ജപ്പാന്‍ ഭൂകമ്പം: മരണം 48 ആയി, തുടര്‍ ചലനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ജപ്പാന്‍ ഭൂകമ്പം: മരണം 48 ആയി, തുടര്‍ ചലനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ടോക്യോ: ജപ്പാനിലെ പടിഞ്ഞാറന്‍ തീരനഗരമായ ഇഷിക്കാവയില്‍ പുതുവര്‍ഷദിനത്തിലുണ്ടായ ഭൂകമ്പത്തില്‍ മരണം 48 കവിഞ്ഞു. ഭൂകമ്പബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പ് പിന്‍വലിച്ചു. അതേസമയം, ശക്തമായ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.
നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീരമേഖലയിലെ ആണവനിലയങ്ങള്‍ക്ക് ഭൂകമ്പത്തില്‍ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, തുടര്‍ചലനങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരമേഖലയിലെ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആകെ 155 ഭൂചലനങ്ങള്‍ മേഖലയില്‍ അനുഭവപ്പെട്ടതായാണ് ജപ്പാന്‍ ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. ഇഷിക്കാവയില്‍ പലയിടത്തും റോഡും വൈദ്യുതിവിതരണവും തകര്‍ന്നു. 33,000 വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വൈകീട്ട് നാലിനു ശേഷമാണ് ഇഷിക്കാവ തീരത്ത് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇഷിക്കാവ, ഹോന്‍ഷു, ഹൊക്കായ്‌ഡോ ദ്വീപുകളില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. അഞ്ചര മീറ്റര്‍ ഉയരത്തില്‍ തിരമാല ആഞ്ഞടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. പലയിടത്തും ഒന്നരമീറ്ററോളം ഉയരത്തില്‍ തിരമാലകളെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."