HOME
DETAILS

പി. ബാലചന്ദ്രന് സംഭവിച്ചത്; കമ്യൂണിസ്റ്റ് പാർട്ടിക്കും

  
backup
February 12 2024 | 00:02 AM

what-happened-to-balachandra-and-the-communist-party

എ.പി.കുഞ്ഞാമു

തൃശൂർ എം.എൽ.എ പി. ബാലചന്ദ്രനെ കമ്യൂണിസ്റ്റ് പാർട്ടി പരസ്യമായി ശാസിച്ചു. ജില്ലാ സെക്രട്ടറി സ. വത്സരാജിൻ്റേതായി വന്ന പത്രപ്രസ്താവം വിശ്വസിക്കാമെങ്കിൽ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി എഫ്.ബി പോസ്റ്റിട്ടതാണ് എം.എൽ.എ ചെയ്ത കുറ്റം. തന്റെ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് പി. ബാലചന്ദ്രൻ മാപ്പുപറഞ്ഞിട്ടുണ്ട്. തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നു സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും സ. ബാലചന്ദ്രൻ്റേത് പാർട്ടി നിലപാടല്ലെന്ന് ജില്ലാ കമ്മിറ്റി പരസ്യമായി പ്രഖ്യാപിക്കുമ്പോൾ സംഗതി ചില്ലറക്കാര്യമായല്ല പാർട്ടി കരുതുന്നതെന്ന് കണക്കാക്കണമല്ലോ. മാത്രമല്ല, സംഘടനയുടെ ഭാരവാഹിത്വത്തിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നുപോലും ചിലർ ആവശ്യപ്പെട്ടുവത്രേ! ചുരുക്കത്തിൽ അപൂർവങ്ങളിൽ അപൂർവമായ കുറ്റം തന്നെ ചെയ്തിരിക്കുന്നു എം.എൽ.എ എന്നർഥം.


എന്താണ് പി. ബാലചന്ദ്രൻ ചെയ്ത കുറ്റം? അതെങ്ങനെയാണ് ജാഗ്രതക്കുറവാകുന്നത്? ഇതിന്റെ വിശദാംശങ്ങളിലേക്കു കടന്നുചെല്ലുമ്പോൾ എത്തിച്ചേരുക വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ തന്നെയായിരിക്കും. സ. ബാലചന്ദ്രന്റെ എഫ്.ബി പോസ്റ്റിലെ ശ്രീരാമനെക്കുറിച്ചുള്ള പരാമർശത്തിലുണ്ടെന്ന് പറയപ്പെടുന്ന മുനകൾ ഹിന്ദു ജനസാമാന്യത്തിന്റെ മനസിൽ മുറിവേൽപ്പിക്കുമെന്നും സുരേഷ് ഗോപിയെ ഇറക്കി തൃശൂരിനെയങ്ങ് എടുക്കുവാൻ അരയും തലയും മുറുക്കി ബി.ജെ.പി ഒരുങ്ങിനിൽക്കുമ്പോൾ വരാനിരിക്കുന്ന പാർലമെന്റെ തെരഞ്ഞെടുപ്പിൽ അത് പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നും സി.പി.ഐ കരുതുന്നു. അങ്ങനെ ആലോചിക്കുമ്പോൾ സ. ബാലചന്ദ്രന്റെ സർഗഭാവനയേക്കാൾ പാർട്ടിയെ സംബന്ധിച്ചേടത്തോളം കനം തൂങ്ങുന്നത് ശ്രീരാമഭക്തരുടെ വികാരങ്ങൾതന്നെ. കാര്യം ഇടതുപക്ഷമൊക്കെത്തന്നെ;

‘ശ്രീരാമൻ മാംസം കഴിച്ചിരുന്നുവെന്നും കഴിക്കാൻ സീതയെ പ്രേരിപ്പിച്ചുവെന്നും വാൽമീകി രാമായണത്തിലുണ്ട് എന്നതും നേരുതന്നെ.
‘ആ മലമ്പുഴയവ്വണ്ണം കാട്ടി, വൈദേഹി സീതയെ
മാംസത്താൽ പ്രീതയാക്കിക്കൊണ്ടിരുന്നാൻ ഗിരി സാനുവിൽ:
ഇതു മൃഷ്ടമിതോ സ്വാദു, വിതു തീയിൽപ്പൊരിച്ചതാം
എന്നങ്ങിരുന്നാൻ ധർമ്മിഷ്ഠൻ സീതയോടൊത്തു രാഘവൻ’
(തർജമ: വള്ളത്തോൾ)


വാൽമീകി പറഞ്ഞതേ സ. ബാലചന്ദ്രനും പറഞ്ഞുള്ളു. പക്ഷേ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യമൊന്നും വാൽമീകിക്കുണ്ടായിരുന്നില്ല. സ. ബാലചന്ദ്രനുണ്ട്. അത് തിരിച്ചറിഞ്ഞില്ല എന്നതാണ് അദ്ദേഹത്തിന്റെ ജാഗ്രതക്കുറവ്.
സി.പി.ഐ എന്ന ഇടതുപക്ഷപ്പാർട്ടി ഇക്കാര്യത്തിൽ പുലർത്തിയ ജാഗ്രതയാണ് പി. ബാലചന്ദ്രൻ എന്ന കമ്യൂണിസ്റ്റ് എം.എൽ.എയുടെ ജാഗ്രതക്കുറവിനേക്കാൾ കൂടുതൽ പ്രധാനം എന്നതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സവിശേഷ വശം. ബാബരി മസ്ജിദ് തകർത്ത് അവിടെ രാമക്ഷേത്രം നിർമിച്ചതിന്റെ ഓർമയെ ഹിന്ദുരാഷ്ട്ര നിർമിതിക്ക് ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ ശ്രമത്തിൽ ശ്രീരാമചന്ദ്രന്റെ പ്രതിഛായ ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ചേടത്തോളം പരമപ്രധാനമാണ്. രാമൻ എന്ന മെറ്റഫർ പ്രധാനമാണ്.

ജയ്ശ്രീറാം വിളി പ്രധാനമാണ്. ശ്രീരാമന്റെ പ്രതിഛായ നിർമിതിയിലൂടെയാണ് രാമരാജ്യം എന്ന ഹിന്ദു രാഷ്ട്രമുണ്ടാക്കാൻ ബി.ജെ.പി മെനക്കെടുന്നത്. അതിന് പോറലേൽപ്പിക്കുന്ന പ്രസ്താവം കമ്യൂണിസ്റ്റുകാരന്റെ ഭാഗത്തുനിന്നുണ്ടായാൽ രാമഭക്തർ എങ്ങനെ അതിനോട് പ്രതികരിക്കും എന്നോർത്ത് സി.പി.ഐക്കുണ്ടായ ഭയത്തിൽ നിന്നാണ് ഇപ്പറഞ്ഞ ജാഗ്രതയുടെ ഉത്ഭവം.

കുറച്ചുകൂടി തെളിച്ചു പറഞ്ഞാൽ സി.പി.ഐയുടെ ജാഗ്രതയാണ് സ. ബാലചന്ദ്രന്റെ ജാഗ്രതക്കുറവിനേക്കാൾ മതേതരവാദികളെ ആശങ്കപ്പെടുത്തേണ്ടത്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് നിരാകരിച്ചില്ലെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിയിരുന്നുവല്ലോ ഇവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ. ആർക്കാണ് ഹിന്ദുത്വ വികാരങ്ങളെ കൂടുതൽ പേടിയെന്ന് ഒന്നാലോചിച്ചു നോക്കുക.
മുന്നോട്ടോ പിന്നോട്ടോ ?


സ്വാതന്ത്ര്യപ്രാപ്തിയുടെ ഏഴരപ്പതിറ്റാണ്ടിലേറെക്കാലം കൊണ്ട് നമ്മുടെ രാജ്യം സഞ്ചരിച്ചത് മുന്നോട്ടോ അതോ പിന്നോട്ടോ എന്നതിലേക്ക് വിരൽചൂണ്ടുന്ന ഒന്നാണ് പി. ബാലചന്ദ്രനെതിരായുള്ള സി.പി.ഐ നടപടി. 1951ൽ സോമനാഥക്ഷേത്രത്തിന്റെ നടതുറപ്പ് ദിവസത്തിൽ പങ്കെടുക്കാൻ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തീരുമാനിച്ചപ്പോൾ ‘പ്രസ്തുത ചടങ്ങിൽ അധ്യക്ഷനാവാതിരിക്കലാവും നല്ലത്’ എന്ന് അദ്ദേഹത്തിനു കത്തയച്ച ജവഹർലാൽ നെഹ്റുവിന്റെ കോൺഗ്രസ്, പിൽക്കാലത്ത് മൃദുഹിന്ദുത്വത്തിന്റെ പാതയിലേക്ക് നീങ്ങി എന്നാക്ഷേപിക്കുന്നവരാണ് ഇടതുപക്ഷ ലിബറലുകൾ.

എന്നാൽ ഇടതുപക്ഷത്തിന് സംഭവിച്ചതെന്താണ്? ഇതേ മൃദുഹിന്ദുത്വബാധ തന്നെയാണ് ഇടതുപക്ഷത്തിനും സംഭവിച്ചിട്ടുള്ളത്. തങ്ങൾ മതേതരത്വത്തിന്റെ വക്താക്കളാണെന്ന് ഹിന്ദുത്വരാഷ്ട്രീയക്കാർപോലും പറഞ്ഞിരുന്ന കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് തങ്ങളാണ് കൂടുതൽ വലിയ ഹിന്ദുത്വവാദികളെന്ന് മതേതര രാഷ്ട്രീയക്കാർപോലും പറയുന്ന കാലമാണ് ഇതെന്നും സാമൂഹിക ചിന്തകൻ ഡോ. രാമചന്ദ്ര ഗുഹ എഴുതിയതാണ് ഇപ്പോൾ ഓർമവരുന്നത്. ഇത് നമ്മുടെ സമൂഹത്തെ ബാധിച്ച ഹിന്ദുത്വ ബാധയെയാണ് ഓർമപ്പെടുത്തുന്നത്. സ. പി. ബാലചന്ദ്രന്റെ ജാഗ്രതക്കുറവിനെക്കുറിച്ചുള്ള സി.പി.ഐയുടെ തിരിച്ചറിവ് ഹിന്ദുത്വവാദത്തിന്റെ അപകടസാധ്യകളെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ ജാഗ്രതക്കുറവിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വ്യക്തം. നാം ഏഴരപ്പതിറ്റാണ്ടുകൊണ്ട് സഞ്ചരിച്ചത് ഏത് ദിശയിലാണ് - മുൻപോട്ടോ പിന്നോട്ടോ ?


ഈ സന്ദർഭത്തിൽ ബാബരി മസ്ജിദ് വിഷയത്തിൽ ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ നിലപാടുകൾ എന്തായിരുന്നു എന്ന് ആലോചിക്കുന്നതും നല്ലതാണ്. ബാബരി മസ്ജിദ് വിഷയത്തെ ഒരു ആരാധനാലയത്തിന്റെ മേൽ രണ്ടുമതങ്ങൾ ഉന്നയിക്കുന്ന അവകാശത്തർക്കം എന്ന നിലയിലേക്ക് ചുരുക്കിയാണ് വ്യവസ്ഥാപിത ഇടതുപക്ഷം നോക്കിക്കണ്ടത്.

ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ അടിസ്ഥാനശിലയാണ് അയോധ്യയിൽ ഹിന്ദുത്വരാഷ്ട്രീയം പാകുന്നതെന്ന് ഗൗരവപൂർവം ആലോചിച്ചു മനസ്സിലാക്കിയിരുന്നില്ല ഇടതുപക്ഷം. അയോധ്യയിലെ രാമക്ഷേത്രനിർമാണമെന്ന അജൻഡയുടെ രാഷ്ട്രീയ വിവക്ഷകൾ അവർ ഉൾക്കൊണ്ടതേയില്ല. അതുകൊണ്ടാണ് ബാബരി മസ്ജിദ് ചരിത്രസ്മാരകമാക്കുക, സ്ഥലം ഇരുകൂട്ടർക്കും പകുത്തു നൽകുക, താഴേനിലയിൽ പള്ളിയും മുകളിൽ ക്ഷേത്രവും പണിയുക തുടങ്ങിയ അപ്രായോഗിക പരിഹാരങ്ങളിലേക്ക് അവരുടെ ആലോചനകൾ നീങ്ങിയത്.


അയോധ്യ ഉൾപ്പെടുന്ന ലോക്സഭാമണ്ഡലത്തിൽ നിന്ന് അക്കാലത്ത് തെരഞ്ഞെടുക്കപ്പെട്ടത് സി.പി.ഐയുടെ മിത്രസേൻ യാദവായിരുന്നു എന്നുകൂടി ഓർക്കണം. യാദവ് പിന്നീട് പാർട്ടി വിട്ട് സമാജ് വാദിയായി. ഇടതുപക്ഷത്തിന് ഇന്ത്യയിൽ സംഭവിച്ച ദൗർബല്യങ്ങൾ ബാബരി മസ്ജിദുപോലെയുള്ള മർമപ്രധാന വിഷയങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

മസ്ജിദ് പ്രശ്നത്തിലൂടെ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം നമ്മുടെ രാഷ്ട്രസങ്കൽപത്തെ എപ്രകാരമാണ് മാറ്റാൻ ശ്രമിച്ചതെന്ന് മുഖ്യധാരാ ഇടതുപക്ഷം ശ്രദ്ധിച്ചിട്ടേയില്ല. തൃശൂർ ജില്ലയിലെ സി.പി.ഐ നേതൃത്വം ഒരുപടികൂടി മുന്നോട്ട് കടന്ന് പരോക്ഷമായി ഹിന്ദുത്വ അജൻഡയെ എൻഡോർസ് ചെയ്യുകയായിരുന്നെന്നു വേണം കരുതാൻ. സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്കും മറിച്ചൊരു നിലപാടല്ലല്ലോ ഉള്ളത്.


ഇതിൽ കേവല അനവധാനത മാത്രമാണോ ഉള്ളത്, അതല്ല ഇടതുപക്ഷത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിസ്റ്റോറിക് ബ്ലണ്ടറുകൾ തന്നെയോ ഇവ? ഒരിക്കൽ സി.പി.ഐ തിരുവനന്തപുരത്ത് ഒരു മത-സാമുദായിക സംഘടനയുടെ വക്താവിനെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചിരുന്നു. എ. ചാൾസിനെ മത്സരിപ്പിച്ച് നാടാർ വോട്ടുകൾ കൈവശപ്പെടുത്തിയ കരുണാകരതന്ത്രത്തിന്റെ പാളിപ്പോയ ആവർത്തനമായിരുന്നു അത്. ഏറ്റവുമൊടുവിൽ പി.ടി തോമസിന്റെ നിര്യാണത്തിന്നുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിനെതിരിൽ സഭയുടെ സ്ഥാനാർഥിയെ പരീക്ഷിക്കാൻ സി.പി.എമ്മും തീരുമാനിച്ചു.

ഇത്തരം പരീക്ഷണങ്ങൾ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോൾ അവയെ അംഗീകരിക്കാൻ സമ്മതിദായകർ തയാറാവുന്നില്ല. ഇടതുപക്ഷത്തിൽനിന്ന് ഇടതുപക്ഷ നയങ്ങൾ തന്നെയേ ജനങ്ങൾ പ്രതീക്ഷിക്കുന്നുള്ളു എന്നുണ്ടോ?
പി. ബാലചന്ദ്രനെ ശാസിക്കുക വഴി ശ്രീരാമഭക്തരെ അടക്കിയിരുത്താനുള്ള തൃശൂർ മോഡൽ കമ്യൂണിസ്റ്റ് തന്ത്രത്തിന്റെ ജയസാധ്യത എത്രത്തോളമുണ്ട്? ഇത്തരം തന്ത്രങ്ങൾ വിജയകരമായി പ്രയോഗിച്ച ഉദാഹരണങ്ങൾ പാർട്ടിയുടെ ചരിത്രത്തിലുള്ളപ്പോൾ ഇതൊരു പിഴവാണെന്ന് കൃത്യമായി പറഞ്ഞുകൂടാ.

1957ലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ തിരുവിതാംകൂറിലെ പല മണ്ഡലങ്ങളിലും എൻ.എസ്.എസിനും മന്നത്തുപത്മനാഭനും അഭിമതരായ നായർ സ്ഥാനാർഥികളെ മത്സരിപ്പിച്ച എം.എൻ ഗോവിന്ദൻ നായരുടെ തന്ത്രത്തിന്റെ വിജയമായിരുന്നു കേരളത്തിലെ പാർട്ടിയുടെ അധികാരാരോഹണത്തിലൂടെ പ്രകടമായിരുന്നത്. (ആ തെരഞ്ഞെടുപ്പിൽ മത്സരിച്ച തോപ്പിൽ ഭാസിയെന്ന ഭാസ്ക്കര പിള്ള പിന്തുണ തേടി തന്നെ സമീപിക്കാതിരുന്നിട്ടും ഒട്ടും മുഷിയാതെ അവൻ തന്തക്ക് പിറന്ന നായരാ,

അവനെ ജയിപ്പിക്കണം എന്ന് മന്നം പറഞ്ഞതായി ഒരു കഥയുണ്ട്.) ഇത്തരം തന്ത്രങ്ങളുടെ ആവർത്തനം മാത്രമാണ് തൃശൂരിൽ കണ്ടത്. അതിനുവേണ്ടി പടച്ചെടുത്ത ന്യായമാണ് ‘ജാഗ്രതക്കുറവ്’. പാവം സ. ബാലചന്ദ്രൻ! പക്ഷേ ഇത്തരം തന്ത്രങ്ങൾക്ക് എത്രത്തോളമുണ്ട് ഫലപ്രാപ്തി?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  a month ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  a month ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  a month ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  a month ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  a month ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  a month ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a month ago