വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കുന്നവരോട്
പോയ വര്‍ഷത്തിന്റെ അവസാന നാളുകള്‍ ലോകം പല നന്മകളും ശ്രദ്ധിച്ചു. പറയത്തക്ക കാരണങ്ങളില്ലാതെ സാമ്രാജ്യദല്ലാളന്മാര്‍ ബോധപൂര്‍വം അകറ്റിനിര്‍ത്തി ആയുധമണിയിപ്പിച്ച സഊദിയും ഗള്‍ഫ് രാജ്യങ്ങളും ഖത്തറും തമ്മില്‍ നിലനിന്നിരുന്ന ഉപരോധം പിന്‍വലിച്ചു, അതിര്‍ത്തികള്‍ തുറന്നു ശ്വാസംവിട്ട ശുഭവാര്‍ത്ത സമാധാന പ്രേമികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. 1948 മുതല്‍ അക്രമത്തിന്റെ ഭാഷ മാത്രം സംസാരിച്ചുവന്നിരുന്ന ഇസ്‌റാഈല്‍ അല്‍പം മയപ്പെടുത്തി അയല്‍പക്കങ്ങളുമായി നയതന്ത്ര ബന്ധം പ്രഖ്യാപിച്ചതും ചെറിയ കാര്യമല്ല. അതിപുരാതന മനുഷ്യ സംസ്‌കൃതിയുടെ ഈറ്റില്ലമായ ബാബിലോണിയ ഒരിക്കല്‍ കൂടി ഉണര്‍ന്നെഴുന്നേറ്റു. ജെറൂസലമിലെ പാറക്കുന്നുകളും താഴ്‌വാരകളില്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് അക്ഷയഖനിയായി നിലകൊള്ളുന്ന ചാവുകടല്‍ പ്രദേശങ്ങളും തീ തുപ്പുന്ന തോക്കിന്‍ കുഴലുകള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമായി. ആട്ടിയിറക്കപ്പെട്ടവന്റെ മിശിഹാ എന്നപോലെ ഫലസ്തീനികളുടെ അബൂ അമ്മാര്‍ എന്ന യാസര്‍ അറഫാത്ത് അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ അധിനിവേശ ശക്തികള്‍ക്കെതിരേ നടത്തിയ സന്ധിയില്ലാ പോരാട്ടങ്ങള്‍ അല്‍പമെങ്കിലും ഫലം കണ്ടുതുടങ്ങി. ഒന്നര പതിറ്റാണ്ടിലധികമായി വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്ന ഫലസ്തീനികള്‍ പലതായി സംഘടിച്ചു പരസ്പരം പോരടിച്ചുവന്നിരുന്ന അപമാനകരമായ അവസ്ഥ അവസാനിപ്പിച്ചു യോജിപ്പിന്റെ വട്ട മേശയിലേക്ക് എത്താന്‍ വഴി തുറക്കുന്നതും വലിയ കാര്യം തന്നെയാണ്.
അപരഭയം വളര്‍ത്തി വര്‍ഗീയ വ്യവസായം നടത്തിവരുന്ന സിയോണിസ്റ്റുകളും ഫാസിസ്റ്റുകളും ഇപ്പോഴും ആയുധം മടക്കിവച്ചിട്ടില്ല. വരാണസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീശങ്കരാചാര്യ പരിഷത്ത് അധ്യക്ഷന്‍ സ്വാമി ആനന്ദ സ്വരൂപിണി ഈയിടെ നടത്തിയ വര്‍ഗീയ പ്രഭാഷണം സമാധാന ഭംഗം ഉണ്ടാക്കുന്നവര്‍ വിശ്രമത്തിലല്ല എന്ന പാഠം നല്‍കുന്നു. സ്വാമിയുടെ പ്രസംഗത്തിലെ ഏതാനും വരികള്‍ ശ്രദ്ധിക്കുക; മുസ്‌ലിംകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കണം. ഖുര്‍ആന്‍ വായിക്കുന്നവര്‍ മനുഷ്യരല്ല. ഖുര്‍ആനും നിസ്‌കാരവും അവര്‍ ഉപേക്ഷിക്കണം. വാളും തോക്കും ഏതാണോ ഉള്ളത് അത് ഉപയോഗിച്ച് ഹിന്ദു ചെറുപ്പക്കാര്‍ പോരാട്ടത്തിന് ഇറങ്ങണം'. മതസ്പര്‍ധ വളര്‍ത്തുന്നു എന്ന കുറ്റം ചുമത്തി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇത്തരം വര്‍ഗീയ ഭ്രാന്തന്മാരായ സ്വാമിമാരെ സൃഷ്ടിച്ചുവിടുന്ന സംഘടനകള്‍ ആര്‍.എസ്എസ് തണലില്‍ വിലക്കുകളില്ലാതെ പ്രവര്‍ത്തിച്ചുവരുന്നു. മസില്‍ പവര്‍ ഉപയോഗിച്ചു ആര്‍.എസ്.എസ് ഗുണ്ടകള്‍ തല്ലിത്തകര്‍ത്ത ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഭാരതത്തിലെ പ്രഥമ പൗരന്‍ രാഷ്ട്രപതി അഞ്ചു ലക്ഷത്തിലധികം രൂപ സംഭാവന ചെയ്തതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ ഒരു വിഭാഗം ന്യൂനപക്ഷത്തിനെതിരേ വര്‍ഗീയത ആളിക്കത്തുന്ന സന്ദേശങ്ങള്‍ പരസ്യമായും രഹസ്യമായും വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ഇത്രയധികം വര്‍ഗീയ പ്രഘോഷങ്ങളും പ്രചാരണങ്ങളും വ്യാപകമായിട്ടും പൊലിസ് കേന്ദ്രങ്ങള്‍ക്ക് മാത്രം ഒന്നും കേള്‍ക്കാന്‍ കഴിയുന്നില്ല. ദേശീയ പൗരത്വ നിയമത്തിനെതിരേ രാജ്യസ്‌നേഹികളും മതസൗഹാര്‍ദ മോഹികളും നടത്തിയ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരേ 519 കേസുകളാണ് കേരള പൊലിസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തിന്റെ പൊതുചലനം ഇസ്‌ലാമിക ഭയം വളര്‍ത്തുന്നതിന് ഫാസിസ്റ്റുകള്‍ കാലാകാലമായി ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളും അതേ പാത സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ചു വര്‍ഗീയ, വംശീയ വ്യാപാരവും വ്യവസായവും നടത്തിവരുന്ന നയവും അജന്‍ഡയും അവസാനിപ്പിക്കണം.
1871-1881 കാലയളവില്‍ മലബാറിലെ മുസ്‌ലിം ജനസംഖ്യയിലുണ്ടായ വര്‍ധനവ് സംബന്ധിച്ച് പ്രസിഡന്‍സി കനേഷുമാരി(1881) റിപ്പോര്‍ട്ട് ഖണ്ഡിക 151 ഇങ്ങനെ കാണുന്നു; അധഃസ്ഥിതരും അപമാനകരമായ അവശതയും ഏറ്റവും പ്രകടമായി അനുഭവിക്കുന്ന ഒരു വിഭാഗമാണ് ചെറുമര്‍. 1871 ല്‍ അവരുടെ ജനസംഖ്യ 69009 ആയിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 1881ലെ കണക്കില്‍ 64715 ആയി ചുരുങ്ങി. ഇസ്‌ലാം മതത്തിലേക്ക് കൂട്ട പരിവര്‍ത്തനം ഇതിന് കാരണമായി. ഒരു ചെറുമന്‍ അല്ലെങ്കില്‍ കീഴ് ജാതിക്കാരന്‍ ഇസ്‌ലാം സ്വീകരിക്കുന്നതോടുകൂടി ഇസ്‌ലാമിന്റെ മഹത്വം ആ വ്യക്തിയെ ഒരൊറ്റ ചാട്ടത്തിന് സമൂഹത്തിന്റെ ഉന്നത പദവികളിലേക്ക് എത്തിക്കുന്നു. കീഴ്ജാതിയില്‍ ജനിച്ചതുകൊണ്ട് അന്നോളം അനുഭവിച്ച സാമൂഹ്യമായ അവശതകളും അവമതികളും മതം മാറുന്നതോടെ അയാള്‍ക്ക് പിന്തള്ളാന്‍ സാധിക്കുന്നു (മലബാര്‍ മാന്വല്‍. വില്യം ലോഗന്‍. പേജ് 211). മനുഷ്യത്വം ആഗ്രഹിച്ചവര്‍ ഇസ്‌ലാമിനെ ഭയക്കുകയല്ല ആശ്രയിക്കുകയാണ് ചെയ്തത്. ബ്രാഹ്മണിക്കല്‍ സോഷ്യല്‍ എന്‍ജിനീയറിങ്ങില്‍ പെട്ടുപോയ മേലാള മേല്‍ക്കോയ്മ വാദികള്‍ ഇരകളെ വീണ്ടും ലക്ഷ്യംവയ്ക്കുമ്പോള്‍ വേട്ടക്കാര്‍ക്ക് പരവതാനി വിരിക്കുകയാണവര്‍.
ലോകസമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സംഘടനയായി ഫാസിസം വളര്‍ന്നു. രണ്ടു തവണ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ആര്‍.എസ്.എസ് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന പ്രധാന താക്കോല്‍ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നു. വര്‍ണവെറിയുടെ രാഷ്ട്രീയം വിജയിപ്പിക്കാന്‍ ശതകോടികള്‍ വാരിവിതറിയ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അമേരിക്കക്കാര്‍ തള്ളി. അത്രയൊന്നും വിശുദ്ധ ആത്മാക്കള്‍ അല്ലെങ്കിലും ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി വൈറ്റ് ഹൗസില്‍ എത്തി. അന്താരാഷ്ട്ര തലത്തില്‍ ഈ ഭരണമാറ്റം പറയത്തക്ക ചലനങ്ങള്‍ സൃഷ്ടിച്ചില്ല. ചൈനയുമായി തുടങ്ങിവച്ച വ്യാപാരയുദ്ധം ഒരുപക്ഷേ ലഘൂകരിക്കപ്പെട്ടു എന്ന് വരാം. എന്നാല്‍ അമേരിക്ക കാലങ്ങളായി പിന്തുടര്‍ന്ന സാമ്പത്തിക മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ വിഭജനവും യുദ്ധവും ആയുധ വ്യാപാരവും അവസാനിക്കും എന്ന് പറയാന്‍ കഴിയില്ല. ലോകത്ത് പ്രകടമായി പൊതുവേ കാണുന്ന സമാധാന ചര്‍ച്ചകള്‍ കൊവിഡ് 19 ന് ശേഷമുള്ള അതിജീവനത്തിന് അനിവാര്യമാണ്. ലോക തൊഴില്‍ വിപണി ശക്തിപ്പെടാനും ഉല്‍പ്പാദനവും വിപണനവും വളരാനും സമാധാനവും സഹവര്‍ത്തിത്വവും അനിവാര്യമാണ്. ഇന്ത്യയുടെ ഭാവിയും നിര്‍ണയിക്കുന്നത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുമ്പോള്‍ മാത്രമാണ്. നരേന്ദ്ര മോദിയും അമിത് ഷായും മോഹന്‍ഭാഗവതും പകയുടെ പ്രത്യയശാസ്ത്രം താഴെവയ്ക്കാതെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കുന്ന മഹത്തായ ഭാരതം സൃഷ്ടിക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."