രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് സമരവുമായി ആരാധകര്‍ തെരുവില്‍
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവില്‍ സമരം ചെയ്യുന്നു. രജനീകാന്ത് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ വള്ളുവര്‍ കോട്ടത്താണ് ആരാധകരുടെ സമരം. രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനുള്ള താരത്തിന്റെ തീരുമാനത്തിനെതിരെയാണ് ആരാധകര്‍ പ്രതിഷേധിക്കുന്നത്.ആയിരക്കണക്കിന് പേരാണ് സമരത്തിന്റെ ഭാഗമാകുന്നത്.
പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ തെരുവിലുണ്ട്. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഒപ്പമുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവര്‍ കോട്ടം.
പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചാരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാന്‍സ് അസോസിയേഷന് അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തി. വള്ളൂര്‍ കോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നല്‍കിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത.
അതേസമയം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതല്‍ ബൂത്ത് തല പ്രവര്‍ത്തനം സജീവമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അനാരോഗ്യം മൂലം തീരുമാനത്തില്‍ നിന്ന് രജനി പിന്നോട്ടു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."