വടക്കുകിഴക്കിലെകളിക്കാരന്‍
ബി.ജെ.പി അധികാരത്തില്‍ തുടരുന്ന രാഷ്ട്രീയ ദുര്യോഗം ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നത് കേസുകളുടെ മാറാപ്പാവും. അസം ഫോര്‍ അസമീസ്, ഇന്ത്യന്‍ ഡോഗ്‌സ് ഗോ ബാക്ക് എന്ന് ആര്‍ത്തുവിളിച്ച ആസുവില്‍നിന്ന് കോണ്‍ഗ്രസ് വഴി ബി.ജെ.പിയിലെത്തി ഇപ്പോള്‍ അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മയാവും രാഹുലിനെ വേട്ടയാടുന്ന ആദ്യത്തെ സമന്‍സ് അയക്കുക. ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ അഞ്ചു ദിവസമുണ്ടായിരുന്നു. ഗുവഹാത്തിയിലേക്ക് കടത്തിവിടില്ലെന്ന് പൊലിസ് നേരത്തെ പറഞ്ഞു. ബൈപാസിലൂടെ പൊയ്‌ക്കൊള്ളണം.
അയോധ്യയില്‍ ചടങ്ങുകള്‍ നടക്കെ അസമിലെ ശ്രീനാരായണ ഗുരുവായ ശ്രീമന്ത ശങ്കര്‍ദേവിന്റെ ജന്മസ്ഥലത്തെ ഭതദ്രവ ആശ്രമം സന്ദര്‍ശിക്കാനായിരുന്നു രാഹുലിന്റെ പരിപാടി. ഹിമന്ത അതിനു സമ്മതിച്ചില്ല. അസമിനോടാണ് രാഹുലിന് സ്‌നേഹമെങ്കില്‍ അദ്ദേഹം ഭൂപന്‍ ഹസാരിക സമാധിയില്‍ പോകട്ടെ. അതല്ല ഹിന്ദുധര്‍മത്തോടാണ് താല്‍പര്യമെങ്കില്‍ കാമാഖ്യ ക്ഷേത്രത്തില്‍ പോകട്ടെ. എന്തിന് ഭതദ്രവയില്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു ഹിമന്തയുടെ ചോദ്യം. അസമില്‍ രാഹുലിന്റെ യാത്രക്ക് ആളുകൂടിയത് മുസ്‌ലിം കേന്ദ്രങ്ങളില്‍ മാത്രമാണെന്നും അവിടെത്തന്നെ സ്ത്രീകള്‍ ഒട്ടുമില്ലെന്നും പറഞ്ഞ ഹിമന്ത, ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യുമത്രെ. എന്തിന് തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുന്നുവെന്ന ചോദ്യത്തിന് അദ്ദേഹത്തെ ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് ആവശ്യമുണ്ട്. രാഹുല്‍ എവിടെയൊക്കെ പ്രചാരണത്തിനെത്തുന്നുവോ അവിടെയെല്ലാം ഞങ്ങള്‍ ജയിക്കും.അതാണ് ഹിമന്ത.
ഒന്നാം ഭാരത് ജോഡോ യാത്രയിലെ പോലെയല്ല രാഹുല്‍. അന്ന് ഏറെക്കുറെ കക്ഷി രാഷ്ട്രീയമുക്തമായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മാറിയിരിക്കുന്നു. പ്രത്യേകിച്ച് അസമിലെത്തിയപ്പോള്‍. ഹിമന്തയെ കടന്നാക്രമിക്കുകതന്നെ ചെയ്തു. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് ആവര്‍ത്തിച്ച രാഹുല്‍, കുടുംബത്തെയും കൂട്ടിവച്ചു. അസമിലെ എല്ലാം അവരുടേതാണെന്ന് രാഹുല്‍ പറയുന്നു. മാധ്യമങ്ങളാകട്ടെ, റിസോര്‍ട്ടുകളാകട്ടെ, ചായ എസ്‌റ്റേറ്റുകളാകട്ടെ എല്ലാം.
രാഹുലും ഹിമന്തയും തമ്മിലെ പോരിന്റെ വേരുതേടി അധികം പോകണ്ട. ഗുലാം നബി ആസാദിന്റെ പുസ്തകത്തിലുണ്ട്. അസമിലെ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ഹിമന്ത ആവശ്യപ്പെട്ടപ്പോള്‍ അത് രാഹുല്‍ ചെവിക്കൊണ്ടില്ല. അയാള്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടെടുത്തുവെന്ന് ഗുലാംനബി കുറിക്കുന്നു. തരുണ്‍ ഗൊഗോയിയാവട്ടെ മകന്‍ ഗൗരവിനെ തനിക്കുശേഷം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട ഹിമന്തയെ ചൊടിപ്പിച്ചത്. 2014ല്‍ പത്തു എം.എല്‍.എമാര്‍ക്കൊപ്പം ഹിമന്ത ബി.ജെ.പിയിലെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബി.ജെ.പിക്ക് കീഴടങ്ങിയത് ഇതിനുശേഷമാണ്. 2016ല്‍ ബി.ജെ.പിയെ അസമില്‍ അധികാരത്തിലെത്തിച്ച ഹിമന്തക്ക് അവിടെയും ഒരു ഓപറേഷന്‍ വേണ്ടിവന്നു, മുഖ്യമന്ത്രി പദത്തിലെത്താന്‍. മുഖ്യമന്ത്രിയായ സര്‍വാനന്ദ സോനാവാലയെ മാറ്റിയില്ലെങ്കില്‍ തോല്‍ക്കുമെന്ന് ദേശീയ ബി.ജെ.പി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ഹിമന്തക്ക് കഴിഞ്ഞു. സോനാവാലിനെയും ഹിമന്തയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ സോനാവാല്‍ ഹിമന്തക്കായി രാജിവച്ചു. 2021ലെ തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത് ഹിമന്ത മുഖ്യമന്ത്രിയായിരിക്കെയാണ്. വലിയ ഭൂരിപക്ഷത്തോടെ വീണ്ടും മുഖ്യമന്ത്രിയായി.
2001ല്‍ ജലൂക്ബാരിയില്‍നിന്ന് ഹിമന്ത ആദ്യമായി നിയമസഭയിലെത്തുന്നത് അസം ഗണപരിഷത്തിന്റെ സ്ഥാപകരിലൊരാളായ ബ്രിഗുഫുക്കാനെ തോല്‍പിച്ചാണ്. പിന്നീട് ഇതുവരെ മത്സരിക്കാതിരുന്നിട്ടില്ല. തോറ്റിട്ടുമില്ല. 2021ല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്. എ.ജി.പിയിലായിരിക്കെ അതിന്റെ തലതൊട്ടപ്പന്‍ പ്രഫുല്ലകുമാര്‍ മഹന്തയുടെ സ്വന്തക്കാരനായിരുന്നു. മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈക്യയാണ് ഹിമന്തയെ കോണ്‍ഗ്രസിലെത്തിച്ചത്.
വാക്കുകള്‍ കൊണ്ടായാലും പ്രവൃത്തികൊണ്ടായാലും മുറിവേല്‍പ്പിക്കുകയെന്നത് ഇദ്ദേഹത്തിന്റെ വിനോദമാണ്. തന്റെ അഛന്‍ രാജീവാണെന്നതിന് എന്താടോ തെളിവെന്ന് ഒരു പ്രസംഗത്തില്‍ ഹിമന്ത ചോദിച്ചത് വിവാദമായിരുന്നു. അതിന് തെലങ്കാനയില്‍ വലിയ അനുരണനമുണ്ടായി. അന്നത്തെ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍ ഇയാളെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇന്നത്തെ തെലങ്കാന മുഖ്യമന്ത്രി അന്നു പൊലിസില്‍ പരാതി നല്‍കുകയും ഹിമന്തക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മധ്യപ്രദേശിലെത്തി കമല്‍നാഥിനെ ഹിന്ദുമത പ്രേമം തെളിയിക്കാന്‍ ജന്‍പഥ് പത്തിന് തീവെക്കൂ എന്ന് നിര്‍ദേശിച്ചതാണ്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ബാറക് ഒബാമ ഇന്ത്യന്‍ മുസ് ലിംകളെപ്പറ്റി പരാമര്‍ശിച്ചതിന് കുറെ ഹുസൈന്‍ ഒബാമമാര്‍ ഇന്ത്യയിലുണ്ടെന്നും അവരെ ശരിയാക്കുമെന്നും ഹിമന്ത പറഞ്ഞത് അന്തര്‍ദേശീയ തലത്തില്‍തന്നെ വാര്‍ത്തയായി.
ദേശീയ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റായ ഹിമന്ത, അസമിലെ സര്‍ക്കാര്‍ നടത്തുന്ന മദ്‌റസകളും സംസ്‌കൃത വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളാക്കി മാറ്റി. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള ഹിമന്ത തുടങ്ങിയിട്ടേയുള്ളൂ.
വടക്കുകിഴക്കിലെ കളിക്കാരന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."