'ഗവര്‍ണര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല, നിലവിട്ട നിലയില്‍ പെരുമാറുന്നു'; രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍
'ഗവര്‍ണര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല, നിലവിട്ട നിലയില്‍ പെരുമാറുന്നു'; രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ നിയമസഭയില്‍നിന്നും മടങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുമായി യാതൊരു വിധ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറല്ലെന്നും എം.വി വ്യക്തമാക്കി.
'ഗവര്‍ണര്‍ കുറേ നാളുകളായി എടുക്കുന്ന നിലപാടുകള്‍ ഭരണഘടനാപരമായി അദ്ദേഹത്തിന് സ്ഥാനത്തിന് യോജിക്കുന്നവയല്ല. ഇത് പല തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. സുപ്രീം കോടതിയില്‍ ഇവ സംബന്ധിച്ച് കേസുകളുമുണ്ട്.
നയപ്രഖ്യാപന പ്രസംഗം നോക്കൂ. സാങ്കേതികമായ രീതിയിലാണ് നയപ്രഖ്യാപന പ്രസംഗം കൈകാര്യം ചെയ്യപ്പെട്ടത്. സാധാരണ ഗവര്‍ണര്‍മാരുടെ കീഴ് വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു സാങ്കേതിക ഭരണഘടന ബാധ്യത അദ്ദേഹം നിര്‍വഹിച്ചു എന്ന് വേണം പറയാന്‍. അദ്ദേഹത്തിന് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് അന്നത്തോടെ മനസിലായി.
ഒരു ഗവര്‍ണര്‍ എന്ന നിലയില്‍ പൊതുവില്‍ പെരുമാറേണ്ട രീതിയിലല്ല അദ്ദേഹമന്നവിടെ പെരുമാറിയത്. ഗവര്‍ണര്‍ പദവിയുടെ അന്തസിന് യോജിക്കാത്ത രീതിയായിരുന്നു അതെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. നിലവിട്ട പെരുമാറ്റമാണ് അദ്ദേഹം കാഴ്ച്ച വെയ്ക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കൊപ്പം ഇതും ചേര്‍ത്തു വയ്ക്കാം,' ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് നടത്തുന്ന സമ്മേളനം കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. അന്നേദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഐക്യദാര്‍ഢ്യ പ്രതിഷേധ പരിപാടികള്‍ നടത്തും. ഫെഡറല്‍ സംവിധാനം രക്ഷിക്കാനുള്ള സമരത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഗൂഢ നീക്കത്തോടെയാണ് സംസ്ഥാനത്തോട് പെരുമാറുന്നത്.
സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ തെറ്റായി ഇടപെടുകയാണ്. ഫെബ്രുവരി എട്ടിന് രാവിലെ കേരള ഹൗസില്‍നിന്നായിരിക്കും മാര്‍ച്ച് ആരംഭിക്കുകയെന്നും തുടര്‍ന്ന് സമരം ആരംഭിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."