സ്‌പെഷലിസ്റ്റ് അധ്യാപക തസ്തികകള്‍ ഇല്ലാതാകും
സ്‌പെഷലിസ്റ്റ് അധ്യാപക തസ്തികകള്‍ ഇല്ലാതാകും
ഐ.പി അബു പുതുപ്പള്ളി
തിരൂര്‍ (മലപ്പുറം)• സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഘടനയും സേവന – വേതന വ്യവസ്ഥകളും വ്യക്തമാക്കുന്ന സ്‌പെഷല്‍ റൂള്‍സ് നടപ്പിലാക്കുന്നതോടെ സ്‌കൂളിലെ സ്‌പെഷലിസ്റ്റ് അധ്യാപക തസ്തികകള്‍ ഇല്ലാതാവും.
കായികം, കല, ക്രാഫ്റ്റ്, തുന്നല്‍ അധ്യാപകരാണ് സ്‌പെഷലിസ്റ്റ് അധ്യാപകരില്‍ ഉള്‍പ്പെടുന്നത്. എല്ലാ സ്‌കൂളുകളിലും ഇവയില്‍ ഒന്നിന്റെ സേവനം ഉറപ്പാക്കാന്‍ കഴിയണമെന്നാണ് സ്‌പെഷല്‍ റൂള്‍സ് നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വേര്‍തിരിവ് പൂര്‍ണമായും ഒഴിവാക്കി ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളുകളുടെ പേരില്‍ മാറ്റമുണ്ടാവും.
8 മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ ഇനി സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നാണ് അറിയപ്പെടുക. എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി എന്നീ അധ്യാപക തസ്തികകളും സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ എന്നായി മാറും. യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകും. എന്നാല്‍ നിലവില്‍ മതിയായ പിരീഡുകളുള്ള ഹൈസ്‌കൂളുകളില്‍ കെ.ഇ.ആര്‍ പ്രകാരം ഈ മൂന്ന് തസ്തികകളും അനുവദിക്കുന്നുണ്ട്.
സ്‌പെഷല്‍ റൂള്‍സ് നടപ്പിലാകുന്നതോടെ ഇത് ഒരു തസ്തിക മാത്രമായി ചുരുങ്ങും. ഇതോടെ പാഠ്യപദ്ധതിയും തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുമുള്ള ''ആരോഗ്യ – കായിക വിദ്യാഭ്യാസം'' ആരു പഠിപ്പിക്കുമെന്ന ആശങ്കയിലാണ് കായികാധ്യാപകര്‍. നിലവില്‍ പ്രൈമറി അധ്യാപക ശമ്പളം മാത്രമാണ് ഹൈസ്‌കൂള്‍ കായികാധ്യാപകര്‍ക്ക് ലഭിക്കുന്നത്. ലയനം പൂര്‍ത്തിയാകുന്നതോടെ വേതന വ്യവസ്ഥകളില്‍ മാറ്റമില്ലാതെ 11, 12 ക്ലാസുകളുടെ അധികച്ചുമതല കൂടി ഹൈസ്‌കൂള്‍ കായികാധ്യാപകര്‍ വഹിക്കേണ്ടി വരും.
സ്ഥിര കായികാധ്യാപക തസ്തികകളില്ലാതാക്കുന്ന നയത്തിനെതിരേ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുമെന്ന് സംയുക്ത കായികാധ്യാപക സംഘടന ജില്ലാ കോഡിനേറ്റര്‍ വി.സജാത് സാഹിര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."