കഥകളിലൂടെ വായനക്കാരിലേക്ക് സഞ്ചരിക്കുന്ന രാഷ്ട്രീയം
രാഷ്ട്രീയാന്തരീക്ഷങ്ങളെ ഫിക്ഷനുമായി സംയോജിപ്പിക്കുമ്പോള്‍ അത്തരം വായനകള്‍ കുറച്ചുകൂടി ആസ്വദിക്കാനാവുന്നുണ്ട്. ഫിക്ഷനിലൂടെ വായനക്കാരനിലേക്കു സംക്രമിപ്പിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോള്‍ പെട്ടെന്ന് ഓര്‍മവരുന്നത്, ഡെമോക്രസിയെക്കുറിച്ചും ഫെമിനസത്തെക്കുറിച്ചും എഴുത്തുകാര്‍ ഗ്ലോബല്‍സിറ്റിസണ്‍ ആയിരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ശക്തമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന പുതിയ തലമുറയിലെ ടര്‍ക്കിഷ്- ബ്രിട്ടീഷ് എഴുത്തുകാരിയായ എലിഫ് ഷഫകിന്റെ എഴുത്തുകളെയാണ്. വ്യക്തിപരമായ കാര്യങ്ങള്‍കൂടി രാഷ്ട്രീയപ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാകുന്ന രാജ്യങ്ങളിലെ ജീവിതം എഴുത്തുകളില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഓര്‍ഹന്‍ പാമുകിന്റെയും കമില ഷംസിയുടെയും അരുന്ധതി റോയിയുടെയും നോവലുകള്‍ വെറും ഫിക്ഷനുകളായി മാത്രം വായിച്ചുമടക്കാന്‍ സാധിക്കാത്തത്, ശ്രദ്ധിക്കപ്പെടുന്ന ഇത്തരം ഇടപെടലുകള്‍ ഉള്ളതുകൊണ്ടുകൂടിയാണ്.
ഈയൊരു പ്രതീക്ഷയെ മുന്‍നിര്‍ത്തിയാണ് മാധുരി വിജയിയുടെ 'ദ ഫാര്‍ ഫീല്‍ഡ്' എന്ന പുസ്തകം വായനയ്‌ക്കെടുക്കുന്നത്. ബംഗളൂരുവില്‍ ജനിച്ച്, ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന എഴുത്തുകാരിയുടെ നോവലിലെ കശ്മീര്‍ ഏതു തരത്തിലുള്ളതായിരിക്കും എന്ന കൗതുകം അടക്കാനാവാത്തതായിരുന്നു.
ജമ്മു കശ്മീര്‍ എന്നു കേള്‍ക്കുമ്പോള്‍, നമ്മുടെ മനസിലേക്ക് എന്തുതരം കാഴ്ചകളാണ് കടന്നുവരിക? മനോഹരമായ തടാകങ്ങളും പൂക്കള്‍ നിറച്ച് തുഴഞ്ഞുനീങ്ങുന്ന വഞ്ചികളും തുടുത്ത ആപ്പിളുകളും മഞ്ഞണിഞ്ഞുനില്‍ക്കുന്ന മനോഹരമായ മലനിരകളും പ്രകൃതിയുമൊക്കെയാണോ? അതോ, വെടിയൊച്ചകളും ആഭ്യന്തരകലഹങ്ങളും തോക്കേന്തിയ പട്ടാളവും പുറംലോകവുമായി ബന്ധപ്പെടാനാകാത്ത ഒരു കൂട്ടം ജനങ്ങളും പൊടുന്നനെ കണ്‍മുന്‍പില്‍നിന്നു മറഞ്ഞുപോകുന്ന മനുഷ്യരും സംഘര്‍ഷങ്ങളുമാണോ?
ഒരു രാജ്യത്തിന്റെ ഇങ്ങേയറ്റത്തു സുരക്ഷിതസ്ഥാനങ്ങളിലിരുന്നുകൊണ്ട് അങ്ങേയറ്റത്തു നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നമ്മള്‍ എത്രകണ്ട് വേവലാതിപ്പെടാറുണ്ട്? ഇത്തരത്തിലുള്ള രണ്ടു തരം ജീവിതങ്ങള്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന തിരിച്ചറിവുകളും നിസഹായതയും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു നോവലാണ് ശാലിനി എന്ന മുപ്പതു വയസുകാരിയുടെ കുമ്പസാരമെന്നോ തുറന്നുപറച്ചിലെന്നോ ഒക്കെ പറയാവുന്ന, 2019ലെ ജെ.സി.ബി സാഹിത്യപുരസ്‌കാരം നേടിയ 'ഠവല എമൃ എശലഹറ' എന്ന നോവല്‍.
നോവലില്‍ കശ്മീര്‍ ഒരു പ്രധാനപ്പെട്ട വേഷമാണലങ്കരിക്കുന്നത്. ഇന്ത്യയില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചേക്കുമോ എന്നുപോലും സംശയിച്ചിരുന്നുവെന്നാണ് മാധുരി വിജയ് പറഞ്ഞത്. ഇവിടെ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥകളും പട്ടാളവുമായുള്ള ഏറ്റുമുട്ടലുകളില്‍ മരിച്ചുപോകുന്നവരുടെയും കാണാതാകുന്നവരുടെയുമെല്ലാം കഥ പറയാനാണ് നോവലിലൂടെ ശ്രമിക്കുന്നത്. അവര്‍ ഇപ്പോള്‍ അമേരിക്കയിലെ ഹവായിയിലാണ് താമസം.
നോവലിന്റെ ഇതിവൃത്തം
അമ്മയുടെ മരണംമൂലമുണ്ടായ ശൂന്യതയെയും ലക്ഷ്യബോധമില്ലായ്മയെയും തിരിച്ചറിയാന്‍ ശാലിനിക്ക് ഉടനെയൊന്നും കഴിയുന്നില്ല. ഏകദേശം മൂന്നു വര്‍ഷത്തോളം വീടും അച്ഛനും സുഹൃത്തുക്കളും പാര്‍ട്ടിയും ജോലിയുമാക്കെയായി തട്ടിത്തടഞ്ഞുപോയെങ്കിലും ഒന്നും ശരിയാകാത്ത അവസ്ഥ. കോളജില്‍നിന്നു പാസായതിനുശേഷം ആദ്യത്തെ നാലഞ്ചു മാസം സെറിബ്രല്‍പാള്‍സി വന്ന കുഞ്ഞുങ്ങളെ നോക്കുന്ന ഒരു സ്ഥാപനത്തില്‍ വോളണ്ടിയറായി സേവനമനുഷ്ഠിച്ചെങ്കിലും അതും നിന്നുപോകുന്നു. പിന്നീട്, ശാലിനിയുടെ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ പുതുതായി തുടങ്ങിയ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിക്കു കയറുന്നു. ജീവിതം വളരെ വിരസമായി ഇഴഞ്ഞുനീങ്ങുന്നത് അവള്‍ അറിയുന്നുണ്ട്.
പൊതുവേ പ്രകടമായ ഒരുത്സാഹക്കുറവുമൂലമായിരിക്കണം ജോലിയില്‍നിന്ന് കുറച്ചുനാള്‍ അവധിയില്‍ പ്രവേശിക്കാന്‍ ശാലിനിക്കു നിര്‍ദേശം കിട്ടിയത്. വീട്ടില്‍ ചടഞ്ഞുകൂടുന്നതിന്നിടയില്‍, മരം കൊണ്ടുണ്ടാക്കിയ ഒരു മൃഗത്തിന്റെ രൂപം അവ്യക്തമായെതെന്നോ അവിദഗ്ധമായതെന്നോ തോന്നിപ്പിക്കുന്ന വിധം കൊത്തിയുണ്ടാക്കിയ ഒരു കളിപ്പാട്ടം അമ്മയുടെ അലമാരയില്‍നിന്ന് യാദൃച്ഛികമായി കിട്ടുന്നു.
അവള്‍ക്ക് വര്‍ഷങ്ങള്‍ക്കുമുന്‍പ് അതു സമ്മാനിച്ച, ബഷീര്‍ അഹമ്മദ് എന്ന കശ്മീരില്‍നിന്നുള്ള തുണിക്കച്ചവടക്കാരനെ അവള്‍ പൊടുന്നനെ ഓര്‍ക്കുന്നു. അയാള്‍ തങ്ങളുടെ സ്വീകരണമുറിയിലിരുന്ന് അത്യധികം ഉന്മേഷത്തോടും നര്‍മത്തോടും പറഞ്ഞിരുന്ന കഥകളെക്കുറിച്ചുമോര്‍ക്കുന്നു. അസാധാരണമാംവിധം അമ്മ, അയാളോടു കാണിച്ചിരുന്ന പ്രതിപത്തിയെക്കുറിച്ചുള്ള ഓര്‍മകള്‍ അവളുടെ മനസിലേക്കു കടന്നുവരുന്നു.
ഒരു മാറ്റം ആവശ്യമാണെന്നും ഒരു നീണ്ട യാത്ര, അതും ബഷീറിന്റെ കശ്മീരിലെ ഗ്രാമത്തിലേക്കുതന്നെയാകട്ടെ എന്നും തീരുമാനിക്കുമ്പോള്‍, ശാലിനിയുടെ മനസില്‍ അമ്മയെയും അയാളെയും കുറിച്ചുള്ള ഒരുപാട് ഓര്‍മകള്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. ജോലിയുടെ ഭാഗമായി കശ്മീരിലേക്കു പോകുന്നു എന്നുമാത്രം അവള്‍ അച്ഛനോടു പറയുന്നു. ഏറ്റവും ഒടുവില്‍ ബഷീറഹമ്മദിനെ കണ്ടതിന്നും പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് കിഷ്ത്വാര്‍ എന്ന ഗ്രാമത്തിലേക്ക് അവള്‍ വരുന്നത്. അതായത്, അവളുടെ അമ്മ മരിച്ചതിനും മൂന്നു വര്‍ഷത്തിനുശേഷം.
അയാള്‍ പറഞ്ഞ കഥകളില്‍ എപ്പോഴോ, കിഷ്ത്വാര്‍ ഗ്രാമം അയാളുടെ ഭാര്യവീട്ടുകാരുടെ സ്ഥലമാണ് എന്നൊരു ധാരണമാത്രമാണ് ശാലിനിക്കുണ്ടായിരുന്നത്. മലനിരകളിലാണ് ഗ്രാമമെന്നും അയാള്‍ പറഞ്ഞിട്ടുണ്ട്. ബംഗളൂരുവില്‍, വീടുകള്‍തോറും വസ്ത്രങ്ങള്‍കൊണ്ടുനടന്ന് വില്‍ക്കുന്ന ജോലിയായിരുന്നു ബഷീറിന്. അയാള്‍ക്കൊരു മകനുണ്ടെന്നും അവന്‍ ഉണ്ടാക്കിയതാണ് എന്നും പറഞ്ഞാണ്, മരംകൊണ്ടുണ്ടാക്കിയ ആ കളിപ്പാട്ടം ശാലിനിക്ക് അയാള്‍ കൊടുക്കുന്നത്. കിഷ്ത്വാറിലെത്തിയ അവള്‍ അബ്ദുള്‍ലത്തീഫ് എന്നൊരാളുടെ വീട്ടിലെ ചെറിയ മുറിയില്‍ താമസമാരംഭിക്കുന്നു. ബഷീറിനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് അയാള്‍ സമ്മതിക്കുന്നു.
അബ്ദുല്‍ ലത്തീഫിന്റെ ഒരിക്കലും ചിരിക്കാത്ത ഭാര്യ ഒത്തിരി നിഗൂഢതകള്‍ സമ്മാനിക്കുന്നുണ്ടെങ്കിലും പലപ്പോഴും അവരെക്കാണുമ്പോള്‍ ശാലിനി അമ്മയെ ഓര്‍ത്തുപോകുന്നു. അവിടെത്താമസിക്കുന്ന ചുരുക്കം ചില ദിവസങ്ങള്‍കൊണ്ട് കശ്മീരിലെ രാഷ്ട്രീയാവസ്ഥകളിലേക്കു നയിക്കുന്ന ചില സൂചകങ്ങളും കാര്യങ്ങളും ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങുന്നു. തകര്‍ന്നുപോയ പള്ളി; സദാ റോന്തുചുറ്റുന്ന പട്ടാളക്കാര്‍; എട്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചുപോയ ലത്തീഫ്-സോയ ദമ്പതികളുടെ മകന്‍; കാണാതാകുന്ന പൗരന്മാരുടെ കണക്കുകള്‍; അവരെ അന്വേഷിക്കാന്‍ നിയമപരമായി നിലനില്‍ക്കുന്ന ചെറിയ സാധ്യതകള്‍ക്കുള്ളില്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകള്‍; ഇതെല്ലാം ഒന്നിനു പുറകെ ഒന്നായി ശാലിനിയുടെ മനസിന്റെ ആഴത്തിലേക്ക് കടന്നുചെല്ലുന്നു.
ശാലിനി വീണ്ടും ബഷീറഹമ്മദിനെക്കുറിച്ച് ഓര്‍ക്കുന്നു. നിരവധി തവണ അയാള്‍ ബംഗളൂരുവിലെ വീട്ടില്‍ വന്നിരുന്നു; ചെറിയ സമ്മാനങ്ങളും പുതിയ കഥകളുമായി. ആര്‍ക്കും പ്രീതിപ്പെടുത്താന്‍ കഴിയില്ലെന്ന് ശാലിനി കരുതിയിരുന്ന അവളുടെ അമ്മ, അയാളുടെ സംസാരത്തില്‍, വളരെ സന്തോഷവതിയായി കാണപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ, പതിനഞ്ചോളം തവണ അയാള്‍ വീട്ടില്‍ വന്നിട്ടുണ്ടാകുമെന്ന് അവള്‍ ഓര്‍ത്തെടുത്തു. 1995ല്‍ പത്തൊന്‍പതു ദിവസം ബഷീറഹമ്മദ്, ശാലിനിയുടെ വീട്ടില്‍ താമസിക്കാനിടയായി. ശാലിനിയുടെ അമ്മയും അയാളും തമ്മില്‍ അസാധാരണമായൊരു ബന്ധം ഉണ്ടാകുന്നുവെന്ന് ആ ദിവസങ്ങളില്‍ ശാലിനി ഭയപ്പെട്ടിരുന്നു. ഒരു അഭയസ്ഥലമെന്നോണം കശ്മീരില്‍നിന്ന് ഒരുനാള്‍ തിരിച്ചെത്തിയ ബഷീര്‍, ശാലിനിയുടെ വീട്ടില്‍ കഴിയുകയും പത്തൊന്‍പതു ദിവസങ്ങള്‍ക്കുശേഷം ശാലിനിമാത്രം ദൃക്‌സാക്ഷിയായി നോക്കിനില്‍ക്കേ, ഒരു പ്രഭാതത്തില്‍ വീടു വിടുകയും ചെയ്യുകയായിരുന്നു. അയാളോട് കടുത്തുപറഞ്ഞ ചില കാര്യങ്ങള്‍ ശാലിനിയെ വിഷമിപ്പിക്കുന്നുണ്ട്. അങ്ങനെയാണ് അയാളെ ഒരിക്കല്‍ക്കൂടി കാണണമെന്നു പൊടുന്നനെ തോന്നിയ ഒരാഗ്രഹത്തില്‍ കശ്മീരിലേക്ക് ട്രെയിന്‍ പിടിക്കുന്നതെന്ന് ശാലിനി അബ്ദുള്‍ലത്തീഫിന്റെ വീട്ടിലിരുന്ന് ഓര്‍ത്തെടുക്കുന്നു. പ്രതീക്ഷിച്ചിരിക്കാത്ത ഒരുപാട് വാര്‍ത്തകള്‍ ശാലിനിയെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
കശ്മീരിനെ പറയുന്ന കഥ
എന്തിനാണ് അവള്‍ ബഷീറഹമ്മദിനെത്തേടി ഇത്രയേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥലത്തേക്ക് ഒറ്റയ്ക്കു പുറപ്പെട്ടത്? അയാളെ കണ്ടെത്താന്‍ അവള്‍ക്കു സാധിക്കുമോ? എന്തിനാണ് അയാള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് അവളുടെ വീട്ടില്‍ താമസിക്കാന്‍ എത്തിയത്? കലുഷിതമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയിലെ ജീവിതം പുറംലോകം അറിയുന്നുണ്ടോ? കശ്മീരില്‍നിന്നു കാണാതാകുന്നു എന്നു പറയപ്പെടുന്ന പൗരമാര്‍ക്ക് എന്തു സംഭവിക്കുന്നു? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉടനീളം വായനക്കാരും ചോദിച്ചുകൊണ്ടേയിരിക്കും. അതിനുള്ള മറുപടികളുമായാണ് നോവല്‍ പുരോഗമിക്കുന്നത്.
രാജ്യത്തിന്റെ ഒരറ്റത്തു താമസിക്കുന്ന, വളരെ സുരക്ഷിതവും സാമ്പത്തികസ്ഥിരതയും അനുഭവിക്കുന്ന ഒരാളുടെ ജീവിതം, രാഷ്ട്രീയകാരണങ്ങള്‍കൊണ്ട് അത്തരം ഒരു ജീവിതം അവകാശപ്പെടാനില്ലാത്ത മറ്റൊരു കൂട്ടം ആളുകളുടെ പരിസരങ്ങളുമായി കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചറിവുകളെ വായനക്കാരിലേക്കു സംക്രമിപ്പിക്കാന്‍ നോവലിനു കഴിയുന്നുണ്ട്. റിയാലിറ്റിയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ കഥ, അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാതെതന്നെയാണ് അവസാനിപ്പിച്ചിരിക്കുന്നത്.
തന്റെ നോവല്‍ ഒരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് എന്ന രീതിയില്‍ വായിക്കപ്പെടുന്നതിന്നോട് എഴുത്തുകാരി ചില അഭിമുഖങ്ങളില്‍ വിയോജിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചും നോവലിലെ കശ്മീരിനെക്കുറിച്ചും ബന്ധപ്പെടുത്തി ഉന്നയിക്കുന്ന ചോദ്യങ്ങളില്‍, നോവല്‍ അതിനുമപ്പുറം ഒരമ്മയും മകളും തമ്മിലുള്ള ബന്ധവും കശ്മീരിയായ ബഷീറഹമ്മദ് എന്ന തുണിക്കച്ചവടക്കാരന്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും അങ്ങനെ നോവലില്‍ കശ്മീര്‍ ഒരു കഥാപാത്രമെന്നോണം വന്നുപോകുന്നതുമായിട്ടാണ് അവര്‍ പറയുന്നത്. കശ്മീര്‍ അവരുടെ നോവലില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു എന്ന് അവര്‍ പലപ്പോഴും സമ്മതിക്കുന്നുമുണ്ട്. നോവല്‍ വായിച്ചുതീരുമ്പോള്‍ മനസിലാകുന്നതും അതുതന്നെയാണ്. നോവലിസ്റ്റ് സമ്മതിച്ചാലും ഇല്ലെങ്കിലും കശ്മീര്‍തന്നെയാണ് പ്രധാനവിഷയമെന്നും അവിടേക്കു നയിക്കുന്ന കഥാപാത്രങ്ങളെ വിദഗ്ധമായി കഥയുടെ ഭൂമികയിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു എന്നും വ്യക്തമാണ്.
ഫിക്ഷന്റെ സാധ്യതകള്‍ ഉപയോഗിച്ച്, വളരെ സെന്‍സിറ്റീവായ ഒരു രാഷ്ട്രീയാന്തരീക്ഷത്തെ തുറന്നുകാണിക്കാനുള്ള ശ്രമങ്ങള്‍ കാണാം. ഒരു അധ്യാപികയായി കശ്മീരിലെ സ്‌കൂളില്‍ പഠിപ്പിച്ച അനുഭവങ്ങളാകാം അവരെ അതിലേക്കു നയിച്ചിരിക്കുക. അതോടൊപ്പം, ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി, കുടുംബബന്ധങ്ങളെക്കൂടി നോവലില്‍ സംയോജിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഒരു നോവലെഴുതാന്‍ പല കാരണങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കുന്ന എഴുത്തുകാരി, ഈ നോവലിന്റെ കഥാപാത്രങ്ങളെ, ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി ചോദിക്കുന്ന ചോദ്യങ്ങളോട്, ഫിക്ഷനെ എഴുത്തുകാരുടെ ജീവിതവുമായി ബന്ധപ്പെടുത്തിവായിക്കുന്ന വായനാപ്രവണത ശ്രദ്ധിച്ചിട്ടുണ്ടെന്നു സമ്മതിക്കുകമാത്രം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."