ബഷീറിലെ സോക്രട്ടീസിനെ കണ്ടെടുത്ത കൃതി
"പലതരത്തിലും ബഷീറിന്റെ ജീവിതശൈലിക്ക് സോക്രട്ടീസിന്റെ ജീവിതശൈലിയുമായി ബന്ധമുണ്ട്. രണ്ടുപേരും ആളുകളെ ആകര്‍ഷിക്കുന്ന വ്യക്തിത്വങ്ങളായിരുന്നു. ആളുകളോട് സ്ഥിരമായി സംവദിക്കുന്ന ആളുകളായിരുന്നു. പക്ഷേ, സോക്രട്ടീസ് ഒന്നും എഴുതിയിട്ടില്ല. ബഷീറാകട്ടെ വളരെ എഴുതിയ ചിന്തകനാണ്. സോക്രട്ടീസ് ഒരു കാര്യത്തില്‍ ഭാഗ്യവാനാണ്. ലോകം കണ്ടതില്‍വച്ച് ഏറ്റവും ശക്തമായ ഭാഷാവൈഭവമുള്ള പ്ലേറ്റോ, സോക്രട്ടീസിന്റെ ആരാധകനായി മാറുകയും അദ്ദേഹത്തെ തന്റെ കൃതികളിലൂടെ ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തു.
സോക്രട്ടീസിന് തുല്യനാണ് ബഷീര്‍ എങ്കിലും പ്ലേറ്റോവിന്റെ ഭാഷാവൈഭവമുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടായില്ല, ബഷീറിനെപ്പറ്റി എഴുതാന്‍!' (ഗാന്ധിയും ബഷീറും: മൗലികതയുള്ള ഇന്ത്യന്‍ ദാര്‍ശനികര്‍/ കെ. അരവിന്ദാക്ഷന്‍, കെ.പി ശങ്കരന്‍/ പ്രസാധനം: പുസ്തക പ്രസാധക സംഘം). വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഇത്രയും മൗലികമായ തിരിച്ചറിവുള്ള മറ്റൊരു പുസ്തകം മലയാളത്തില്‍ വായിച്ചതായി ഓര്‍ക്കുന്നില്ല. വാസ്തവത്തില്‍ ബഷീര്‍ പഠനങ്ങള്‍ എന്നപേരില്‍ നമ്മുടെ ഭാഷയില്‍ വന്ന പുസ്തകങ്ങളുടെ ശുഷ്‌കത വിളിച്ചുപറയുന്നുണ്ട് മേലുദ്ധരിച്ച ഒറ്റവാചകംതന്നെ. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ ഫിലോസഫി പ്രൊഫസറായിരുന്ന കെ.പി ശങ്കരനും എഴുത്തുകാരനും ഗാന്ധിയന്‍ ചിന്തകനുമായ കെ. അരവിന്ദാക്ഷനും നടത്തിയ സംഭാഷണത്തിന്റെ പുസ്തകരൂപമാണ് എമ്പത് പേജുകള്‍ വരുന്ന ഈ പുസ്തകം. കെ.പി ശങ്കരന്റെ "Gandhi and the Centrality of Ethics' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയാണ് ഈ സംഭാഷണം.
പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രസാധകന്റെ ബ്ലര്‍ബില്‍ ഇങ്ങനെ വായിക്കാം: സോക്രട്ടീസ്, ബുദ്ധന്‍, ഗാന്ധി, ബഷീര്‍ എന്നിവരിലൂടെ വികസിക്കുന്ന സംഭാഷണം ഇന്ത്യ അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രീയം, പാരിസ്ഥിതിക ദുരന്തങ്ങള്‍, ഭൂമിയുടെയും ജീവന്റെയും അതിജീവനം എന്നീ കാതലായ പ്രശ്‌നങ്ങള്‍ വെളിവാക്കുന്നു. ക്രിയാത്മക പരിഹാരം തേടുന്നു:
പുസ്തകത്തില്‍ കെ.പി ശങ്കരന്‍ പറയുന്ന മറ്റൊരു ബഷീര്‍ തിരിച്ചറിവ് ഇങ്ങനെ: വൈക്കം മുഹമ്മദ് ബഷീറിനെ ചെറുപ്പത്തിലേ വായിച്ചുതുടങ്ങിയിരുന്നു. ഒട്ടുമുക്കാലും 1980ല്‍ ഞാന്‍ വായിച്ചുതീര്‍ത്തിരുന്നു. അന്നൊന്നും അദ്ദേഹത്തെ ഒരു തത്വചിന്തകനായി ഞാന്‍ കണ്ടിരുന്നില്ല. 2012ല്‍ റിട്ടയര്‍ ചെയ്തു. 2014ല്‍ മീരയും ഞാനും കൊച്ചിയിലേക്ക് മാറിത്താമസിച്ചു. ഞങ്ങളുടെഫ്ളാറ്റിന്റെ അടുത്താണ് കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയിലേക്കു പോകുന്ന വഴി. എല്ലാ ദിവസവും രാവിലെ നടക്കാന്‍ ആ വഴിയാണ് പോകാറ്. ആ നടത്തം അഞ്ചരയ്ക്കും ആറു മണിക്കും ഇടക്കായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പാതിവെളിച്ചത്തില്‍ ഒരു വീടിന്റെ പോര്‍ട്ടിക്കോയില്‍ ഒരാള്‍ എന്തിനെയോ അടിക്കുന്നതായി കണ്ടു.
പെട്ടെന്ന് എന്റെ മനസില്‍ "ഭൂമിയുടെ അവകാശികള്‍' എന്ന ബോധം അനുഭവപ്പെട്ടു. ഞാന്‍ പെട്ടെന്ന് ആ വീട്ടിലേക്കു ചെന്നുനോക്കിയപ്പോള്‍ ഒരു പാമ്പിനെയായിരുന്നു ആ മനുഷ്യന്‍ അടിച്ചിരുന്നത്. ഞാന്‍ ആ വടിവാങ്ങി എന്തൊക്കെയോ പിറുപിറുത്ത് ആ ജീവന്‍ പോവാറായ ജന്തുവിനെ വടിയില്‍ തൂക്കി പുല്ലുള്ള സ്ഥലത്തു കൊണ്ടുവച്ചു, തിരിച്ചുപോയി. ആ വീടിന്റെ ഉടമസ്ഥനോടു ചോദിച്ചു, നിങ്ങള്‍ മുഹമ്മദ് ബഷീറിന്റെ "ഭൂമിയുടെ അവകാശികള്‍' വായിച്ചിട്ടുണ്ടോ? പരിഭ്രമിച്ച് അയാള്‍ എന്റെ മുഖത്തു നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു, എല്ലാം ഭൂമിയുടെ അവകാശികളാണ്. നിങ്ങള്‍ മുഹമ്മദ് ബഷീറിന്റെ "ഭൂമിയുടെ അവകാശികള്‍' വായിക്കൂ എന്ന്. അത്രയും പറഞ്ഞ് ഇറങ്ങിനടന്നു. ഈ സംഭവം എന്നെ അത്ഭുതപ്പെടുത്തി. എന്നെ ഒരു മാസ്മര ശക്തിയാണ് ആ കൃത്യം നിര്‍വഹിക്കാന്‍ പ്രേരിപ്പിച്ചത്. അന്നുതന്നെ ഞാന്‍ ഡി.സി ബുക്‌സില്‍ പോയി ബഷീറിന്റെ രണ്ടു വാള്യങ്ങളുള്ള പൂര്‍ണ കൃതികളുമായി വീട്ടിലെത്തി, വായന തുടങ്ങി. ആ രണ്ടാം വായനയിലാണ് ഞാന്‍ ബഷീറിലെ തത്വചിന്തകനെ കാണുന്നത്, പരിചയപ്പെടുന്നത്: ഇത്തരത്തിലൊരു ബഷീര്‍ അനുഭവം ഇതിനു മുമ്പാരെങ്കിലും പങ്കുവച്ചതായും ഓര്‍ക്കാന്‍ കഴിയുന്നില്ല. ബഷീറിലേക്കുള്ള പല വഴികള്‍, മൗലിക നിരീക്ഷണങ്ങളിലും സ്വന്തം ജീവിതാനുഭവങ്ങളിലുംനിന്ന് കെ.പി ശങ്കരന്‍ ഇവ്വിധം തുറന്നിടുകയാണ്.
കെ.പി ശങ്കരന്റെ മറ്റൊരു ബഷീര്‍ നിരീക്ഷണം ഇങ്ങനെ: ഞാന്‍ ഒരു കഥ എടുക്കാം, ആനവാരിയും പൊന്‍കുരിശും: ആനവാരി തിന്‍മയിലേക്ക് ഉറ്റുനോക്കുന്ന കഥാപാത്രമാണ്. അത് സാധാരണ തിന്‍മയാണ്. നമ്മളില്‍ എല്ലാവരിലും എപ്പോഴും വന്നുപോയിക്കൊണ്ടുമിരിക്കുന്ന തിന്‍മ. നരേന്ദ്ര മോദി എന്ന തിന്‍മയല്ല. സാധാരണ തിന്‍മ. തോമയോ? തോമ പൊന്‍കുരിശ് ആവുന്നത് നന്‍മയാല്‍ നയിക്കപ്പെട്ട ആളായതിനാല്‍ ആയിരുന്നു. ഞാന്‍ ഇനി ആ കഥ വിവരിക്കുന്നില്ല. ആ കഥയെ ജാതകകഥകളിലെ അതിഗംഭീരങ്ങളായ കഥകളോട് മാത്രമേ ഉപമിക്കാന്‍ പറ്റുകയുള്ളൂ:
കുഞ്ഞിപ്പാത്തുമ്മയെ കുറിച്ചുള്ള കെ.പി ശങ്കരന്റെ നിരീക്ഷണം ഇങ്ങനെയാണ്: കുഞ്ഞിപ്പാത്തുമ്മ നിഷ്‌കളങ്ക നന്‍മയാണ്. ആ നന്‍മയാണ് ഗാന്ധിയില്‍ പതുക്കെപ്പതുക്കെ വളര്‍ന്നുവന്നത്. ഗാന്ധിയുടെ അവസാന നാളുകളില്‍ അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്ന ധാര്‍മികത നിഷ്‌കളങ്കമായ കുഞ്ഞിപ്പാത്തുമ്മ മാതിരിയുള്ള ഒരു നന്‍മയായിത്തീര്‍ന്നു. വെടികൊണ്ട് വീഴുമ്പോള്‍ ഗാന്ധിയില്‍ കുഞ്ഞിപ്പാത്തുമ്മയുടെ നിഷ്‌കളങ്ക നന്‍മ നിറഞ്ഞുനിന്നിരുന്നു: ഇത്തരത്തില്‍ അങ്ങേയറ്റം മൗലികമായ കെ.പി ശങ്കരന്റെ ശബ്ദം, വീക്ഷണം, നിരീക്ഷണം ഈ ചെറിയ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ബഷീറിന്റെ ആത്മീയത ബുദ്ധന്റെയും ഗാന്ധിയുടെയും സോക്രട്ടീസിന്റെയും ആത്മീയത തന്നെയാണ്. അഹം കേന്ദ്രീകൃത സ്വഭാവം കേന്ദ്രീകരിച്ചു കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന അനുകമ്പ, ദയ, കരുണ, മറ്റു മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളോടും തോന്നുന്ന താല്‍പര്യം- ബഷീര്‍ എന്ന മനുഷ്യനെയും എഴുത്തുകാരനെയും കെ.പി ശങ്കരന്‍ ഇങ്ങനെ ചുരുങ്ങിയ വാക്കുകളില്‍ വിശദമാക്കുന്നു.
തീര്‍ച്ചയായും ഈ പുസ്തകത്തിന്റെ കേന്ദ്ര പ്രമേയം ഗാന്ധി തന്നെയാണ്. ഗാന്ധിയെക്കുറിച്ച് നിരന്തരമായി എഴുതുന്ന ചിന്തകനാണ് കെ.പി ശങ്കരന്‍. തന്റെ ഗാന്ധി ചിന്തയിലേക്ക് പ്രവേശിച്ച ബഷീര്‍ എന്ന മറ്റൊരു ഇന്ത്യന്‍ ദാര്‍ശനികനെക്കൂടി തിരിച്ചറിയുന്നു, അത് അവതരിപ്പിക്കുന്നു എന്നതാണ് ഈ ചെറിയ സംഭാഷണ പുസ്തകത്തിന്റെ മൗലികത. "Gandhi and the Centrality of Ethics' എന്ന കെ.പി ശങ്കരന്റെ പുസ്തകത്തിന്റെ അനുബന്ധം രണ്ട് ബഷീറിനെക്കുറിച്ചുള്ളതാണ് എന്നതും ഇവിടെ ഓര്‍മിക്കേണ്ടതാണ്.
മഹാത്മാ ഗാന്ധിയെക്കുറിച്ച് പൊതുവില്‍ എല്ലാവരും പറയുന്ന കാര്യങ്ങള്‍ (സ്റ്റാറ്റസ്‌കോ--_തല്‍സ്ഥിതി നിലനിര്‍ത്തല്‍) ആവര്‍ത്തിക്കുകയല്ല കെ.പി ശങ്കരന്‍ തന്റെ പുസ്തകത്തിലും ഈ സംഭാഷണത്തിലും ചെയ്യുന്നത്. ഒരുപക്ഷേ, അധികമാരും പറഞ്ഞിട്ടില്ലാത്ത ഗാന്ധിയന്‍ നിരീക്ഷണം ഇങ്ങനെ: ഗാന്ധിയുടെ ആദര്‍ശസമൂഹം ഇന്ത്യന്‍ സ്റ്റേറ്റിനുള്ളില്‍നിന്ന് അതിനെ ഹിംസ കൂടാതെയുള്ള സന്നദ്ധ ഭടന്‍മാരുടെ, സത്യഗ്രഹങ്ങളുടെ കൂട്ടായ്മയായിട്ടാണ് നാം ആദ്യം കാണേണ്ടത്. ഇത് എന്റെ സങ്കല്‍പമാണ്. ഗാന്ധി ഇതിനെപ്പറ്റി കൂടുതല്‍ പറയുകയുണ്ടായിട്ടില്ല. ഈ സന്നദ്ധ ഭടന്‍മാരാണ് ഗാന്ധിയുടെ നിര്‍മാണപ്രവര്‍ത്തകര്‍, സമൂഹത്തിനുള്ളിലും പുറത്തും. ഇവരുടെ പ്രധാന ജോലി നിര്‍മാണ പ്രവര്‍ത്തനങ്ങളെ പരിഷ്‌കരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോഗിക്കുകയുമാണ്. ഇത്തരമൊരു കൂട്ടായ്മയാണ് ലീലഭട്ട് വിഭാവനം ചെയ്ത് പ്രായോഗികമാക്കിയ SEWA. ഇത് ഗാന്ധിയുടെ സ്വരാജ് എന്ന ആശയം വികസിപ്പിച്ചെടുത്ത ഒരു ട്രേഡ് യൂനിയനാണ്:
ഗാന്ധി_-ദലിത് മണ്ഡലത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: ഗാന്ധി ഒരാളല്ല, ഒരാശയമാണ് എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസ്താവന ഇന്ത്യയിലുള്ള അഥവാ ലോകത്തെമ്പാടുമുള്ള അശരണര്‍ക്ക് ഉപയോഗിക്കാവുന്ന ആശയമാണ്. ഈ ആശയത്തിനുള്ള മെച്ചം അതിന്റെ രാഷ്ട്രീയമായും തത്വചിന്താപരമായുമുള്ള ആഴവും പരപ്പുമാണ്. ഈ ആശയം ദലിത് സംഘടനകള്‍ സ്വായത്തമാക്കുമെന്ന് ഞാന്‍ ആശിക്കുന്നു. ദലിതരുടെ സത്യഗ്രഹങ്ങള്‍ ഇന്ത്യയെ ഇളക്കിമറിക്കട്ടെ: ഈ ആശയത്തെ ദലിത് ചിന്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും വിമര്‍ശിക്കാനാണ് കൂടുതല്‍ സാധ്യത. കെ.പി ശങ്കരന്‍ ഇക്കാര്യം കുറച്ചുകൂടി തന്റേതായ നിലയില്‍ വിശദമാക്കുന്നുണ്ട്: ഒരു കാര്യംകൂടി പറയട്ടെ, ഇത് ആവര്‍ത്തനമാണ്, ദലിതനു വേണ്ടത്, അഭികാമ്യമായിട്ടുള്ളത് ശ്രേണീബന്ധമില്ലാത്ത ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ്. ഗാന്ധി എന്ന ആശയം മാത്രമേ ഇതിന് അനുകൂലമായി ലോകത്തിലെ രാഷ്ട്രീയ ചിന്തകളില്‍ ഇപ്പോള്‍ ഉള്ളൂ. മറ്റെല്ലാം കാലാഹരണപ്പെട്ടുപോയി: ഈ വാദഗതിയിലൂടെ പുതിയൊരു സംവാദ മുഖം (ഒരുപക്ഷേ, ദലിത് ചിന്തകരാല്‍ സമ്പൂര്‍ണമായും തള്ളിക്കളായനിടയുള്ള വാദമാണിതെങ്കിലും) തുറക്കാന്‍ കെ.പി ശങ്കരന്‍ ശ്രമിക്കുന്നു.
വിനോബ ഭാവയെ ഈ സംഭാഷണത്തില്‍ കെ.പി ശങ്കരന്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ഗാന്ധിചിന്തകര്‍ ഉയര്‍ത്താത്ത ആ വിമര്‍ശനം ഇങ്ങനെയാണ്: വിനോബ ഒരു ഒറിജിനല്‍ ചിന്തകനല്ല. ഗാന്ധിയുടെ ഒരു അനുയായി മാത്രമാണ്. വിനോബ ഭാവയുടെ ഒരു വലിയ തെറ്റ് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ പിന്തുണച്ചു എന്നതാണ്. ഗാന്ധിയുടെ ഭാഗത്തുനിന്ന് ആലോചിച്ചാല്‍ അത് വളരെ വലിയ തെറ്റാണ്. പിന്നെ, അദ്ദേഹം ചെയ്ത തെറ്റ്, അതും ഗാന്ധിയുടെ ഭാഗത്തുനിന്ന് ആലോചിക്കുമ്പോള്‍, പശുസംരക്ഷണം. ഗാന്ധിയുടെ വിപുലമായ അര്‍ഥത്തില്‍ എല്ലാ മൃഗങ്ങളുടെയും സംരക്ഷണമാണ് എന്നതിനു പകരം വിനോബ അത് പശുവിന്റെ സംരക്ഷണം എന്ന ചുരുക്കിയ അര്‍ഥത്തില്‍ പശു സംരക്ഷണത്തിനു പിന്തുണ നല്‍കി. അതാണ് വിനോബയുടെ ആത്മീയതയില്‍ എനിക്കു മതിപ്പു തോന്നാതിരിക്കാന്‍ കാരണം. അദ്ദേഹത്തിന്റെ ജീവിതം നന്‍മയാല്‍ നയിക്കപ്പെട്ട ജീവിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിനോബ പല നന്‍മകളും ചെയ്തിട്ടുണ്ടായിരിക്കാം. പക്ഷേ, നന്‍മ ചെയ്യല്‍ മാത്രമല്ലല്ലോ നന്‍മകള്‍ നയിക്കപ്പെടുന്ന ജീവിതം എന്നതിനര്‍ഥം. നന്‍മ എന്താണെന്നും നാം എന്തുകൊണ്ട് നന്‍മ ചെയ്യണമെന്നും ബഷീറിന്റെ കുഞ്ഞുപ്പാത്തുമ്മയും പൊന്‍കുരിശ് തോമയും നമുക്ക് കാണിച്ചുതരുന്നുണ്ട്. അതില്‍ കൂടുതലായി എന്താണ് പറയുക?:
സത്യാനന്തര കാലത്തെ സത്യത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നു: ഗാന്ധിയെപ്പറ്റി പല തെറ്റിദ്ധാരണകളും അരുന്ധതി റോയിയെപ്പോലുള്ള എഴുത്തുകാര്‍ ആളുകള്‍ക്കിടയില്‍ പരത്തുന്നതിനെപ്പറ്റി ഞാന്‍ "പോസ്റ്റ് ട്രൂത്ത്' എന്ന ലേഖനത്തില്‍ എഴുതുകയുണ്ടായി. ആ അവസരത്തില്‍ ആ ലേഖനം തുടങ്ങിയത്, ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഹിന്ദുക്കളുടെ ദൈവമായ ഗണേശന്റെ തുമ്പിക്കൈ പ്ലാസ്റ്റിക് സര്‍ജറി കൊണ്ട് ഉണ്ടാക്കപ്പെട്ടതാണെന്ന് മുംബൈയില്‍ ഒരാശുപത്രിയില്‍ പറഞ്ഞ പ്രസ്താവന എടുത്തുകാട്ടിയാണ്. ഈ പ്രസ്താവന ഒരു പ്രധാനമന്ത്രിയുടേതാണെന്ന് ആലോചിക്കുമ്പോഴാണ് ഇത് ഒരു വിഡ്ഢിത്തം മാത്രമല്ല, ശാസ്ത്രത്തെ അവഹേളിക്കുന്ന, ഇവിടെയുള്ള ജനങ്ങളുടെ ബുദ്ധിയെ അവഹേളിക്കുന്ന, ഇന്ന് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കപ്പെടുന്ന സ്ഥിരമായ കള്ളത്തരങ്ങളുടെയും അര്‍ധ സത്യങ്ങളുടെയും മറയില്ലാത്ത ഒഫീഷ്യല്‍ സത്യാനന്തരകാലം ഇന്ത്യയില്‍ ഉടലെടുത്തു എന്ന് ഞാന്‍ പറയാന്‍ കാരണം:
ഇത്തരത്തില്‍ മൗലികമായ നിരവധി ആശയങ്ങള്‍ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ, പൊതുവിലുള്ള "കൈയടി നേടും ചിന്തകരുടെ' ട്രാക്കിലല്ല കെ.പി ശങ്കരന്‍ സഞ്ചരിക്കുന്നത്. വളരെ ആഴത്തില്‍ അന്വേഷിച്ച് തന്റെ കണ്ടെത്തലുകള്‍, നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അത്തരമൊരു ആശയ അവതരണം സാധ്യമാക്കാന്‍ ഈ സംഭാഷണം നയിച്ച കെ. അരവിന്ദാക്ഷന് സാധിച്ചിട്ടുമുണ്ട്. ചോദ്യങ്ങളിലൂടെയുള്ള ഇടപെടലുകള്‍ വളരെ അര്‍ഥവത്താക്കാന്‍ അരവിന്ദാക്ഷന് സാധിച്ചു. അത്തരത്തില്‍ രണ്ടുപേര്‍ സംസാരിച്ചതുകൊണ്ടാണ് മൗലികത ഏറെയുള്ള ഈ സംഭാഷണ പുസ്തകം പുറത്തുവന്നത്. പുസ്തകത്തിന്റെ അനുബന്ധമായി "സംഭാഷണത്തിന്റെ അര്‍ഥതലങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ വി.എച്ച് ദിരാറിന്റെ പഠനവും ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."