ഛോട്ടാരാജനെ വധിക്കാന്‍ ദാവൂദ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ അധോലോക നേതാവ് ഛോട്ടാ രാജനെ വകവരുത്താന്‍ ദാവൂദ് ഇബ്റാഹിമിന്റെ നേതൃത്വത്തില്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ അടുത്ത കൂട്ടാളിയായ നീരജ് ബവാനയുടെ നേതൃത്വത്തിലാണ് പദ്ധതിയെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇതേ തുടര്‍ന്ന് ഛോട്ടാ രാജന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
തിഹാര്‍ ജയിലില്‍ തന്നെയാണ് ബവാനയും കഴിയുന്നത്. തന്നെ കാണാനെത്തിയ ഒരാളോട് ഇയാള്‍ ഛോട്ടാ രാജനെ വധിക്കുമെന്ന കാര്യം അറിയിച്ചതായി സൂചിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഇതേ തുടര്‍ന്ന് ബവാനയെ തനിച്ച് ഒരു സെല്ലിലേക്ക് മാറ്റിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിഹാര്‍ ജയിലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നീരജ് ബവാനയുടെ സംഘത്തിലുള്ള ആളുകള്‍ മദ്യപിച്ച ശേഷം ഇതേക്കുറിച്ച് സംസാരിക്കുന്നത് കേട്ട ഒരാളാണ് ഉദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചതെന്നും ഇതേ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചതെന്നുമാണ് വിവരം.
കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ദാവൂദ് ഇബ്രാഹിമിന്റെയും ഡീ കമ്പനിയുടെയും മുഖ്യശത്രുവാണ് ഛോട്ടാ രാജന്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ശേഷം ഛോട്ടാ രാജന് കൊടുക്കുന്ന ഭക്ഷണം പോലും പരിശോധന നടത്തിയ ശേഷമാണ് നല്‍കുന്നത്.
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രിമിനല്‍ സംഘങ്ങള്‍ വഴി ഛോട്ടാ രാജനെ വധിക്കാന്‍ ഡി കമ്പനി നിരവധി തവണ ശ്രമിച്ചിരുന്നു.
ഏതെങ്കിലും തരത്തില്‍ രാജനെ ആക്രമിക്കാന്‍ സാധിച്ചാല്‍ അത് ഡി കമ്പനിയുടെ വിജയവും ഇന്ത്യന്‍ സുരക്ഷയുടെ വീഴ്ചയായും കണക്കാക്കപ്പെടും.
വിവാദ വ്യവസായി വിജയ് മല്യയടക്കമുള്ളവര് ഇന്ത്യന്‍ ജയിലുകള്‍ മോശമാണെന്ന് പറയുന്ന സാഹചര്യത്തില്‍ രാജനെതിരേയുണ്ടാകുന്ന ചെറിയ ആക്രമണം പോലും വിപരീത ഫലമാകും ഉണ്ടാക്കുകയെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."