന് കോടതി വ്യക്തമാക്കി. പ്രതികളില്‍ നാലുപേര്‍ നിലവില്‍ ജാമ്യത്തിലാണ്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രജ്ഞാ സിങ് ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്കെതിരായ മക്കോക്ക ഒഴിവാക്കണമെന്ന എന്‍.ഐ.എയുടെ വാദം അംഗീകരിച്ചാണ് കോടതി വിധി.
2008 സെപ്റ്റംബര്‍ 29നാണ് മഹാരാഷ്ട്രയിലെ വസ്ത്രനഗരം എന്നറിയപ്പെടുന്ന മലേഗാവില്‍ സ്‌ഫോടനം ഉണ്ടായത്. റമദാന്‍ പ്രാര്‍ഥനക്കുശേഷം മടങ്ങുകയായിരുന്ന ഇസ്‌ലാം മതവിശ്വാസികളായ ഏഴുപേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. 100ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തിനു പിന്നില്‍ മുസ്‌ലിം തീവ്രവാദ സംഘടനയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന നടത്തിയ അന്വേഷണത്തിലാണ് ഹിന്ദു തീവ്രവാദ സംഘമാണ് ആക്രമണത്തിന് പിന്നലെന്ന് കണ്ടെത്തിയത്. 2008 നവംബര്‍ 26ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് ജോയിന്റ് കമ്മിഷണര്‍ ഹേമന്ദ് കര്‍ക്കരെയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. 16 പേരെ പ്രതിചേര്‍ത്ത കേസില്‍ 14 പേര്‍ക്കെതിരേ എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2011ലാണ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."