'മതപരമായ വിഷയങ്ങളില്‍ പണ്ഡിത നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നത് അംഗീകരിച്ചു'; എസ്.വൈ.എസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പി.കെ ഫിറോസും ടി.പി അഷ്‌റഫലിയും
കോഴിക്കോട്: മതപരമായ വിഷയങ്ങളില്‍ പണ്ഡിത നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നത് അംഗീകരിച്ചതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലിയും. സുന്നി യുവജന സംഘം സംസ്ഥാന നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയ ശേഷം ഫെയ്‌സ്ബുക്കിലൂടെ ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
എസ്.വൈ.എസ് നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, പി.കെ ഫിറോസ്, ടി.പി അഷ്‌റഫലി, ഷൗക്കത്തലി കരുവാരകുണ്ട് എന്നിവര്‍ പങ്കെടുത്തു.
പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സുന്നി യുവജന സംഘം സംസ്ഥാന നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പരസ്പരം ഉള്ളു തുറന്നു സംസാരിച്ചു. യുവ പണ്ഡിത നേതൃത്വം നടത്തിയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടു. മതപരമായ വിഷയങ്ങളില്‍ പണ്ഡിത നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നത് അംഗീകരിച്ചു.
പരസ്പരം പഴി ചാരി നില്‍ക്കേണ്ട സമയമല്ലിത്. മോദി ഇന്ത്യയില്‍ പൗരത്വം പോലും മതത്തിന്റെ പേരില്‍ നിര്‍ണ്ണയിക്കപ്പെടുന്ന കാലമാണ്. ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയല്ല ഭരണഘടന തന്നെ മാറ്റി എഴുതപ്പെടുന്ന ഇന്ത്യയായി നമ്മുടെ രാജ്യം മാറിയിരിക്കുന്നു. മുന്‍ഗാമികളുടെ പാത പിന്‍ പറ്റി ഒരുമിച്ച് മുന്നോട്ടു പോകേണ്ട ഏറ്റവും അനിവാര്യമായ സമയമാണിത്. സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും യോജിപ്പിന്റെ ഇടങ്ങളും കൂടുതല്‍ ഉണ്ടാവേണ്ടതുണ്ട്. അതിനായി ഒറ്റക്കെട്ടായി നില്‍ക്കാനാണ് നമ്മള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ടത്.
ടി.പി അഷ്‌റഫലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇന്ത്യാ രാജ്യത്ത് വലിയ രീതിയില്‍ ഉന്മൂലനാശത്തിനുള്ള ഭരണകൂട ഗൂഡാലോചനക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ് മുസ്ലിം ന്യൂനപക്ഷം. മോഡി ഭരണകൂടം നടപ്പാക്കുന്ന നിയമങ്ങള്‍ പൂര്‍ണമായും ഈ വിധത്തിലാണ്. പൗരത്വ ഭേദഗതി നിയമം വഴി ഇന്ത്യാ രാജ്യത്ത് നിന്ന് മുസ്ലിങ്ങളെ അപരവത്കരിക്കാനുള്ള നിയമം വരെ നടപ്പാക്കുന്നു.
വിവാഹ പ്രായ നിയമം 21 വയസ്സാക്കുന്നതിന് വേണ്ടിയുള്ള നിയമം അണിയറയില്‍ ഒരുങ്ങുന്നു. ഭരണകൂടങ്ങള്‍ നിര്‍മിക്കുന്ന ഇത്തരം നിയമങ്ങള്‍ വിവിധ ജാതി, മത, സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ നിലനിര്‍ത്തുന്ന രീതിയില്‍ ആയിരിക്കണം നിയമങ്ങള്‍. അല്ലാതെ വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നതിന് നാം ഒറ്റകെട്ടായി നീങ്ങണം. അങ്ങിനെ നീങ്ങേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. പണ്ഡിതരും രാഷ്ട്രീയ നേതൃത്വവും ഒന്നിച്ചാണ് ഇത്തരം പ്രതിസന്ധിയുള്ള കഴിഞ്ഞ കാലത്ത് ഒന്നിച്ചു നിന്നത്. അത് തുടരണം.
നേരത്തെ വിവാഹ പ്രായം സംബന്ധമായി വിവാദം ഉയര്‍ന്നപ്പോള്‍ എന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത് തെറ്റിദ്ധാരണക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതുള്‍പ്പടെയുള്ള ചില വിഷങ്ങളിലെ ധാരണപിശകുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തി മുന്നോട്ട് പോകാന്‍ ധാരണയായി. വിവാഹ പ്രായവും, ശരീഅത്തും സംബന്ധിച്ച എന്റെ നിലപാട് ഇസ്ലാമിക പണ്ഡിത നേതൃത്വത്തിന്റെതാണ്. ഭാവിയില്‍ ഇത്തരം വിഷയങ്ങളില്‍ പരസ്പര ധാരണയില്‍ മുന്നോട്ട് പോകാനും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."