HOME
DETAILS

കേന്ദ്രവിരുദ്ധ സമരവും സ്വീകാര്യതയും

  
Web Desk
February 14 2024 | 00:02 AM

anti-central-struggle-and-acceptance

സി.വി ശ്രീജിത്ത്


ദക്ഷിണേന്ത്യയില്‍ പ്രകടമായി കേന്ദ്ര അവഗണന നേരിടുന്നുവെന്ന പരാതി ഉന്നയിക്കുന്നത് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ്. രാജ്യത്തെ ഭരണഘടന അനുശാസിക്കുംവിധം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഭവവിഹിത വിതരണം നടത്താത്തതും വികസന മേഖലയില്‍ തുടരുന്ന പക്ഷപാതിത്വവുമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കേന്ദ്രവിരുദ്ധ നിലപാടിന്റെ അടിസ്ഥാന കാരണം. തങ്ങളുടെ എതിരാളികളായ തമിഴ്‌നാടിനോടും കേരളത്തോടും സ്വീകരിച്ചുപോന്ന അതേ സമീപനമാണ് ഭരണമാറ്റത്തോടെ കര്‍ണാടകയിലും കേന്ദ്രം അനുവർത്തിക്കുന്നത്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി, അഞ്ചിന ഗ്യാരണ്ടി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി ജനങ്ങളുടെ പിന്തുണ ആര്‍ജിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായുള്ള കേന്ദ്രനീക്കം ഒരളവോളം പരിധിവിടുന്നു എന്നാണ് സംസ്ഥാനത്തെ ഭരണ-−പ്രതിപക്ഷ രാഷ്ട്രീയപ്പോരുകള്‍ തെളിയിക്കുന്നത്.


ഏതു വിധേനയും സംസ്ഥാന സര്‍ക്കാരിനെ ധനപരമായി ശ്വാസംമുട്ടിക്കുക എന്ന ലക്ഷ്യമാണു മോദി സര്‍ക്കാരിനുള്ളതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവരികയും പോയവാരം ജന്തര്‍മന്ദറില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രവിരുദ്ധസമരം നടത്തുകയും ചെയ്തതോടെ വിഷയം ദേശീയ ശ്രദ്ധയിലുമെത്തി. സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങളും ഭരണപക്ഷ എം.എല്‍.എ എം.എല്‍.സിമാരും എം.പിമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത സമരം, ഫെഡറല്‍ തത്വങ്ങള്‍ അവഗണിച്ച് തങ്ങളുടെ ഇഷ്ടാനുസരണം വിഭവവിഹിത വിതരണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധമായി മാറി. കര്‍ണാടകയുടെ സമരത്തിനു പിന്നാലെ കേരളവും ഡല്‍ഹിയില്‍ സമരവുമായെത്തിയത് കേന്ദ്ര, സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സഗൗരവമായ ചര്‍ച്ചകള്‍ക്കും വഴിതുറന്നു.


ദക്ഷിണേന്ത്യയിലെ സംഘ് പ്രവേശനകവാടം പൂട്ടി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ഉലഞ്ഞതാണ് കര്‍ണാടകയും കേന്ദ്രവും തമ്മിലുള്ള സൗഹൃദം. അഞ്ചിന ഗ്യാരണ്ടി പദ്ധതിയിലെ രണ്ടാമത്തെ ഇനമായ അന്നഭാഗ്യ പദ്ധതിക്കുള്ള അരിവിഹിതം പൊടുന്നനെ ഇല്ലാതാക്കിയപ്പോൾ കേന്ദ്രം ശത്രുത കാട്ടുന്നതായുള്ള പ്രചാരണവുമായി സിദ്ധരാമയ്യ സര്‍ക്കാര്‍ രംഗത്തുവന്നു. പദ്ധതിപ്രകാരം ദരിദ്രജനവിഭാഗങ്ങള്‍ക്കു നല്‍കാനായി അരിവേണമെന്ന കര്‍ണാടകയുടെ ആവശ്യത്തോട് തുടക്കത്തില്‍ അനുകൂലമായും പിന്നീട് ഉടക്കുമായും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രതികരിച്ചു. ഒടുവില്‍ അരി ലഭിക്കില്ലെന്ന ഘട്ടമെത്തിയപ്പോള്‍ അരിക്കുപകരം ഗുണഭോക്താവിനു പണം നല്‍കിയാണ് അന്നഭാഗ്യയ്ക്കു സിദ്ധരാമയ്യ സര്‍ക്കാര്‍ തുടക്കമിട്ടത്. പിന്നീട് പലതവണ കേന്ദ്രത്തിലെത്തി സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്രവിഹിതവും വികസനഫണ്ടും അനുവദിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം കനിഞ്ഞില്ല.


ഇതിനിടയിലാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയ്ക്കു കര്‍ണാടക സാക്ഷിയായത്. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി നിരവധി തവണ ഉദ്യോഗസ്ഥരും മന്ത്രിമാരും മുഖ്യമന്ത്രിയും ഡല്‍ഹിയിലെത്തിയെങ്കിലും ഇതുവരെ പണം അനുവദിക്കാന്‍ കേന്ദ്രം തയാറായില്ല. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകജനതയെ ബാധിക്കുന്ന പ്രശ്‌നംകൂടി ആകയാല്‍ വരള്‍ച്ച വലിയൊരു രാഷ്ട്രീയവിഷയമായി കര്‍ണാടകയില്‍ വളര്‍ന്നു.


കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ 236ൽ 216 താലൂക്കുകളെയും വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റവന്യു, കൃഷി വകുപ്പുകളുടെ പരിശോധനയ്ക്കും കേന്ദ്ര ആഭ്യന്തര കൃഷിമന്ത്രാലയങ്ങളിലെ പ്രത്യേക സംഘങ്ങളുടെ പരിശോധനയ്ക്കും ശേഷമാണ് വരള്‍ച്ചാബാധിത താലൂക്കുകളുടെ പ്രഖ്യാപനം നടന്നത്. മാനദണ്ഡപ്രകാരം അര്‍ഹതയനുസരിച്ചുള്ള വരള്‍ച്ചാ ദുരിതാശ്വാസത്തിനു 216 താലൂക്കുകള്‍ക്ക് അവകാശമുണ്ടെന്നാണ് വിദഗ്ധ സമിതികളെല്ലാം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, നാളിതുവരെ കേന്ദ്രം കര്‍ണാടകയ്ക്കു മുന്നില്‍ കണ്ണുതുറന്നില്ല. കഴിഞ്ഞ സെപ്റ്റംബറില്‍, ആദ്യഘട്ടത്തില്‍ 195 താലൂക്കുകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം (ഐ.എം.സി.ടി) സംസ്ഥാനം സന്ദര്‍ശിക്കുകയും വരള്‍ച്ച വിശദമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു കൈമാറുകയും ചെയ്തു.


ആകെ 18,177 കോടിയുടെ വരള്‍ച്ചാ ദുരിതാശ്വാസമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, കര്‍ഷകര്‍ ഇത്രയേറെ ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടിട്ടും ഒരുരൂപപോലും നൽകിയില്ല. ഇതോടെ കേന്ദ്രം കര്‍ണാടകയോട് പ്രതികാര മനോഭാവം കാട്ടുന്നതായി നിയമസഭയിലടക്കം ഭരണപക്ഷം ആഞ്ഞടിച്ചു. ദുരിതാശ്വാസ ഫണ്ടില്‍ മാത്രമല്ല, അര്‍ഹതപ്പെട്ട നികുതിവിഹിതത്തിലും കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്ന വിവേചനം രാഷ്ട്രീയായുധമാക്കി സര്‍ക്കാര്‍ മുന്നോട്ടുവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാകണം കേന്ദ്രത്തിനെതിരേ കണക്കുനിരത്തിയുള്ള പ്രചാരണത്തിനു കര്‍ണാടക തുടക്കമിട്ടത്.


പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ മുതല്‍ സംസ്ഥാനത്തെ ജി.എസ്.ടി വിഹിതംവരെ കേന്ദ്രത്തിനെതിരായ ആരോപണങ്ങളില്‍ നിറഞ്ഞു. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പ്രത്യേക ഗ്രാന്റ് ഇനത്തില്‍ ഒന്നും കര്‍ണാടകത്തിന് അനുവദിക്കാത്തത് സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ശ്രമിച്ചതായും ആരോപിച്ചു. 4.72 ശതമാനം നികുതിവിഹിതം ലഭിക്കേണ്ട സ്ഥാനത്ത് നിലവില്‍ 3.64 ശതമാനമാണ് അനുവദിക്കുന്നത്. ഇതുകാരണം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ആകെ നികുതിവിഹിതനഷ്ടം 73,593 കോടിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗ്രാന്റ് വെട്ടിക്കുറച്ചതുവഴി 2021-−22 സാമ്പത്തികവര്‍ഷത്തില്‍ 20,000 കോടിയുടെയും 2022-−23 സാമ്പത്തികവര്‍ഷത്തില്‍ 13,000 കോടിയുടെയും നഷ്ടം ഉണ്ടായതായും കര്‍ണാടക വ്യക്തമാക്കുന്നു. 15ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ഇടക്കാലാശ്വാസമായ 5,459 കോടി രൂപ അനുവദിക്കുന്നതിലും ധനമന്ത്രാലയം കാലതാമസം വരുത്തുകയാണ്.


അതേസമയം, രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനു നികുതി പിരിച്ചുനല്‍കുന്നതില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കര്‍ണാടകയ്ക്കാണ്. പ്രതിവര്‍ഷം 4.3 ലക്ഷം കോടിയുടെ നികുതിവിഹിതമാണ് സംസ്ഥാനം കേന്ദ്രത്തിനു നല്‍കുന്നത്. എന്നാല്‍, ഇതില്‍നിന്ന് 12 മുതല്‍ 13 ശതമാനം വരെയാണ് സംസ്ഥാനത്തിനു തിരികെ ലഭിക്കുന്നത്. ഇതാകട്ടെ, കേന്ദ്രം തടഞ്ഞുവയ്ക്കുകയുമാണ്. ആദായനികുതി കോര്‍പറേറ്റ് നികുതിയിനത്തില്‍ സംസ്ഥാനത്തുനിന്ന് പിരിച്ചെടുക്കുന്നത് 2.4 ലക്ഷം കോടി രൂപയാണ്. 1.34 ലക്ഷം കോടിയാണ് ജി.എസ്.ടി ഇനത്തില്‍ കേന്ദ്രത്തിനു ലഭിക്കുന്നത്.


നികുതിവിഹിതത്തോടൊപ്പം വികസന മേഖലയില്‍ വകയിരുത്തിയ കേന്ദ്രവിഹിതവും യഥാസമയം അനുവദിക്കുന്നതില്‍ മോദിസര്‍ക്കാര്‍ വിമുഖത കാട്ടുന്നതായാണ് കണക്കുകള്‍. 2023ലെ കേന്ദ്ര ബജറ്റില്‍ അപ്പര്‍ ഭദ്രാ പ്രൊജക്ടിനായി 5,300 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ഈ വിഹിതത്തില്‍നിന്ന് ഇതുവരെയായും പണം അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നു. നികുതിവിഹിതത്തിലും ദുരിതാശ്വാസനിധി അനുവദിക്കാത്തതിലും ധനകാര്യ കമ്മിഷന്റെ പ്രത്യേക ഗ്രാന്റ് അനുവദിക്കാത്തതിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് തടഞ്ഞുവച്ചതിലും കൂടി 1,87,000 കോടി രൂപയാണ് കര്‍ണാടകയ്ക്കു നഷ്ടമായതെന്നാണ് കണക്കുകള്‍ നിരത്തി കര്‍ണാടക പറയുന്നത്.


സംസ്ഥാനത്തുനിന്ന് പിരിച്ചെടുക്കുന്ന നികുതിവിഹിതം അകാരണമായി വെട്ടിക്കുറക്കുന്നതും അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനാണെന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉന്നയിക്കുന്നു. കേന്ദ്രപദ്ധതികളുടെ ഫണ്ട് നല്‍കാതിരിക്കുന്നതും സംസ്ഥാനം മുന്നോട്ടുവച്ച പ്രധാന പദ്ധതികള്‍ക്ക് അനുമതി അനിശ്ചിതമായി വൈകിപ്പിക്കുന്നതും കര്‍ണാടകയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി വ്യാപകമായ കാംപയിനുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ നികുതി എന്റെ അവകാശം’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിലും വലിയതോതില്‍ പ്രചാരണമുണ്ടായി. സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായ കേന്ദ്രനടപടികളെ പൊതുമധ്യത്തില്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് പ്രചാരണം കൊണ്ട് സാധിച്ചതായാണ് പാര്‍ട്ടിവൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കര്‍ഷകരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരേ പ്രചാരണത്തിനു തുടക്കമിട്ടത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കരുതുന്നു.


അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനയ്‌ക്കെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാഗത്തുനിന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ട നികുതിവിഹിതം, വികസന ഫണ്ടുകള്‍, ദുരിതാശ്വാസ സഹായം തുടങ്ങിയ കാര്യങ്ങളില്‍ ഒന്നിച്ചുനിന്നുള്ള പോരാട്ടമാണ് കര്‍ണാടക ലക്ഷ്യമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  13 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  13 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  13 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  13 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  13 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  13 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  13 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  13 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  13 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  13 days ago