എംഎൽഎയും പൊലിസും തമ്മിലുള്ള തർക്കം; എസ്.ഐക്ക് വീഴ്ച്ചപറ്റിയതായി റിപ്പോർട്ട്, നടപടിക്ക് സാധ്യത
എംഎൽഎയും പൊലിസും തമ്മിലുള്ള തർക്കം; എസ്.ഐക്ക് വീഴ്ച്ചപറ്റിയതായി റിപ്പോർട്ട്, നടപടിക്ക് സാധ്യത
കണ്ണൂർ: കല്യാശ്ശേരി എംഎൽഎ എം. വിജിനും ടൗൺ എസ്.ഐയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ എസ്.ഐക്ക് വീഴ്ച്ചപറ്റിയതായി റിപ്പോർട്ട്. കണ്ണൂർ ടൗൺ എസ്.ഐ ടി.പി. ഷമീലിന് വീഴ്ച സംഭവിച്ചെന്ന് സിറ്റി പൊലിസ് കമീഷണർക്ക് കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് പറയുന്നത്. എസ്.ഐ അപമാനിച്ചെന്ന എംഎല്‍എയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് കൈമാറിയ റിപ്പോർട്ടിലും എസ്.ഐക്ക് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ എസ്.ഐ ഷമീലിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
എസ്.ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചു. പ്രോട്ടോകോൾ ലംഘിക്കുന്ന സമീപനമാണ് എം.എൽ.എയോട് സ്വീകരിച്ചത്. കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ മാർച്ചുമായി ബന്ധപ്പെട്ട് യാതൊരു സുരക്ഷാ മുൻകരുതലും സ്വീകരിച്ചില്ലെന്നും എ.സി.പിയുടെ റിപ്പോർട്ടിൽ പറയുന്നു.
കളക്ടറേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കുന്നതിലും എംഎല്‍എയോട് പെരുമാറിയതിലും എസ്.ഐയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. ഷമീലിനെതിരെ നടപടി വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. എംഎല്‍എയെ ഒഴിവാക്കിയെങ്കിലും മാർച്ച് നടത്തിയ നഴ്‌സുമാർക്കെതിരെ കേസെടുത്തതും അനാവശ്യമെന്നാണ് സിപിഎം നിലപാട്. എന്നാൽ, എം. വിജിൻ എംഎൽഎയെ ഒഴിവാക്കി എഫ്ഐആർ. രജിസ്റ്റർ ചെയ്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. എഫ്ഐആറിൽ മാർച്ച് ഉദ്ഘാടകനായ എംഎൽഎയുടെ പേര് ഉൾപ്പെടുത്താതാണ് വിമർശനത്തിന് വഴി വെച്ചത്. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമാണ് പ്രതികൾ.
കളക്ടറേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്.ഐയുടെ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പ്രകടനമായെത്തിയ നഴ്സുമാർ അകത്തുകയറിയത് തടയാൻ പൊലീസ് ഇല്ലാതിരുന്നതുകൊണ്ട്, വീഴ്ച പൊലിസിനെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പിന്നെ എന്തിന് കേസെന്നും എം വിജിൻ എംഎൽഎ തിരിച്ചടിച്ചു. എന്നാൽ എസ്.ഐയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.
പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ചുകൊണ്ട് എസ്‌ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി. ”ഇയാളുടെ സുരേഷ് ഗോപി സ്‌റ്റൈല്‍ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട. ഇയാള്‍ ഒറ്റയൊരുത്തനാണ് കാരണം. ആരാണ് ഇയാളെ പൊലീസില്‍ എടുത്തത്? ആദ്യം നമ്മള്‍ മാറാമെന്ന് പറഞ്ഞതല്ലേ? ഇയാളാരാ സുരേഷ് ഗോപി സ്‌റ്റൈല്‍ ഇവിടെ കാണിക്കാന്‍. ഇയാളൊക്കെ എവിടുന്നാ എസ്‌ഐ ആയത്. പൊലീസിന് അപമാനം ഉണ്ടാക്കരുതെന്ന് പറ. ഇതു കേരളത്തിലെ പൊലീസാണ്. പിണറായി വിജയന്റെ പൊലീസാണ്.”- എസ്.ഐയോട് വിജിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."