മാതാപിതാക്കളെ അരുംകൊല ചെയ്തത് വിവരിച്ച് സനൽ ; രക്തത്തിൽ കുളിച്ചുകിടന്ന മാതാവിനരികിലിരുന്ന് ആപ്പിൾ കഴിച്ചു!
ജംഷീർ പള്ളിക്കുളം
പാലക്കാട്
വയോധികരായ മാതാപിതാക്കളെ അരുംകൊല ചെയ്തത് വിവരിച്ച് മകൻ സനൽ. ഇന്നലെ രാവിലെ റെയിൽവേ കോളനിക്ക് സമീപത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അരുംകൊല യാതൊരു കൂസലുമില്ലാതെ പൊലിസിനോട് സനൽ വിവരിച്ചത്.
കൊലപാതകം നടത്തിയ രീതിയും അതിനു ശേഷം രക്ഷപ്പെട്ടതുമെല്ലാം പ്രതി വിവരിച്ചു. അമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. സ്വീകരണ മുറിയിൽ സോഫയിലിരിക്കുകയായിരുന്ന അമ്മ വെള്ളം ആവശ്യപ്പെട്ടപ്പോൾ കയർത്തു സംസാരിച്ചു. പിന്നാലെ അടുക്കള ഭാഗത്തേക്കു പോയി കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടി. ഇവരുടെ ശരീരത്തില്‍ 33 വെട്ടുകളുണ്ടായിരുന്നു.
ഇതിനു ശേഷമാണ് കിടപ്പിലായിരുന്ന അച്ഛനെ വെട്ടിക്കൊന്നത്. ഭാര്യ ദേവിയുടെ ശബ്ദം കേട്ട് ചന്ദ്രൻ കാര്യം തിരക്കിയപ്പോൾ കിടപ്പുമുറിയിലെത്തിയ പ്രതി അച്ഛനെയും വെട്ടുകയായിരുന്നു. ചന്ദ്രൻ്റെ ശരീരത്തില്‍ 26 വെട്ടുകളേറ്റിട്ടുണ്ട്.
മുറിവുകളിലും വായിലും പ്രതി കീടനാശിനി ഒഴിച്ചു. അമ്മയുടെ ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി കുത്തിവയ്ക്കാനും ശ്രമിച്ചു. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആസ്വദിച്ച് ആപ്പിള്‍ കഴിച്ചുവെന്നും സനൽ പറഞ്ഞു. കൊലപാതകത്തിന് ശേഷം അച്ഛൻ കിടന്നിരുന്ന മുറിയിലെ കുളിമുറിയിൽനിന്നു കുളിച്ച് വൃത്തിയായ ശേഷമാണ് വീട്ടിൽനിന്നു രക്ഷപ്പെട്ടത്.
തിങ്കളാഴ്ചയാണ് ചന്ദ്രനെയും ഭാര്യ ദേവിയെയും വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നത്.
തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെല്ലാം പ്രതി പൊലിസിന് കാണിച്ചു നൽകി. സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രം വിറകുപുരയിൽനിന്നും കണ്ടെടുത്തു.
കീടനാശിനി കുപ്പി വീട്ടിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു. അതും പ്രതി തന്നെ പൊലിസിന് കണ്ടെടുത്തു നൽകി. ഇത് സനൽ നേരത്തെ മൈസൂരുവിൽനിന്ന് കൊണ്ടുവന്നതായിരുന്നു.
എന്നാൽ, കൊലപാതകത്തിനുള്ള കാരണം ഇപ്പോഴും വ്യക്തതയില്ലെന്നാണ് പൊലിസ് സംഘം പറയുന്നത്. അമ്മ കയർത്തുസംസാരിച്ചതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രതിയുടെ മൊഴി. മാത്രമല്ല, വീട്ടിലുള്ള എല്ലാവർക്കും തന്നെ സംശയമാണെന്നും പ്രതി പറഞ്ഞിരുന്നു. എന്നാൽ, കൊലയ്ക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്നാണ് പൊലിസിൻ്റെ സംശയം.
ഇയാൾ മാരകമായ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."