അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി; തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തിയും; കേരളത്തില്‍ മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി; തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തിയും; കേരളത്തില്‍ മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീന ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
നിലവില്‍ ഇന്ന് രണ്ട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, പാലക്കാട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. എന്നാല്‍ വരും മണിക്കൂറുകളില്‍ യെല്ലോ മുന്നറിയിപ്പുകള്‍ മറ്റ് ജില്ലകളില്‍ കൂടി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. മഞ്ഞ അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഇന്നലെ ആദ്യ ഘടത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്കായിരുന്നു യെല്ലോ അലര്‍ട്ടുണ്ടായത്. എന്നാല്‍ ഉച്ചക്ക് ശേഷം എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, പത്തനം തിട്ട ജില്ലകളില്‍ കൂടി അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
തെക്ക്-കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."