ടി.പി വധക്കേസ്: പ്രതികള്‍ക്ക് തിരിച്ചടി, ശിക്ഷ കോടതി ശരിവച്ചു , സി.പി.എം നേതാക്കളെ വെറുതെ വിട്ട നടപടി റദ്ദാക്കി
ടി.പി വധക്കേസ്: പ്രതികള്‍ക്ക് തിരിച്ചടി, ശിക്ഷ കോടതി ശരിവച്ചു , സി.പി.എം നേതാക്കളെ വെറുതെ വിട്ട നടപടി റദ്ദാക്കി
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളി ഹൈക്കോടതി. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചു. കേസില്‍ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണന്‍, 11ാം പ്രതി ജ്യോതി ബാബു എന്നിവരെ വെറുതെവിട്ടത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികള്‍, സര്‍ക്കാര്‍, കെ.കെ രമ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് വരുന്നത്. ജസ്റ്റിസ് ജയശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുന്നത്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യംചെയ്താണു ഹൈക്കോടതിയില്‍ അപ്പീലുകള്‍ എത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരെ പ്രതികളും, പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സി.പി.എം നേതാവ് പി. മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ രമയും നല്‍കിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേസില്‍ പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു പ്രതികളുടെ വാദം.
സി.പി.എം വിട്ടതിനുശേഷം ഒഞ്ചിയത്ത് ആര്‍.എം.പിക്കു രൂപംനല്‍കിയതിലുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് നാലിനു രാത്രി പത്തേകാലിനായിരുന്നു ടി.പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖരനെ കാറിടിച്ചു വീഴ്ത്തി വെട്ടിയതിനുശേഷം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കേസില്‍ കൊടി സുനി, കിര്‍മാണി മനോജ്, സി,പി,എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജയില്‍ശിക്ഷ അനുഭവിക്കവെ 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിച്ചു. സി.പി.എം നേതാവ് പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."