മണവാട്ടിയെ കണ്ടപ്പോൾ മാതൃത്വം തുളുമ്പി, മകളെപ്പോലെ വാത്സല്യം കനിഞ്ഞിറങ്ങി, അന്വേഷണത്തിനൊടുവിൽ തിരിച്ചറിഞ്ഞത് 20 വർഷം മുമ്പ് നഷ്‌ടപ്പെട്ട മകളെ; സഊദിയിൽ നിന്നിതാ സിനിമയെ പോലും വെല്ലും കഥ
റിയാദ്: ബന്ധുവിന്റെ കല്യാണത്തിന് എത്തിയ സഊദി യുവതിക്ക് തിരിച്ചു കിട്ടിയത് ഇരുപത് വർഷം മുമ്പ് നഷ്ടപ്പെട്ട തന്റെ മകളെ. സഊദിയിലാണ് അപ്രതീക്ഷിതമായി സിനിമാ കഥയെ പോലും വെല്ലുന്ന തരത്തിൽ മാതൃത്വം തുളുമ്പിയ കഥ പുറത്തു വന്നത്. ഒടുവിൽ കോടതിയിലെത്തിയ കേസ് ആദ്യം നടത്തിയ ഡിഎൻഎ പരിശോധന ഫലം എതിരായപ്പോഴും മകൾ തന്നെയാണെന്ന ആ മാതാവിന്റെ മനസിനുള്ളിലെ തേങ്ങൽ വീണ്ടും കോടതി കയറുകയും ഒടുവിൽ മകളെ തിരിച്ചു കിട്ടുകയുമായിരുന്നു. മാതൃത്വ വികാരത്തിലൂടെ തിരിച്ചറിഞ്ഞ ഉമ്മ-മക്കൾ പൊക്കിൾകൊടി ബന്ധം ഏറെ ചർച്ചയായിരിക്കുകയാണ് സഊദിയിലിപ്പോൾ.
കേസ് നടപടികൾ പൂർത്തിയായപ്പോൾ യുവതിക്ക് വേണ്ടി ഹാജരായ സഊദി അഭിഭാഷകൻ അലി അൽഅഖ്‌ലായാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന അവിശ്വനീയ സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പടുത്തിയത്. മറ്റൊരു ഗൾഫ് പൗരനുമായി വിവാഹം നടത്തിയ യുവതി ഗർഭിണിയാകുകയും പ്രസവ സമയമടുത്തതോടെ ഭർത്താവിന് സ്വന്തം രാജ്യത്തിലേക്ക് പോകേണ്ടി വന്നതിനാൽ അയൽവാസിയായ സ്‌ത്രീയെ യുവതിയുടെ കാര്യങ്ങൾ നോക്കാനായി ഏൽപ്പിച്ചതോടെയാണ് കഥ ആരംഭിക്കുന്നത്. ഭർത്താവിന്റ ആവശ്യപ്രകാരം പിന്നീട് യുവതി ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നതും കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നതും ഈ സ്‌ത്രീ ആയിരുന്നു. ഇതിനിടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയും രണ്ടു ദിവസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു. രോഗം ബാധിച്ചതിനാൽ ചികിത്സ പൂർത്തിയാക്കുന്നതിന് കുഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റിൽ തുടർന്നു.
പിന്നീട് കുഞ്ഞിന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിന് സ്‌ത്രീയാണ് ആശുപത്രിയിൽ പോയിരുന്നത്. പക്ഷെ, ചികിത്സയിലിരിക്കെ മകൾ മരണപ്പെട്ടതായും ആശുപത്രിയധികൃതർ തന്നെ മയ്യിത്ത് മറവു ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും രണ്ടു ദിവസത്തിനു ശേഷം സ്‌ത്രീ യുവതിയെ അറിയിച്ചു.
ഇതിനിടെ സ്വന്തം നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുഞ്ഞിന്റെ പിതാവിനെയും ഇക്കാര്യങ്ങളെല്ലാം ഇവർ അറിയിച്ചു. പിന്നീട് ഭാര്യയെയും കൂട്ടി ഗൾഫ് പൗരൻ സ്വന്തം രാജ്യത്തേക്ക് മടങ്ങി. ഇവിടെ വെച്ച് ദമ്പതികൾക്ക് ഏതാനും ആൺമക്കളും പെൺമക്കളും പിറന്നു. ഇരുപതു വർഷത്തിനു ശേഷം റിയാദിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ യുവതിക്ക് ക്ഷണം ലഭിച്ചതോടെയാണ് സംഭവങ്ങളുടെ ട്വിസ്റ്റ് ആരംഭിക്കുന്നത്. കല്യാണപ്പെണ്ണിനെ കണ്ടപ്പോൾ തൻ്റെ മനസ്സിൽ പ്രത്യേക തരം മാനസിക അടുപ്പം ആ കുട്ടിയോട് തോന്നിയ സഊദി വനിത പെൺകുട്ടിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. പെൺകുട്ടിയോടുള്ള പ്രത്യേക അടുപ്പം ഭർത്താവുമായും പങ്കു വെക്കുകയും ചെയ്‌തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ 20 വർഷങ്ങൾക്ക് മുമ്പ് ഒരു അഭയ കേന്ദ്രത്തിൽ നിന്ന് ഒരു സ്ത്രീ ഏറ്റെടുത്ത് വളർത്തിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു.
ഈ വൃദ്ധയെ കുറിച്ച അന്വേഷണം ഗർഭിണിയായിരിക്കെ തന്നെ പരിചരിച്ച പഴയ അയൽവാസിയിലേക്ക് എത്തിയതോടെ സംശയം ബലപ്പെട്ടു. വൃദ്ധയെ തേടിപ്പിടിച്ച് പഴയ കാര്യങ്ങളെല്ലാം വിശദീകരിക്കുകയും പെൺകുട്ടിയോട് പറഞ്ഞറിയിക്കാൻ കഴിയാത്ത ശക്തമായ ഒരു വികാരം തനിക്കുള്ളതായും യുവതി വെളിപ്പെടുത്തി. എന്നാൽ യുവതിയുടെ വാദങ്ങൾ വൃദ്ധ നിഷേധിച്ചു. ബന്ധുക്കൾ മരണപ്പെട്ടതിനെ തുടർന്ന് അഭയകേന്ദ്രത്തിൽ നിന്ന് പെൺകുട്ടിയെ താൻ ഏറ്റെടുത്ത് വളർത്തുകയായിരുന്നെന്നും വൃദ്ധ വാദിച്ചു. ഇതോടെ സംഭവം കോടതി കയറി. പെൺകുട്ടി തന്റെ മകളാണെന്ന ശക്തമായ വികാരം തനിക്ക് അനുഭവപ്പെടുന്നത് മാത്രമാണ് തന്റെ പക്കലുള്ള തെളിവെന്ന് മാത്രമായിരുന്നു കോടതിയിൽ യുവതിയുടെ മറുപടി നൽകി. ഡി എൻ എ ടെസ്റ്റ് നടത്തിയപ്പോഴും കുട്ടിയുടെയും സഊദി വനിതയുടെയും ഡി എൻ എ ഒത്ത് വരികയും ചെയ്തില്ല. എന്നാൽ പെൺകുട്ടിയോടുള്ള മാനസിക ബന്ധം ആ മാതാവിനെ പിന്തിരിപ്പിച്ചില്ല. സാമ്പിൾ സ്വീകരിക്കുന്നതിലോ സൂക്ഷിക്കുന്നതിലോ മനുഷ്യ ഇടപെടലുകളിലോ സംഭവിക്കുന്ന ചെറിയ പിഴവുകൾ മൂലം ഡി.എൻ.എ ഫലം തെറ്റാകാൻ സാധ്യതയുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി യുവതി കേസിൽ പുനർവിചാരണ ആവശ്യപ്പെട്ടു.
മക്കളും മാതാപിതാക്കളും തമ്മിലെ രൂപസാദൃശ്യങ്ങളും മറ്റും പരിശോധിച്ച് കുടുംബബന്ധം സ്ഥിരീകരിക്കുന്ന വിദഗ്ധരുടെ സഹായം തേടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും വിദഗ്ധർ പെൺകുട്ടി സഊദി വനിതയുടെ കുടുംബത്തിൽ പെട്ടതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് വൃദ്ധ താൻ ചെയ്ത തെറ്റ് സമ്മതിക്കുകയും ഒരു കുട്ടിയെ വളർത്താനുള്ള ആഗ്രഹം കൊണ്ടായിരുന്നു 20 വർഷം മുമ്പ് കള്ളം പറഞ്ഞ് കുട്ടിയെ തട്ടിയെടുത്തതെന്നും സമ്മതിച്ചു. പെൺകുട്ടിയെ താൻ നല്ല നിലയിൽ വളർത്തിയതായും വിശുദ്ധ ഖുർആൻ മന:പാഠം ഉള്ളവളാക്കിയതായും നല്ല ഒരു വരനെ കണ്ടെത്തി വിവാഹം ചെയ്ത് കൊടുത്തതായും വൃദ്ധ കുറ്റ സമ്മതത്തിൽ പറഞ്ഞു. ഇതോടെ മാതൃത്വം സ്ഥിരീകരിച്ച കോടതി വിധി മാത്രം മതിയെന്ന് പറഞ്ഞ് യുവതി വൃദ്ധക്ക് മാപ്പ് നൽകുകയും കേസ് പിൻവലിക്കുകയുമായിരുന്നെന്ന് അലി അൽഅഖ്‌ലാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."