ശാന്തി നികേതന്‍ മഹാകവിയുടെ കര്‍മഭൂമിയില്‍
കൊല്‍ക്കത്തയില്‍ കണ്ടു തീരാത്ത കാഴ്ചകളുണ്ട്. എത്ര കണ്ടാലും തീരില്ലെന്ന് നഗരവാസികള്‍. മാസങ്ങള്‍ താമസിച്ചാലും ആ മഹാനഗരം കണ്ടു തീരില്ലെന്ന് അനുഭവസ്ഥര്‍ പറയുന്ന എത്ര നഗരം നമ്മുടെ രാജ്യത്തുണ്ട്. കൊല്‍ക്കത്തയിലെ ആദ്യ ദിനത്തില്‍ സയന്‍സ് സിറ്റിയും ലോഞ്ചു യാത്രയുമെല്ലാമായിരുന്നു സംഭവിച്ചത്. രാത്രി വൈകി അവസാനിച്ച ആ ദിനത്തില്‍ പിറ്റേന്ന് രാവിലെ ശാന്തിനികേതനിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നു. അഞ്ചു മണിക്ക് എഴുന്നേല്‍ക്കാന്‍ അലാറം സെറ്റ് ചെയ്തിരുന്നെങ്കിലും ഉണര്‍ന്നത് ആറരക്കായിരുന്നു.
ഏഴു മണിയുടെ ട്രെയിനിന് ശാന്തിനികേതനിലേക്ക് പോകണമെന്ന് നിശ്ചയിച്ചായിരുന്നു ആ മുന്നൊരുക്കം. ഉറക്കം ആ പദ്ധതി പൊളിച്ചു. ഹൗറ സ്റ്റേഷനില്‍നിന്ന് ശാന്തിനികേതനിലേക്ക് രണ്ടു മണിക്കൂറിലധികം യാത്രയുണ്ട്. ലോഡ്ജില്‍ നിന്നിറങ്ങി ഇടതുവശത്തേക്ക് നടന്നു. ഹൗറ സ്‌റ്റേഷനിലേക്കുള്ള എളുപ്പവഴിയായിരുന്നു ലക്ഷ്യം.
8.35ന് പുറപ്പെടുന്ന ഹൗറ-സിയൂരി (സുരി) എക്‌സ്പ്രസിനായി ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപത്ത് ഞാന്‍ കാത്തിരുന്നു. ബിര്‍ദൂം ജില്ലയുടെ ഭരണ സിരാകേന്ദ്രമാണ് സുരി. ഇനിയും ഒരു മണിക്കൂറോളം സമയമുണ്ട്. ചുറ്റും അതിവേഗം നടന്നുമറയുന്ന പുരുഷാരത്തെ വീക്ഷിച്ച് നേരംപോക്കി. അതിനിടെയായിരുന്നു ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ട്രെയിന്‍ വന്നുനിന്നത്. എനിക്ക് പോകേണ്ട വണ്ടിയായിരുന്നു അത്. ടിക്കറ്റ് കൗണ്ടറിലിരുന്ന ആള്‍ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെന്നായിരുന്നു പറഞ്ഞത്. ഒരു പക്ഷേ ഞാന്‍ ശരിക്കു കേട്ടിരിക്കില്ല. ട്രെയിന്‍ നീങ്ങിയ ശേഷമാണ് അബദ്ധം ബോധ്യപ്പെട്ടത്.
ടിപ്പര്‍ ലോറിയില്‍നിന്ന് മെറ്റലും പൂഴിയുമെല്ലാം നിര്‍മാണ സൈറ്റില്‍ ചൊരിയുന്നപോലെ പ്ലാറ്റ്‌ഫോമിലേക്ക് ജനങ്ങള്‍ ഇറങ്ങുന്നു. സെക്കന്റില്‍ ആയിരങ്ങളാണ് എത്തിച്ചേരുന്നതെങ്കിലും റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ടിക്കറ്റിന്റെ അംശംപോലും പാറിനടക്കുന്നത് കണ്ടില്ല.
ശക്തിയോടെ വെള്ളമൊഴിച്ചു കഴുകുന്ന രീതിയാണ് റെയില്‍വേ പിന്തുടരുന്നത്. പ്രത്യേകിച്ചും ട്രാക്കുകളില്‍ മിനുട്ടുകളുടെ വ്യത്യാസത്തില്‍ പെരുമഴ പെയ്യുന്നു. ഒരു മിഠായിക്കടലാസോ, ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളോ വീഴുമ്പോഴേക്കും ശുചീകരണത്തൊഴിലാളികള്‍ ധൃതിപ്പെട്ടെത്തുന്നു. കുട്ടികളില്‍നിന്നു പലഹാരം തട്ടിപ്പറിക്കുന്ന കാക്കയുടെ വിരുത് ഓര്‍മയിലേക്കെത്തി. തൂത്തുവാരുന്നവര്‍ നിലംതുടക്കുന്നവര്‍...
നമ്മുടെ ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ എന്നിലൂടെ സിഗ്നലില്ലാതെ കടന്നുപോയി. എങ്ങും അലങ്കോലമായി എറിഞ്ഞ കുടിവെള്ളക്കുപ്പികള്‍, ഭക്ഷ്യവസ്തുക്കള്‍, മലം... റെയില്‍വേ സ്റ്റേഷനും പരിസരവും കുറ്റമറ്റ രീതിയില്‍ ശുചിയാക്കി സൂക്ഷിക്കുന്ന കാര്യത്തില്‍ കൊല്‍ക്കത്തയില്‍നിന്ന് വൃത്തിയുടെ അപ്പോസ്തലന്മാരെന്ന് നടിക്കുന്ന നമുക്ക് ഏറെ പഠിക്കാനുണ്ട്. ഇവിടെ ഒരു മണിക്കൂറില്‍ എത്തുന്ന വണ്ടിയുടെ എണ്ണം ഷൊര്‍ണ്ണൂരിലൂടെ ഒരാഴ്ച ഓടുന്നതിലും കൂടുതലായിരിക്കും.
പ്ലാറ്റ്‌ഫോമുകളില്‍നിന്ന് അകന്നാണ് യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നതിനാല്‍ ട്രെയിനില്‍ കയറിയിറങ്ങുന്നവര്‍ക്ക് നടന്നുനീങ്ങാന്‍ യാതൊരു പ്രയാസവുമില്ല. വണ്ടി എത്തുമ്പോഴാണ് ആളുകള്‍ കൂട്ടമായി പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങുക. വണ്ടി നീങ്ങിയാല്‍ കഴുകിത്തുടച്ചപോലെ പ്ലാറ്റ്‌ഫോമുകള്‍ ശൂന്യം.
ഷെഡ്യൂള്‍ ടൈം 9.50 ആയിരുന്നെങ്കിലും ഹൗറ-ബോല്‍പ്പൂര്‍ (ശാന്തിനികേതന്‍) എക്‌സ്പ്രസ് പുറപ്പെട്ടപ്പോള്‍ 20 മിനുട്ട് വൈകി. രണ്ടേകാല്‍ മണിക്കൂറായിരുന്നു യാത്രാ ദൈര്‍ഘ്യം. 145 കിലോമീറ്റര്‍ യാത്രയില്‍ ബര്‍ദ്മാന്‍ ജങ്ഷന്‍, ഗുസ്‌കാര എന്നിവിടങ്ങളില്‍ മാത്രമായിരുന്നു വണ്ടി നിര്‍ത്തിയത്. പുറപ്പെട്ട് പത്തു മിനുട്ടിനകം ആ ട്രെയിന്‍ നയം വ്യക്തമാക്കി. വണ്ടി പറക്കുകയാണോയെന്ന സന്ദേഹം എന്നെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട വാതില്‍പ്പുറക്കാഴ്ചകളായിരുന്നു ആ റൂട്ടിലും. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങള്‍. മിക്കയിടത്തും ധൃതിപ്പെട്ട് നീങ്ങുന്ന കര്‍ഷകരെയും ബഹളംവെയ്ക്കുന്ന കൊയ്ത്തുയന്ത്രങ്ങളും ശ്രദ്ധയാകര്‍ഷിച്ചു.
ശാന്തിനികേതന്‍ യാത്ര ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു ഞങ്ങളുടെ ട്രാക്കിന് മുകളിലൂടെ ഇലട്രിക് ട്രെയിന്‍ ഇരമ്പിപ്പോയത്. തീവണ്ടികള്‍ കടന്നുപോകുന്ന മേല്‍പ്പാലങ്ങള്‍ മുന്‍പ് കണ്ടിരുന്നില്ല. കൗതുകത്തോടെ ആ വഴിയെ പിന്തുടന്നപ്പോഴാണ് മറ്റൊരെണ്ണം റെറ്റിനയില്‍ പതിഞ്ഞത്. ട്രെയിനുകളുടെ വേഗത്തിനിടയില്‍ ആ കാഴ്ച മിന്നായംപോലെ അവസാനിച്ചു.
ബോല്‍പ്പൂര്‍
റെയില്‍വേ സ്റ്റേഷന്‍
70 മിനുട്ട് നിര്‍ത്താതെ ഓടിയ ശേഷമായിരുന്നു ബര്‍ദ്മാന്‍ ജങ്ഷനില്‍ എത്തിയത്. ആ സ്‌റ്റേഷനിലേക്കെത്താന്‍ ട്രെയിന്‍ പിന്നിട്ടത് 95 കിലോമീറ്റര്‍. വീണ്ടും ചൂളംവിളി ഉയര്‍ന്നു. സ്റ്റേഷന്‍ പിന്നിലോട്ട് നീങ്ങി, കാഴ്ചയില്‍നിന്നു മറഞ്ഞു. ട്രെയിന്‍ വീണ്ടും പഴയ വീറും വാശിയും പുറത്തെടുത്തു.
വയലുകള്‍ ഒരുക്കുന്ന കാഴ്ച തുടരുന്നു. മേയുന്നപയ്ക്കള്‍. പാടത്തിന്റെ അതിരില്‍ ട്രാക്കിനോട് ചേര്‍ന്ന് പച്ചിലകള്‍ ചവച്ച് തുള്ളിച്ചാടി നടക്കുന്ന ആട്ടിന്‍കൂട്ടങ്ങള്‍. മിക്കവയും കറുത്തുകുറുകിയ ആടുകളായിരുന്നു. ഒരുപക്ഷേ ഈ മേഖലയുടെ പ്രത്യേകതയാവാം അത്തരം ആടുകള്‍. മുന്നോട്ടുള്ള പ്രയാണത്തില്‍ പലയിടങ്ങളിലും ഒറ്റയും തറ്റയുമായി അവ നില്‍ക്കുന്നതും ഇലകടിച്ചുനടക്കുന്നതും കണ്ടു.
ബോല്‍പ്പൂരിനോട് അടുക്കവേയാണ് ശാന്തിനികേതനിലെ പൂര്‍വ്വവിദ്യാര്‍ഥിയായ ചിത്രകാരന്‍ ആകാശ്ദ്വീപ് ബാനര്‍ജിയെ പരിചയപ്പെട്ടത്. അയാള്‍ കോഴ്‌സുമായി ബന്ധപ്പെട്ട എന്തോ ചില സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി എത്തിയതായിരുന്നു. ഡല്‍ഹിയിലാണ് ആകാശ്ദ്വീപും ഉദ്യോഗസ്ഥരായ മാതാപിതാക്കളും താമസിക്കുന്നത്. ഞാന്‍ ആ യുവാവിനെ ഇമയനക്കാതെ നോക്കി. ശാന്തിനികേതനില്‍ പഠിക്കാന്‍ അവസരം ലഭിച്ച ഒരാളെ അടുത്തുകാണുകയാണ്. മഹാഭാഗ്യവാന്‍ എന്ന് മനസ് ഉച്ചരിച്ചത് വ്യക്തമായി കേള്‍ക്കാനായി.
ബോല്‍പ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 2.9 കിലോമീറ്ററാണ് ശാന്തിനികേതനിലേക്കുള്ള ദൂരം. 1862ലാണ് ഈ പ്രദേശം ടാഗോര്‍ കുടുംബത്തിന്റെ അധീനതയിലായത്. 1862ല്‍ ദേവേന്ദ്രനാഥ് പൂര്‍വകാല സുഹൃത്തിനെ സന്ദര്‍ശിച്ചതോടെയാണ് സ്ഥാപനത്തിന് തുടക്കമാവുന്നത്. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോഴേക്കും റായിപ്പൂരിലെ ജന്മിയായി മാറിയിരുന്നു ആ സുഹൃത്ത്. ദേവേന്ദ്രനാഥ് ടാഗോര്‍ സുഹൃത്തിന്റെ മകനെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. ശാന്തിനികേതനിനെക്കുറിച്ചുള്ള തന്റെ സങ്കല്‍പം സുഹൃത്തുമായി പങ്കുവച്ചതോടെയാണ് ഇന്ന് കാണുന്ന വിശാലമായ പ്രദേശം ആ മനുഷ്യസ്‌നേഹി ദേവേന്ദ്രനാഥിന് വിട്ടുനല്‍കിയത്.
വിശപ്പിന്റെ വിളി പാരമ്യത്തിലെത്തി നില്‍ക്കുന്നു. കാന്റീനിലേക്കുള്ള വഴികൂടി പറഞ്ഞു തന്ന ശേഷമാണ് ആകാശ് യാത്രപറഞ്ഞത്. ബംഗാളികള്‍ക്ക് മത്സ്യം ബലഹീനതയാണെന്ന് നേരത്തെ വായിച്ചറിഞ്ഞതാണ്. എന്നാലും അവര്‍ ഇത്രമാത്രം മത്സ്യത്തിന് പ്രാധാന്യം നല്‍കുന്നവരാണെന്ന് കാന്റീനില്‍ നിരത്തിവച്ച ചോറും മീന്‍കറിയും കൃത്യമായി ബോധ്യപ്പെടുത്തി. വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനുമെന്ന രണ്ടു വിഭാഗം ഭക്ഷണമാണ് ക്യാന്റീനില്‍ വിളമ്പുന്നത്. നോണ്‍വെജിറ്റേറിയന്‍ എന്നാല്‍ മത്സ്യം ഉള്‍പ്പെട്ട വിഭവമാണ്. ബംഗാളികള്‍ക്ക് മത്സ്യമെന്നാല്‍ അത് പുഴയിലുള്ളവയാണ്. ഹില്‍സയും കട്ട്‌ലയും റോഹുവുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ബംഗാളി സാഹിത്യത്തില്‍ ഇതേക്കുറിച്ചുള്ള വിവരണം ലോഭമില്ലാതെ വായിക്കാവുന്നതാണ്.
വെജിറ്റേറിയന്‍ ഫുഡെന്നാല്‍ ചോറും ചീരക്കറിയും സോയാബീന്‍ ഉപയോഗിച്ച് ഉണ്ടാക്കിയ പ്രത്യേക കറിയും അടങ്ങിയതായിരുന്നു. രുചികരമെന്ന് പറയാനാവില്ലെങ്കിലും കത്തുന്ന വിശപ്പിന് അത് ആവശ്യമായിരുന്നു. സെല്‍ഫ് സര്‍വീസായതിനാല്‍ ഭക്ഷണ ശേഷം പാത്രം കഴുകിവയ്‌ക്കേണ്ടതുണ്ട്. നേരെ പ്രവേശന കവാടത്തിന് സമീപത്തേക്ക് നടന്നു. ടിക്കറ്റ് എടുത്തുവേണം അകത്ത് കടക്കാന്‍. ടിക്കറ്റ് കൗണ്ടറിന് സമീപം മണ്ണുകൊണ്ടുള്ള കപ്പില്‍ പേഡ വില്‍പ്പന നടത്തുന്നവരെ കണ്ടു. തങ്ങളുടെ ഗ്രാമത്തില്‍ സ്വന്തമായി ഉണ്ടാക്കുന്നതാണ് ആ പേഡയെന്ന് അവര്‍ പറഞ്ഞു.
സൈക്കിളിലാണ് കച്ചവടം. 30 രൂപക്ക് ഒരു കപ്പ് ഞാനും വാങ്ങി. നല്ല രുചി. അപ്പോഴേക്കും അനധികൃത വില്‍പ്പന നിരോധിച്ച ഇടമല്ലേ... എന്തിനാ വന്നതെന്ന ചോദ്യവുമായി സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ എത്തി വില്‍പ്പനക്കാരെ ആട്ടിയോടിച്ചു. അല്‍പ്പം താമസിച്ചായിരുന്നെങ്കില്‍ ആ നാടന്‍ പേഡയുടെ രുചി അറിയാനാവുമായിരുന്നില്ല.
ഗീതാഞ്ജലി പിറന്ന മണ്ണ്
ഔട്ട്ഹൗസിന്റെ മാതൃകയിലായിരുന്നു ആ ടിക്കറ്റ് കൗണ്ടര്‍. വിശ്വമഹാകവി ജീവിച്ചിരുന്ന കാലത്ത് അത് ആ ആവശ്യം നിര്‍വഹിച്ചിട്ടുണ്ടാവാനും മതി. കെട്ടിടത്തിന് പിന്‍വശത്തായി ശൗച്യാലയവും പ്രവര്‍ത്തിച്ചിരുന്നു. കമ്പിവേലി കെട്ടി വേര്‍തിരിച്ച ടാഗോര്‍ മ്യൂസിയവും വസതികളും സ്ഥിതിചെയ്യുന്നിടത്തേക്ക് ദേഹപരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. 40 രൂപയായിരുന്നു പ്രവേശന ഫീസ്. രബീന്ദ്ര ഭവന വിശ്വ-ഭാരതി ശാന്തിനികേതന്‍ എന്ന് ആലേഖനം ചെയ്തിരുന്ന ടിക്കറ്റില്‍ ഉത്തരായന്‍ കോംപ്ലക്‌സ് ആന്റ് ശാന്തിനികേതന്‍ ഗൃഹ പ്രവേശന ടിക്കറ്റെന്നും ചേര്‍ത്തിരുന്നു. ടാഗോറിന്റെയും ഭവനത്തിന്റെയും പടങ്ങളും ടിക്കറ്റിലുണ്ട്.
രവീന്ദ്രനാഥ് ടാഗോര്‍ ഗീതഞ്ജലി രചിച്ച വീടിന് പുറത്തെ സ്ഥലം പ്രത്യേകം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നത് കാന്റീനിലേക്ക് ഉച്ചഭക്ഷണത്തിനായി പോകുമ്പോള്‍ കണ്ടിരുന്നു. അതിനകത്തായി പണിത സ്തൂപം അത്ഭുതത്തോടെ എത്രനേരമായിരുന്നു നോക്കിനിന്നത്.
ജീവിതത്തിലെ വലിയൊരു സ്വപ്‌നത്തിന്റെ അരികിലാണ് എത്തിയിരിക്കുന്നത്. ബംഗാളില്‍ ജനിച്ച് ഔപചാരിക വിദ്യാഭ്യാസം നേടാതെ വിശ്വത്തോളം വളര്‍ന്ന മഹാകവിയുടെ കര്‍മ ഭൂമിയിലെത്തിയെന്ന് വിശ്വസിക്കാന്‍ ആ നിമിഷവും സാധിക്കുന്നില്ലെന്നതാണ് നേര്. ടാഗോറിന് ലഭിച്ച നൊബേല്‍ പ്രൈസ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും വിവിധ ദേശങ്ങളില്‍ നിന്നു സമ്മാനമായി കിട്ടിയ പേനകള്‍, സെറാമിക് പാത്രങ്ങള്‍ തുടങ്ങിയ അമൂല്യവസ്തുക്കളുമെല്ലാം കിടയറ്റ രീതിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ടാഗോര്‍ ധരിച്ച ഷൂസ് ആ മനുഷ്യന്റെ ഉയരവും തൂക്കവും ബോധ്യപ്പെടുത്തുന്നു. പത്മാനദിയില്‍ സഞ്ചരിക്കാനായി മഹാകവി ഉപയോഗിച്ച ബോട്ടിന്റെ മാതൃക, എഴുതിയിരുന്ന പേനകള്‍, തുകല്‍ചെരുപ്പുകള്‍, നൊബേല്‍ ലഭിച്ച ഗീതാഞ്ജലിയുടെ വിവിധ ഭാഷകളില്‍ വന്ന വിവര്‍ത്തനങ്ങള്‍, പുരസ്‌കാര വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍, ടാഗോറിന്റെ കരസ്പര്‍ശമേല്‍ക്കാന്‍ നിയോഗം ലഭിച്ച അച്ചുക്കൂടം, കാര്‍, എഴുത്തുമുറി, അതിഥികളെ സ്വീകരിച്ചിരുന്ന മുറി... എന്നിവക്കൊപ്പം രബീന്ദ്രനാഥ് മ്യൂസിയവും നേരില്‍ കാണാനായത് മഹാഭാഗ്യം.
മ്യൂസിയത്തിലും വസതികള്‍ക്ക് അകത്തും ഫോട്ടോഗ്രഫി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഒരു കണക്കിന് നന്നായി. പണവും സമയവും ചെലവഴിച്ച് എത്തുന്നവന്റെ മനസില്‍ സ്വകാര്യമായ അഹങ്കാരമായി ജീവിതം മുഴുവന്‍ കൊണ്ടുനടക്കാമല്ലോ. ജീവിതയാത്രയില്‍ ജീവിച്ചിരുന്നതിന് തെളിവായി അവസാന ശ്വാസംവരെ അവ സന്ദര്‍ശകനെ അനുഗമിക്കട്ടെ.
ആ കോമ്പൗണ്ടില്‍ മൂന്നു വീടുകളിലായാണ് ടാഗോര്‍ കഴിഞ്ഞിരുന്നത്. ടാഗോര്‍ ഉപയോഗിച്ചിരുന്ന കാര്‍ കാലങ്ങളായി അനക്കമറ്റ് കിടക്കുകയാണെന്ന് കണ്ടാല്‍ തോന്നില്ല. രാജ്യത്തിന്റെ യശസ്സ് വിശ്വത്തോളം ഉയര്‍ത്തിയ ആ കവി ഏത് നിമിഷവും മ്യൂസിയത്തില്‍ സൂക്ഷിച്ച വസ്ത്രങ്ങളും കൂറ്റന്‍ ഷൂസും അണിഞ്ഞ് നമുക്ക് മുന്‍പിലേക്ക് എത്തിയേക്കാമെന്ന ഒരുതരം വിഭ്രാന്തി ആ നിമിഷം എന്നെ കീഴടക്കി.
കണ്ണുകള്‍ ഒപ്പിയെടുത്ത ആ കാഴ്ചകളെയെല്ലാം അരുമയോടെ ഹൃദയത്തിന് നല്‍കി പ്രവിശാലമായ വസതികള്‍ സ്ഥിതിചെയ്യുന്ന കമ്പൗണ്ടിനോടും അവിടെ നിറഞ്ഞൊഴുകുന്ന ടാഗോര്‍ സ്മൃതികളോടും യാത്രപറഞ്ഞു. ടിക്കറ്റ് കൗണ്ടറിന് പുറത്തെ റോഡില്‍ ആളുകളുടെ തിരക്ക്. എതിര്‍ദിശയിലാണ് വിശ്വ-ഭാരതി സര്‍വകലാശാല.
ടിക്കറ്റ് പരിശോധിക്കാന്‍ ചുമതലപ്പെട്ട രാജസ്ഥാനിലെ കോട്ട സ്വദേശിയായ വി.പി ആചാര്യയായിരുന്നു മ്യൂസിയവും ടാഗോര്‍ ഭവനങ്ങളും കണ്ട് തിരിച്ചെത്തിയ ശേഷം സര്‍വകലാശാലയെക്കുറിച്ച് അറിവ് പകരാനായി ഗൈഡിന്റെ സേവനം ഏര്‍പ്പാടാക്കിയത്. അതിര്‍ത്തിരക്ഷാ സേനയിലെ 23 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ആചാര്യ ശാന്തിനികേതനില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ചേര്‍ന്നത്.
150 രൂപയായിരുന്നു ഗൈഡിന് നല്‍കേണ്ട പാരിതോഷികം. ശാന്തിനികേതനിലെ പൂര്‍വ വിദ്യാര്‍ഥിയായ അറുപത് വയസ് പ്രായമുള്ള ആളായിരുന്നു ഗൈഡ് പി. മുഖര്‍ജി.
ടാഗോറിന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ക്കുന്ന പദ്ധതികളാണ് സര്‍വകലാശാല ക്യാംപസില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ഇത് ഏത് വിധവും ടാഗോര്‍ജിയെ സ്‌നേഹിക്കുന്ന നമ്മള്‍ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും മുഖര്‍ജി ഞങ്ങളെ ഓര്‍മിപ്പിച്ചു. എനിക്ക് പുറമേ ഗോഹട്ടി സ്വദേശിയായ ഒരു യുവതിയും അവളുടെ സ്‌നേഹിതയും ഡല്‍ഹി സ്വദേശിയുമായ മറ്റൊരു യുവതിയും ഗൈഡിനെ അനുഗമിച്ചു.
പ്രായം ബാധിക്കാത്ത ചുറുചുറുക്കുള്ള മനുഷ്യനായിരുന്നു മുഖര്‍ജി. ഒരു മണിക്കൂറോളം ഞങ്ങളെയും കൂട്ടി അയാള്‍ വിവിധ കെട്ടിടങ്ങളിലൂടെ കടന്നുപോയി. സര്‍വകലാശാലയില്‍ വ്യാപകമായി കാണുന്ന നിത്യഹരിതമായ ബോകുല്‍ മരത്തെക്കുറിച്ചും മുഖര്‍ജി ഏറെ വാചാലനായി.
സമീപത്തെ ബോകുല്‍ മരത്തിന് കീഴില്‍ ഉറങ്ങുന്ന ആളിലേക്ക് ഞങ്ങളുടെ ശ്രദ്ധക്ഷണിച്ചു. ശാന്തിനികേതനിലെ പ്രകത്ഭനായ അധ്യാപകനാണെന്ന് വ്യക്തമാക്കിയപ്പോള്‍ ഞങ്ങളുടെ കണ്ണുകളില്‍ അത്ഭുതം പൂത്തിരിയായി. പ്രകൃതിയില്‍നിന്നു പഠിക്കുകയെന്നതായിരുന്നു ടാഗോര്‍ജിയുടെ ദര്‍ശനം. അതിന് വേണ്ടിയാണ് ഈ ക്യാംപസ് മുഴുവന്‍ വൃക്ഷങ്ങളാല്‍ നിറച്ചത്. നിലവിലെ ഭരണസമിതി ശാന്തിനികേതനെ കച്ചവടവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖര്‍ജി ആരോപിച്ചു. അതേക്കുറിച്ച് സംസാരിക്കവേ അദ്ദേഹത്തിന്റെ നെറ്റിയിലെ ഞരമ്പുകള്‍ വില്ലുപോലെ വളഞ്ഞു. ആത്മരോഷത്തിന്റെ വില്ലുകളായിരുന്നു വെളുത്തമുഖത്ത് തെളിഞ്ഞത്. പ്രശാന്തമായ ക്യാംപസില്‍ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി പൈതൃകം നശിപ്പിക്കുന്നത് ടാഗോര്‍ജിയോട് ചെയ്യുന്ന അനാദരവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ പ്രതീകങ്ങളാല്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തിനരികിലേക്ക് അദ്ദേഹം ഞങ്ങളെ നയിച്ചു. മനുഷ്യന്‍ ഏകോദരസഹോദരരാണെന്ന ടാഗോര്‍ജിയുടെ നിലപാടിന്റെ സ്മാരകമാണ് ആ കെട്ടിടമെന്നു വിശദീകരിക്കാനും മുഖര്‍ജി മറന്നില്ല.
ക്യാംപസില്‍ വിദ്യാര്‍ഥികള്‍ സൈക്കിള്‍ ചവിട്ടി നീങ്ങുന്നു. മഴമാറി പറമ്പില്‍ തുമ്പികള്‍ പാറുന്നതുപോലെ തോന്നിച്ചു ആ കാഴ്ച. ക്ലാസ് കഴിഞ്ഞ് പോകുന്ന ഒരു പെണ്‍കുട്ടിയെ മുഖര്‍ജി പേര് ചൊല്ലി വിളിച്ചു. കലയെക്കുറിച്ച് പഠിക്കാനായി ശാന്തിനികേതനില്‍ എത്തിയതായിരുന്നു ആ യുവതി. മുഖര്‍ജിയെ കണ്ടുമുട്ടിയത് ശാന്തിനികേതനും വിദ്യാഭ്യാസ കച്ചവടത്തില്‍നിന്ന് മുക്തമല്ലെന്ന് ബോധ്യപ്പെടാന്‍ ഇടയാക്കി. ഞങ്ങളോട് യാത്ര പറഞ്ഞ് അയാള്‍ ക്യാംപസിന്റെ വഴികളില്‍ ഒന്നില്‍ അപ്രത്യക്ഷനായി.
സമയം അഞ്ചാവാറായിരിക്കുന്നു. വെളിച്ചം മങ്ങാന്‍ തുടങ്ങുകയാണ്. ഇനിയും ഏറെ നേരം അവിടെ നിന്നാല്‍ ശാന്തിനികേതന്‍ ഇരുളില്‍ മറയുന്ന വേദനാജനകമായ കാഴ്ച കാണേണ്ടിവരും. രാവിന് കട്ടികൂടിയാല്‍ രാപ്പക്ഷികളും ചീവീടുകളുമെല്ലാം ഇവിടെയും കോറസ് അവതരിപ്പിച്ചേക്കാം. പക്ഷേ, ആ പാട്ടിന് എനിക്ക് ക്ഷണമില്ലെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."