ജീവന്‍ വകവെക്കാതെ വെടിയേറ്റവരെ രക്ഷിക്കുന്ന ഡോക്ടര്‍; ഗസ്സയുടെ ഹീറോയിനായി ഡോ.അമീറ അല്‍ അസ്വൂലി
ജീവന്‍ വകവെക്കാതെ വെടിയേറ്റവരെ രക്ഷിക്കുന്ന ഡോക്ടര്‍; ഗസ്സയുടെ ഹീറോയനായി ഡോ.അമീറ അല്‍ അസ്വൂലി
ചീറിപ്പാഞ്ഞെത്തിയേക്കാവുന്ന വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും നടുവിലൂടെ രക്ഷകരായെത്തുന്ന നായകന്‍മാരേയും നായികമാരേയും സിനിമകളില്‍ മാത്രമേ നമ്മള്‍ കണ്ടിട്ടുണ്ടാവൂ. ഇതെല്ലാം വെറും കഥകളാണെന്നും ഇതൊന്നും സംഭവിക്കില്ലെന്നാം നാം നമ്മേയും നമ്മുടെ കുഞ്ഞുങ്ങളേയും പറഞ്ഞു ബോധ്യപ്പെടുത്തും. എന്നാലിതാ ഏത് സിനിമാക്കഥയേയും വെല്ലുന്ന യഥാര്‍ഥ നായകര്‍.
സിനിമാക്കഥകളെ വെല്ലുന്ന അവരുടെ സാഹസത്തിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പെടെ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുന്നതിലോ അവരെ പരുക്കേല്‍പിക്കുന്നതിലോ അല്ല ഹീറോയിസമെന്ന് കാണിച്ചു തരികയാണ് അവര്‍ ലോകത്തിന്. ഓരോ ദിവസവും ആയിരക്കണക്കിന് ഇത്തരം ഹീറോകള്‍ക്കാണ് ഫലസ്തീന്‍ സാക്ഷ്യം വഹിക്കുന്നത്. ഒരാളെ പരിചയപ്പെടാം. ഡോ. അമീറ അല്‍ അസ്വൂലി.
വെടിയേറ്റ യുവാവിനെ അവര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഖാന്‍ യൂനിസിലെ അല്‍ നാസേര്‍ ആശുപത്രിയിലാണ് അവര്‍ ജോലി ചെയ്യുന്നത്. ഓരോ ദിവസവും നിരവധി ജീവനുകളാണ് അവര്‍ രക്ഷിക്കുന്നത്. അവരെന്നല്ല ഗസ്സയിലെ ഓരോ ഡോക്ടറും അങ്ങിനെയാണ്.
വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ അവര്‍ അതിസാഹസികമായി രക്ഷിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന വീഡിയോയിലുള്ളത്. കുനിഞ്ഞ വിധത്തില്‍ അവര്‍ യുവാവ് കിടക്കുന്നിടത്തേക്ക് ഓടിപ്പോവുന്നതും അയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ 20 ദിവസമായി ഇസ്‌റാഈലി സൈനികര്‍ അല്‍ നാസേര്‍ ആശുപത്രിയില്‍ തമ്പടിച്ചിരിക്കുകയാണ്. കാണുന്നവര്‍ക്കു നേരെ വെടിയുതിര്‍ത്തും ആക്രമണം അഴിച്ചുവിട്ടും സംഹാര താണ്ഡവമാടുകയാണ് അവര്‍.
ഡോ. അമീറ തന്നെ ഒരു അഭയാര്‍ഥിയാണ്. തെക്കന്‍ ഖാന്‍യൂനിസിലെ അബസാന്‍ അല്‍ ജദീദയിലായിരുന്നു അവരുടെ വീട്. ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ തകര്‍ന്നതാണ് അവരുടെ വീട്. അന്ന് മുതല്‍ ആശുപത്രി വിട്ട് അവര്‍ പോയിട്ടില്ല. പോകാന്‍ അവര്‍ക്കും ഒരിടമില്ല. സമയത്തെ കുറിച്ച് ചിന്തിക്കാതെ അവര്‍ ആ ആശുപത്രിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. മുറിവുകളില്‍ നിന്ന് മുറിവുകളിലേക്ക് മരണത്തില്‍ നിന്ന് മരണത്തിലേക്ക് അങ്ങിനെ ഇസ്‌റാഈലിന്റെ അടങ്ങാത്ത ക്രൂരതകള്‍ക്ക് സാക്ഷ്യമായിത്തീര്‍ന്നിരിക്കുകയാണ് അവരുടെ ജീവിതം. ബോംബുകള്‍ക്കും വെടിയൊച്ചകള്‍ക്കും ഇടയില്‍ ഒരു ജീവിതം. നിലവില്‍ 300 മെഡിക്കല്‍ സ്റ്റാഫുകളും പതിനായിരത്തിലേറെ അഭയാര്‍ഥികളും 500 ഓളം പരുക്ക് പറ്റിയവരും മറ്റുമായ രോഗികളുമാണ് ആശുപത്രിയില്‍ ഉള്ളതെന്നാണ് കണക്ക്. എന്നാല്‍ അതിലെത്രപേര്‍ ഇനി ബാക്കിയാവുമെന്ന് അവര്‍ക്ക് ഉറപ്പില്ല. ആശുപത്രിക്കുള്ളിലും പുറത്തുമെല്ലാം സയണിസ്റ്റ് സേനയാണ്. അവര്‍ക്ക് തോന്നുമ്പോഴെല്ലാം അവര്‍ വെടിയുതിര്‍ത്തു കൊണ്ടിരിക്കുന്നു. നിസ്സഹായരായി ഈ ജനതക്കു നേരെ നിറയൊഴിക്കുന്നത് ഒരു എന്റര്‍ടൈന്‍മെന്റാണിപ്പോള്‍ ഈ നരാധമര്‍ക്ക്.
ആശുപത്രികള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങള്‍ വംശഹത്യ ആരംഭിച്ച ഒക്ടോബര്‍ ഏഴ് മുതല്‍ നമ്മള്‍ കാണുന്നതാണ്. ഒക്ടോബര്‍ 18ന് ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങള്‍ നമുക്ക് മറക്കാന്‍ കഴിയില്ല. ഒരു രാവ് വെളുത്തപ്പോള്‍ ആയിരങ്ങള്‍ അഭയം തേടിയ ആശുപത്രിയില്‍ ബാക്കിയായത് മൃതദേഹങ്ങളുടെ നീണ്ട നിരയായിരുന്നു. ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തിനിടെ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുകയും അക്രമണകാരികളായ നായ്ക്കളെ അവിടെയുള്ളവര്‍ക്കു നേരെ അഴിച്ചു വിടുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. ഇതെല്ലാം പുറത്തു വാര്‍ത്തളില്‍ ചിലതുമാത്രം. ലോകമറിയാത്തതും കാണാത്തതുമായ സംഭവങ്ങള്‍ നിരവധി. അവര്‍ക്കിടയില്‍ ശേഷിക്കുന്ന മരുന്നുകളും ഉപകരണങ്ങളുമായി പാഞ്ഞു നടക്കുകയാണ് വിരലിലെണ്ണാവുന്ന മെഡിക്കല്‍ സംഘം. തങ്ങളുടെ കാഴ്ചക്കുള്ളില്‍ ഒരു ജീവനെങ്കിലും പാഴായിപ്പോവരുതെന്ന പ്രാര്‍ഥനയോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."