നമുക്കും വേണം ബോള്‍ട്ടും ഫെല്‍പ്‌സും
റിയോയിലെ വേദികളില്‍ താരങ്ങള്‍ നിറഞ്ഞാടുന്നതു കാണുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും ഒഫിഷ്യല്‍സിനും നിസാഹയരായി നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളു. എന്നാണ് ഈ അവസ്ഥ മാറുക? ലണ്ടന്‍ ഒളിംപിക്‌സിനെ അപേക്ഷിച്ച് കൂടുതല്‍ മെഡലുകള്‍ നേടണമെന്ന ലക്ഷ്യവുമായിട്ടായിരുന്നു ഇന്ത്യന്‍ സംഘം റിയോയിലെത്തിയത്. എന്നാല്‍ ഓരോ ദിവസം കഴിയും തോറും നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന കാഴ്ചയായിരുന്നു വേദികളില്‍.
കായിക ഭൂപടത്തില്‍ കൃത്യമായ സ്ഥാനമില്ലാത്ത രാജ്യങ്ങളിലെ താരങ്ങള്‍ വരെ ഒളിംപിക്‌സില്‍ മെഡല്‍ നേടുമ്പോള്‍ നമുക്കു മാത്രം മെഡല്‍ നേടാനാവാത്തതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്. ഒളിംപിക്‌സില്‍ 14ാം ദിനം പിന്നിടുമ്പോഴും നമുക്ക് നിരാശ മാത്രമാണ്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഹോക്കി, ഗുസ്തി എന്നിവയിലൊന്നും മെഡല്‍ നേടാനായില്ല.
നമ്മുടെ ഭരണകൂടം ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാഷ്ട്രീയക്കളികളെല്ലാം മാറ്റിവച്ച് കായിക മേഖലയെ ലോകത്തിലെ മികച്ചതാക്കാന്‍ പ്രവര്‍ത്തിക്കണം. 0.1 പോയിന്റ് വിത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ട ബിന്ദ്ര, 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്ററില്‍ 0.1 സെക്കന്‍ഡിന് വെങ്കലം നഷ്ടമായ മില്‍ഖാ സിങ്, 1984ലെ ലോസ് ആഞ്ജലസ് ഒളിംപിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് വെങ്കല മെഡല്‍ നഷ്ടമായ പി. ടി ഉഷ ഇത്തരത്തില്‍ നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് നമുക്ക് പറയാനുള്ളത്.
മറ്റുള്ള രാജ്യങ്ങള്‍ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു മാത്രം പണം വാരിക്കോരി ചെലവഴിക്കുമ്പോള്‍ നമ്മുടെ കായിക മേഖല എന്നും വിവാദത്തിലായിരിക്കും.
ആരു ഭരിക്കണം ആരു ഭരിക്കണ്ട എന്ന തര്‍ക്കങ്ങളിലായിരിക്കും. കൃത്യമായ പ്രോത്സാഹനവും പരിശീലനവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്ക് കായിക ഭൂപടത്തില്‍ മികച്ച ഇടം നേടാനാവും. അതിനു സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മള്‍ റിയോയിലേക്ക് പുറപ്പെടുന്ന ദിവസം വരെ നാട്ടില്‍ വാഗ്വാദങ്ങളും തര്‍ക്കങ്ങളുമായിരുന്നു.
നമ്മുടെ താരങ്ങള്‍ക്ക് പ്രോത്സാഹനം ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ട്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."