കെ.എസ്.ഇ.ബി എളനാട് സെക്ഷന്‍ രൂപീകരിക്കണം: യു.ആര്‍ പ്രദീപ് എം.എല്‍.എ
ചേലക്കര: വൈദ്യുതി വകുപ്പിന്റെ ചേലക്കര സെക്ഷന്‍ വിഭജിച്ച് എളനാട് സെക്ഷന്‍ രൂപീകരിക്കണമെന്ന് യു.ആര്‍ പ്രദീപ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എം.എല്‍.എ വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നല്‍കി. ഉപഭോക്താക്കളുടെ ബാഹുല്യം കൊണ്ടും പ്രവര്‍ത്തന മേഖലയുടെ വിസ്തൃതി കൊണ്ടും ചേലക്കര സെക്ഷനില്‍ നിന്ന് എളനാട് മേഖലയിലെ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമല്ലാത്ത സ്ഥിതിയാണ്. 25,000 ഉപഭോക്താക്കളാണ് ഈ സെക്ഷന് കീഴിലുള്ളത്. ഇതിന് പുറമെ പഴയന്നൂര്‍ സെക്ഷന് കീഴിലുള്ള 749 കണക്ഷനും പാലക്കാട് ജില്ലയിലെ പുതുക്കോട് സെക്ഷന് കീഴിലെ 443 കണക്ഷനും എളനാട് മേഖലയിലുണ്ട്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളും, ചേലക്കര സെക്ഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. കാറ്റും, മഴയും വന്നാല്‍ മരങ്ങള്‍ ലൈനില്‍ വീഴുന്നത് നിത്യസംഭവമാണ്. വലിയ കാര്‍ഷിക പ്രാധാന്യമുള്ളതാണ് ഈ മേഖലയെന്നും പ്രദീപിന്റെ നിവേദനത്തില്‍ എടുത്ത് പറയുന്നു. നൂറ് കണക്കിന് ചെറുകിട കര്‍ഷകരാണ് ഇവിടെയുള്ളത്. വോള്‍ട്ടേജ് ക്ഷാമം മൂലം വൈദ്യുതി തടസം മൂലവും കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല. ചേലക്കര നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി നടപ്പിലാക്കുന്നതിന് ഊര്‍ജിത ശ്രമം നടന്ന് വരികയാണ്. ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ പ്രതിസന്ധി പിന്നേയും മൂര്‍ഛിക്കും. ഉപഭോക്താക്കളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നും യു.ആര്‍ പ്രദീപ് പറയുന്നു. ഈ കാര്യത്തില്‍ അടിയന്തര നടപടി കൈകൊള്ളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."