എസ്.എഫ്.ഐക്കാര്‍ക്കെതിരായ എഫ്.ഐ.ആര്‍ രേഖകളെത്തിച്ചു; ഒടുവില്‍ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ച് ഗവര്‍ണര്‍
എസ്.എഫ്.ഐക്കാര്‍ക്കെതിരായ എഫ്.ഐ.ആര്‍ രേഖകളെത്തിച്ചു; ഒടുവില്‍ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ച് ഗവര്‍ണര്‍
കൊല്ലം: നിലമേലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങി റോഡരികിലിരുന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തതിന്റെ എഫ്.ഐ.ആര്‍ ലഭിച്ചാല്‍ മാത്രമേ തിരികെ പോവുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതു ലഭിച്ച് സസൂഷ്മം പരിശോധിച്ചതിനു ശേഷമാണ് രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങിയത്.
തിരിച്ചറിയാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. 12 പേരുടേ പേരുവിവരങ്ങള്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാര്‍ നിര്‍ത്തിച്ച് ഇറങ്ങിയ ഗവര്‍ണര്‍ പൊലിസുകാരോട് ക്ഷുഭിതനായ ശേഷം ചായക്കടയ്ക്ക് മുന്നില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സംസ്ഥാന പൊലിസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ കാറില്‍ ഇടിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരില്‍ കണ്ടതാണെന്നും എന്നാല്‍ 17 പേര്‍ക്കെതിരെ കേസെടുത്തത് തല്‍ക്കാലം അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്‌ഐആറിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."