അസമില്‍ മുസ്ലിം വിവാഹം, വിവാഹ മോചന നിയമങ്ങള്‍ റദ്ദാക്കി ബിജെപി സര്‍ക്കാര്‍; ഏക സിവില്‍ കോഡിന് മുന്നോടിയെന്ന് അറിയിപ്പ്
ദിസ്പൂര്‍: അസമില്‍ മുസ്ലിം വിവാഹം, വിവാഹ മോചനം എന്നിവക്കായി നിലവിലുണ്ടായിരുന്ന 1935ലെ നിയമം റദ്ദാക്കി മന്ത്രിസഭ. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് പ്രസ്തുത തീരുമാനമെന്ന് ബിജെപി മന്ത്രിയായ ജയന്ത മല്ലബറുവ മാധ്യമങ്ങളെ അറിയിച്ചു. ഇനി മുതല്‍ മുസ്ലിം വിവാഹം.വിവാഹ മോചനം എന്നിവ അസമില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന് കീഴിലായിരിക്കും.
'ഞങ്ങള്‍ ഏക സിവില്‍ കോഡിലേക്ക് (യുസിസി) നീങ്ങുകയാണെന്ന് മുഖ്യമന്ത്രി അടുത്തിടെ പ്രസ്താവിച്ചിരുന്നു. അതിനായി പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിട്ടുണ്ട്. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935ന്റെ കീഴില്‍ 94 മുസ്ലിം രജിസ്ട്രാര്‍മാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഇന്ന് റദ്ദാക്കി. മന്ത്രിസഭ ഇന്ന് ഈ നിയമം അവസാനിപ്പിച്ചു, ഇനി ഈ നിയമപ്രകാരം മുസ്ലിം വിവാഹമോ വിവാഹമോചനമോ രജിസ്റ്റര്‍ ചെയ്യില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഉള്ളതിനാല്‍ എല്ലാ കാര്യങ്ങളും ആ നിയമത്തിലൂടെ ആകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്', ജയന്ത മല്ലബറുവ പറഞ്ഞു.
കൂടാതെ മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണറും ജില്ലാ രജിസ്ട്രാറും ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 94 മുസ്ലിം രജിസ്ട്രാര്‍മാരെ ഓരോ വ്യക്തിക്കും ഒറ്റത്തവണ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കി ചുമതലകളില്‍ നിന്ന് നീക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."