HOME
DETAILS

ഞാന്‍ ആരാണ്? നിര്‍വചനങ്ങള്‍ പരാജയപ്പെട്ടകാലം

  
backup
December 31 2020 | 21:12 PM

article56411-2111

ആരാണ് മനുഷ്യന്‍? എന്താണവന്റെ സത്ത? ഈ പഴയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. എന്തുകൊണ്ട് എന്നാലോചിക്കാന്‍ നാം ഭയക്കുന്നു. എന്താണ് ഭയം? അത് പറയാനും നാം പേടിക്കുന്നു. കുറച്ചുകാലമായി മനുഷ്യന്‍ അത്രമാത്രം നിരാശനും അസ്വസ്ഥനും ചിന്ത നഷ്ടപ്പെട്ടവനുമായി കഴിഞ്ഞിരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരകാലം വീണ്ടും ഓര്‍മിച്ചെടുക്കുക. അത് ജീവിതത്തിലും ധൈഷണികതയിലും വമ്പിച്ച മാറ്റങ്ങള്‍ സൃഷ്ടിച്ചു. മനുഷ്യന്‍ വ്യര്‍ഥതയെക്കുറിച്ചാലോചിച്ചു തുടങ്ങി. ദൈവം മരിച്ചു എന്ന് നീഷെ പ്രവചിച്ചു. അതൊക്കെ പുതിയ തത്ത്വചിന്താ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. മോഡേണിസവും പോസ്റ്റ് മോഡേണിസവും കലയിലും തത്ത്വചിന്തയിലും രൂപപ്പെട്ടു. മനുഷ്യന്‍ അവന്റെ നിലനില്‍പ്പിനെക്കുറിച്ചും മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും വ്യാകുലനായി.
കഴിഞ്ഞ വര്‍ഷം ഏതാണ്ട് തുല്യമായ വ്യാകുലതയുടെ കാലമായിരുന്നു. ഒന്നിലേറെ വര്‍ഷങ്ങള്‍ എന്ന് കൂട്ടിച്ചേര്‍ത്ത് പറയണം. യുദ്ധസമാന കാലം പൗരത്വബില്‍ അവതരിപ്പിച്ചതുമുതല്‍ സമാരംഭിക്കുകയും തുടരുകയും ചെയ്യുന്നു. മതപരമായും ജാതീയമായും ഇന്ത്യന്‍ മനുഷ്യന്‍ വിഭാഗീയനാവുന്നതു നാം കണ്ടു. അയാള്‍ ഒറ്റപ്പെട്ടു. അയല്‍പക്കത്ത് ശത്രുക്കള്‍ രൂപപ്പെടാനും തുടങ്ങി. ആകെ ഒരു ഭയമാണ്. തീര്‍ച്ചയായും രണ്ടു ഭീതികളിലാണ് ഓരോ വ്യക്തിയും അകപ്പെട്ടിരിക്കുന്നത്. പൗരത്വ പ്രശ്‌നം സൃഷ്ടിച്ച ഒരു ഭീതിയും കൊറോണ വൈറസിന്റെ മറ്റൊരു ഭീതിയും.


അങ്ങനെ ലോകത്ത് എവിടേയുമുള്ള മനുഷ്യരേക്കാള്‍ ദുരന്തവും അസ്വാസ്ഥ്യവും ഭയവും പേറുന്നവനായി ഇന്ത്യന്‍ പൗരന്‍ മാറിയിരിക്കുന്നു. ജനിച്ചു ജീവിക്കുന്ന പ്രദേശത്ത് ഒരാള്‍ പ്രവാസിയാവുക, എത്രമാത്രം ദുഃഖകരമാണ്. ഇടയ്‌ക്കൊക്കെ നാം പൗരനല്ലാതാവുന്നതായും വ്യക്തിമാത്രമായി ചുരുങ്ങുന്നതും നാം അറിയുന്നു. നിഗൂഢമായി, ചിലപ്പോള്‍ പ്രത്യക്ഷമായും അധികാരി വര്‍ഗം പറയുന്നു, നിങ്ങള്‍ ഇന്ത്യക്കാരനല്ല, രാജ്യദ്രോഹിയാണ്, രാജ്യത്തിന് പുറത്തുപോകാം എന്ന്. എന്റെ രാജ്യത്തിന്റെ ചരിത്രം ഞാന്‍ പരിശോധിച്ചുനോക്കി, ഉറപ്പുവരുത്തി; ഇതിനോട് പ്രതികരിക്കുന്നവനേ നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിഞ്ഞു.
കൊറോണക്കാലം എന്നെ അനുവദിച്ചത് ഇങ്ങനെ ചിന്തിക്കാനും നിലവിലുള്ള വ്യവസ്ഥയില്‍ നിന്ന് തത്ത്വചിന്തയുടെ കണികകള്‍ കണ്ടെത്താനുമാണ്. മാത്രമല്ല, ഈ ഭരണകൂട ഭീകരതയും വൈറസ് ഭീകരതയും ഒരുമിച്ച് നേരിടേണ്ടി വരുന്നതിലെ പ്രയാസവും ഞാന്‍ മനസിലാക്കി. വീണ്ടും എടുത്ത് വായിച്ചുനോക്കി, ഉമ്പര്‍ട്ടോ എക്കോയുടെ 'ഹൗ ടു സ്‌പോട്ട് എ ഫാസിസ്റ്റ്' എന്ന പ്രബന്ധം, വാസ്തവത്തില്‍ ആ ജോലിയായിരുന്നു ഞാന്‍ രണ്ടായിരത്തി ഇരുപതില്‍ ചെയ്തത്. മനുഷ്യനെ അറിയുകയും കണ്ടെടുക്കുകയുമായിരുന്നു എന്റെ ലക്ഷ്യം. ഫാസിസ്റ്റുകള്‍ ഭരണരംഗത്തെത്തുന്നതും സഹോദര മനുഷ്യരെ ഇരയാക്കുന്നതും ഞാന്‍ അറിഞ്ഞു. ഭാഷയില്‍ ഞാന്‍ ചകിതനായി. ഈ കാലത്തെ എഴുതാന്‍ നിലവിലുള്ള ഭാഷ പോരെന്ന് എനിക്ക് തോന്നി. ധൈഷണികതയെ സമൂഹത്തില്‍ നിന്ന് ചോര്‍ത്തിക്കളയുകയാണ് ഓരോ ഭരണാധികാരികള്‍ എന്നും തിരിച്ചറിഞ്ഞു. നിശബ്ദരാവാന്‍ അവര്‍ ഓരോ വ്യക്തിയേയും പ്രേരിപ്പിച്ചുക്കൊണ്ടിരിക്കുന്നു. അതിനായി നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നുള്ള തുരുപ്പ് കൈയിലുള്ളപ്പോള്‍ എന്തുമാവാമെന്ന് ഭരിക്കുന്നവര്‍ തീരുമാനിക്കുന്നു.


എഴുത്തുകാരെ വിലക്കുന്നു. ബുദ്ധിജീവികളെ അടിമകളാക്കുന്നു. എല്ലാവരേയും ഒരു പോലെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. ഭാവിയെപ്പറ്റി, പ്രത്യാശയെപ്പറ്റി പറയേണ്ടിവരുന്നത് ഈ അവസ്ഥയില്‍ നിന്നുകൊണ്ടല്ലേ? സാധ്യമാകുമോ? ഇല്ല എന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു. നിങ്ങള്‍ പറയേണ്ടത് ഞങ്ങള്‍ പറയാമെന്ന് അധികാരി വര്‍ഗം ആജ്ഞാപിക്കുന്നു. ചോദ്യമരുതെന്ന് നിര്‍ദേശിക്കുന്നു. നമ്മുടെ മുന്‍ഗാമികള്‍ പൊരുതി വാങ്ങിയ സ്വാതന്ത്ര്യം ആരോ കട്ടെടുത്തിരിക്കുന്നെന്ന് ഓര്‍ത്ത് എനിക്ക് കരയാനും ലജ്ജിക്കാനും തോന്നുന്നു. ഒരു രോഗവ്യാപനം സൃഷ്ടിച്ച വിപത്ത്! സ്വാതന്ത്ര്യവും മൂല്യബോധവും നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാ മനുഷ്യാവകാശങ്ങളും ശീര്‍ഷാസനത്തിലാണിന്ന്.


മനുഷ്യ പ്രതിഷേധങ്ങള്‍ക്ക് ഇടമില്ല. വൈറസ് പ്രതിരോധ പ്രോട്ടോക്കോള്‍ അനുസരിച്ചേ മതിയാവൂ. രാഷ്ട്രീയം പാടില്ല. അധികാരികളെ ചോദ്യം ചെയ്യരുത്. പ്രതികരിക്കുന്നവര്‍ രാജ്യദ്രോഹികളും അടിമകള്‍ രാജ്യസ്‌നേഹികളുമാവുന്ന ഒരു കാലം മറികടക്കാന്‍ ഞാന്‍ ശ്രമിക്കണം. എന്നെപ്പോലെ സാധാരണ പൗരനും അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങളും ദലിതരും സ്ത്രീകളും ആഗ്രഹിക്കുന്നവരാവും. ഇവരെല്ലാം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇരകളാണ്. മനുഷ്യരല്ലേ, അതുകൊണ്ട് ഞാന്‍ ഒരു വാക്ക് എഴുതുമ്പോള്‍ അത് പ്രതിരോധമാവുന്നു. സ്വാതന്ത്ര്യത്തിന്റെ രൂപകമാകുന്നു. ഇച്ഛയുടെ ചിറകടിയാവുന്നു.
എന്തൊക്കെ നടന്നു ഈ വൈറസ് കാലത്ത് നമ്മുടെ സമൂഹത്തില്‍? ഈ രോഗാവസ്ഥയാണല്ലൊ പൗരത്വസമരം നിശബ്ദമാക്കിയത്. ആ സമരത്തില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ സ്ത്രീകളേയും മറ്റും അറസ്റ്റ് ചെയ്തതായി നാം വാര്‍ത്തകളിലൂടെ അറിഞ്ഞു. ആരും പ്രതികരിച്ചതായി കണ്ടില്ല. രാജ്യത്ത് വളര്‍ന്നുവരുന്ന ജനാധിപത്യപരമായ സമരങ്ങളെ ഇല്ലാതാക്കല്‍ ഈ ഫാസിസ്റ്റ് തന്ത്രമാണ്. കേരളത്തില്‍ ഇതു വേറൊരു രീതിയില്‍ സംഭവിക്കുന്നു. അതാകണം ഇവിടെ വര്‍ഗീയത ഒരു രാഷ്ട്രീയ ഭാവമായി മാറിയത് എന്ന് ഞാന്‍ കരുതുന്നു.


ഇങ്ങനെ ചിലതൊക്കെ ആലോചിച്ചുപോയി എന്നേയുള്ളൂ. ശരിയോ തെറ്റോ ആകാം. പക്ഷേ, എന്നെ അലട്ടുന്ന മുഖ്യമായ പ്രശ്‌നം യാഥാര്‍ഥ്യത്തിന്റേതാണ്. നാം യാഥാര്‍ഥ്യത്തില്‍ നിന്നു അകന്നുപോകുന്നു. അല്ലെങ്കില്‍ ചില ശക്തികള്‍ നേര്‍ യാഥാര്‍ഥ്യത്തെ ഇല്ലാതാക്കുന്നു. നാം കേള്‍ക്കുന്നതെല്ലാം യാഥാര്‍ഥ്യമല്ല. ഒളിച്ചുവയ്ക്കലിന്റെ ന്യായീകരണങ്ങളാണ്. ഹത്രാസ് പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തടയാന്‍ എന്തെല്ലാം ന്യായീകരണങ്ങള്‍ ഭരണകൂടം മുന്നോട്ടുവച്ചു. അത് ദലിത് പീഡനം തന്നെ. അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍പോലും വേട്ടയാടപ്പെട്ടു. ആ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ നേതാക്കളുടെ വഴി തടയപ്പെട്ട, ഈ രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഒരിന്ത്യന്‍ പൗരനില്ലേ?


നമ്മുടെ നീതിബോധവും അവകാശബോധവും അപ്പാടെ കീഴ്‌മേല്‍മറിഞ്ഞിരിക്കുന്നു. രോഗത്തെ പ്രതിരോധിക്കേണ്ടതുതന്നെ, എന്നാല്‍ ഈ രോഗാവസ്ഥയെ, അതിന്റെ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി നിലവിലുള്ള നിയമവ്യവസ്ഥയും ജനകീയാവകാശങ്ങളും അട്ടിമറിക്കപ്പെടുമ്പോള്‍, ജനങ്ങളെ ഇരകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. അങ്ങനെ അധികാരവര്‍ഗം വേട്ടക്കാരനായി മാറുന്നു. ഈ മാറ്റം നമ്മുടെ എല്ലാവിധ പ്രത്യാശകളേയും നിഷ്പ്രഭമാക്കുകയല്ലേ. രോഗം ഒരു രാഷ്ട്രീയപ്രയോഗമാവുന്നതും അതിന്റെ മറവില്‍ ജനങ്ങള്‍ ഇരയാക്കപ്പെടുന്നതും എന്നെ വ്യാകുലനാക്കുന്നു. ജനാധിപത്യം ഇരകളുടെ വ്യവസ്ഥയല്ല. ഈ നിശ്ചാലാവസ്ഥയില്‍ നിന്നാണ് കര്‍ഷകസമരങ്ങളും പ്രതിഷേധ കൂട്ടായ്മകയും രൂപപ്പെടുക എന്ന് വ്യക്തമാവുന്നു.


കൊറോണ വ്യവസ്ഥയെ ആകെ മാറ്റിമറിച്ചിരിക്കുന്നു. നിലനില്‍ക്കുന്ന ലോകത്തിനുള്ളില്‍ മറ്റൊരു ലോകം സൃഷ്ടിച്ചിരിക്കുന്നു. അസ്വാതന്ത്ര്യവും ഭയവും നീതിയുമില്ലാത്ത ആ വ്യവസ്ഥ രൂപപ്പെടുത്തിയിരിക്കുന്നു. ഈ വ്യവസ്ഥയെ മറികടക്കാന്‍ നമുക്കാവുമോ എന്നതാണ് പുതിയ ചോദ്യം! പുതിയ മനുഷ്യനുവേണ്ടിയുള്ള ഒരന്വേഷണമാകുന്നു അത്. നമ്മുടെ സാഹചര്യത്തില്‍ അത് ചില ചോദ്യങ്ങള്‍ കൂടി ഉന്നയിക്കുന്നു. ആരാണ് പുതിയ മനുഷ്യന്‍? ആരാണ് പൗരന്‍? ഈ പ്രശ്‌നം ഇടക്കിടെ ആലോചനയില്‍ കൊണ്ടുവരുന്ന എനിക്ക് എന്നെ സ്വയം നിര്‍വചിക്കാന്‍ തോന്നുന്നു. ആരാണ് ഞാന്‍? പക്ഷേ, ഈ കാലം, രോഗാവസ്ഥ, ഫാസിസം എന്നെ അതിന് അനുവദിക്കാതിരിക്കുന്നു. അല്ലെങ്കില്‍ ഞാന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ലോകം പരാജയപ്പെടുന്നവരുടേത് കൂടിയാണെന്ന് പറഞ്ഞ ചിന്തകനെ ഓര്‍ത്തുകൊണ്ട് ഞാന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago