മത്സരം വേണ്ട, ഉത്സവം മതി; ഒരുമയുടേതാവട്ടെ കലോത്സവം
വി.ശിവൻകുട്ടി
സമാനതകളില്ലാത്ത, കേരളത്തിന്റേതെന്നുമാത്രം അഭിമാനിക്കാവുന്ന മതനിരപേക്ഷ സാംസ്കാരിക സംഗമമാണ് കേരള സ്കൂള്‍ കലോത്സവം. 62ാമത് കേരള സ്കൂള്‍ കലോത്സവം ഇന്ന് ആരംഭിച്ച് ജനുവരി 8ന് സമാപിക്കും. ചരിത്രം എന്നും ത്രസിപ്പിക്കുന്ന കൊല്ലത്തെ ആശ്രാമം മൈതാനമാണ് പ്രധാനവേദി. 23 വേദികള്‍ വേറെയുമുണ്ട്.
കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേൽക്കാന്‍ നിറഞ്ഞ മനസോടെ കാത്തിരിക്കുകയാണ് സാംസ്കാരിക കേരളം. 1957ല്‍ ഇരുനൂറോളം പേര്‍ പങ്കെടുത്ത ഒരു കലാമത്സരമെന്ന നിലയില്‍ തുടങ്ങിയ സ്കൂള്‍ കലോത്സവം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് കൊല്ലത്ത് എത്തുന്നത് പതിനാലായിരത്തിലേറെ മത്സരാര്‍ഥികളുമായാണ്.
എറണാകുളം എസ്.ആര്‍.വി ഹൈസ്കൂളിലാണ് ആദ്യ കലാമേള നടന്നത്.
പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തും പ്രോത്സാഹനങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് മേള ഓരോ പടവും മുന്നേറിയത്. ഒരു ദിവസത്തെ മത്സര പരിപാടിയെന്ന നിലയില്‍നിന്ന് ഒരാഴ്ചത്തെ മഹോത്സവമായി മാറിയതിനു പിന്നില്‍ ഒട്ടേറെ ആലോചനകളും ചര്‍ച്ചകളും ഉണ്ടായിരുന്നു. മത്സരങ്ങളുടെ ഗൗരവം വര്‍ധിച്ചപ്പോള്‍ കൃത്യമായ നിയമാവലികള്‍ രൂപപ്പെടേണ്ട സാഹചര്യം വന്നു. ഇത് സ്കൂള്‍ കലോത്സവ മാന്വലിന്റെ ആവിര്‍ഭാവത്തിലേക്ക് നയിച്ചു. ആഗോളീകരണം തനതുകലകളെയും സാംസ്കാരിക തനിമകളെയും ഇല്ലായ്മ ചെയ്തപ്പോള്‍ അതിനെതിരേ തനതുകലകളെയും സംസ്കാരത്തെയും നിലനിര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ കേരള സ്കൂള്‍ കലോത്സവം വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
പ്രാദേശിക കലാരൂപങ്ങളെ നിലനിര്‍ത്തുക എന്ന നിലപാടിന്റെ ഭാഗമായാണ് ആദിവാസി ഗോത്ര സംസ്കൃതിയുടെ ഭാഗമായ മംഗലംകളി കൊല്ലത്ത്, ആദ്യമായി സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമാക്കുന്നത്.
കേരളത്തിന്റെ സാംസ്കാരിക തനിമ അനാവരണം ചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും കുട്ടികള്‍ക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്കൂള്‍ കലോത്സവങ്ങള്‍. ഇതെല്ലാം പറയുമ്പോഴും ചില രക്ഷിതാക്കളെങ്കിലും ഈ പൊതുപഠനവേദിയെ അമിതമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാന്‍ ശ്രമിക്കുന്നുവെന്നതും കാണാതിരിക്കാന്‍ കഴിയില്ല. ഇതിനെതിരേ സ്വയം ജാഗ്രത്താവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
കുട്ടികള്‍ക്ക് നിര്‍ഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും വേദിയാകേണ്ട കലോത്സവം ഒരുതരത്തിലും ചെറിയ അളവില്‍ പോലും കടുത്ത മത്സരങ്ങള്‍ക്കുള്ള വേദിയാക്കാനോ അനാരോഗ്യ പ്രവണതകള്‍ക്ക് വഴിയൊരുക്കാനോ അനുവദിക്കാന്‍ കഴിയില്ല. അനാരോഗ്യ മത്സരങ്ങള്‍ പലപ്പോഴും മേളയുടെ നിറം കെടുത്തുന്നതിന് കാരണമായി മാറും എന്നതിലുപരി അത് കുട്ടികളുടെ വൈകാരിക വികാസത്തെ ഗൗരവമായി ബാധിക്കുമെന്നതും കാണാതെ പോകരുത്.
അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരള സ്കൂള്‍ കലോത്സവ നടത്തിപ്പില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ അതും പരിഗണിക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണ്. കലോത്സവ മാന്വല്‍ പരിഷ്ക്കരിച്ചുകൊണ്ട് സാധ്യമായ പരിവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം വരുത്തണമെങ്കില്‍ അതും ആകാം.
ഒരുമയുടെ സന്ദേശം സ്വയം ഉള്‍ക്കൊള്ളേണ്ട, മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയില്‍ ഉയര്‍ത്താന്‍ നിര്‍ണായക പങ്കുവഹിക്കേണ്ടത് രക്ഷിതാക്കളും മുതിര്‍ന്നവരുമാണ്.
ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരള സ്കൂള്‍ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും ആവിഷ്ക്കാര വേദിയാക്കി മാറ്റാം. ആത്മവിശ്വാസത്തോടെ ഈ സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് നമുക്ക് വേദി കൈമാറാം. സ്വന്തം കഴിവില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം മറ്റുള്ളവരുടെ കഴിവിനെ മാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ "മത്സരം വേണ്ട, ഉത്സവം മതി' എന്ന കുഞ്ഞുണ്ണിമാഷിന്റെ അഭിപ്രായത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയൂ. ആ ദിശയിലേക്ക് വളരാനും വളര്‍ത്താനും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം. കലോത്സവം സ്നേഹതീരമാകട്ടെ.
(പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."