അമല്റോയിയുടെ ചികിത്സയ്ക്കായി നാലു ബസുകളുടെ സാന്ത്വനയാത്ര ഇന്ന്
ചെറുപുഴ: രക്താര്‍ബുദത്തെ തുടര്‍ന്ന് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതാം തരം വിദ്യാര്‍ഥിയുടെ ജീവിതം തിരികെ പിടിക്കാന്‍ യുവജന സംഘടനക്കൊപ്പം ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ നാലു സ്വകാര്യ ബസുകള്‍ കൈകോര്‍ക്കുന്നു. പെരിങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ അമല്റോയിയുടെ ചികിത്സക്കാണ് ബസുകള്‍ സര്‍വിസ് നടത്തുന്നത്. ചെറുപുഴ പയ്യന്നൂര്‍ റൂട്ടിലോടുന്ന ന്യൂലൈഫ്, ആവണി, ജാനവി, മൈക്രോണ്‍ ബസുകളാണ് ഇന്നത്തെ സര്‍വിസ് ചികിത്സാ ഫണ്ട് സ്വരൂപിക്കാനായി മാറ്റിവെക്കുന്നത്. പെരിങ്ങോം ടീം റെഡ്സ്റ്റാര്‍ പ്രവര്‍ത്തകരാണ് യാത്ര ഏകോപിപ്പിക്കുക.
രാവിലെ 9.30ന് പയ്യന്നൂരില്‍ സി കൃഷ്ണന് എം.എല്‍.എയും 8.20ന് പെരിങ്ങോത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലനും എട്ടിനു പാടിയോട്ടുചാലില്‍ പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി നളിനിയും ഒന്പതിനു ചെറുപുഴയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തും ഫ്ളാഗ് ഓഫ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."